സൗദി അറേബ്യ

മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകണം: ദമ്മാം ഒഐസിസി

ദമ്മാം: കോവിഡ് മൂലം മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് അടിയന്തിരമായി സാമ്പത്തിക സഹായം നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഏറ്റവും കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും ഓരോ കുടുംബത്തിനും സർക്കാർ നൽകണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല കുടുംബങ്ങളുടെയും അത്താണികളാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. ആയതിനാൽ, സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം മരണമടഞ്ഞവരുടെ ആശ്രിതരിലൊരാൾക്ക് അർഹതയ്ക്കനുസരിച്ചുള്ള സർക്കാർ ജോലി നൽകുവാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് ദമ്മാം ഒ ഐ സി സി ആവശ്യപ്പെട്ടു.

യഥാസമയം ചികിത്സ കിട്ടാതെയും, നാട്ടിലേക്ക് മടങ്ങാൻ എംബസ്സിയുടെ അനുമതി ലഭിക്കാതെയും കോവിഡിന് കീഴങ്ങുന്ന പ്രവാസികളുടെ എണ്ണം ഗൾഫ് മേഖലയിൽ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരണപ്പെടുന്ന ഉറ്റവരുടെ മൃതശരീരം പോലും അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെയും, മുന്നോട്ടുള്ള ജീവിതം എങ്ങനെയാണെന്നുമറിയാതെയും പകച്ച് നിൽക്കുന്ന കുടുബങ്ങൾക്ക് സാമ്പത്തികമായും മാനസികമായും പിന്തുണ നൽകേണ്ടത് സർക്കാരിന്റെ കടമയാണെന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വ്യക്തമാക്കി.

നാട്ടിലേക്ക് മടങ്ങിപ്പോകുവാൻ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് പ്രവാസികളൊന്നാകെ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുമ്പോൾ, പരസ്പരം പഴിചാരിയും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തിയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളെ വിഡ്ഢികളാക്കുകയാണ്. ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുവാൻ മുന്നോട്ട് വരുന്നവർക്ക് അനുമതി നൽകണമെങ്കിൽ എംബസ്സി പറയുന്ന ടിക്കറ്റ് നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളുവെന്ന മുഖ്യമന്ത്രിയുടെ നിലാപാട് ദുരുദ്ദേശത്തോടെയുള്ളതാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ഒറ്റനോട്ടത്തിൽ പ്രവാസികളോടുള്ള കരുതലാണെന്ന് തോന്നാമെങ്കിലും, സത്യത്തിൽ ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ തയ്യാറായവരെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് വ്യക്തമാണ്. പ്രവാസികളുടെ മടങ്ങി വരവ് എത്രത്തോളം വൈകിപ്പിക്കാമോ അത്രത്തോളം വൈകിപ്പിക്കുകയെന്നതാണ് മുഖ്യമന്ത്രിയുടെ തന്ത്രം. ഇത് പ്രവാസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ, സമാന മനസ്‌കരുമായി സഹകരിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രത്യക്ഷ സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ആലോചിക്കുമെന്ന് പ്രസിഡണ്ട് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ.സലിമും വ്യക്തമാക്കി.

 

MNM Recommends


Most Read