സൗദി അറേബ്യ

'മിക്‌സ്' അക്കാദമി സംഘടിപ്പിച്ച സിവിൽ സർവീസ് അവബോധ ക്ലാസ് വളരുന്ന തലമുറയ്ക്ക് സേവന അവബോധം പകർന്നു

ജിദ്ദ: ഇന്ത്യൻ സിവിൽ സർവീസ് മേഖലകളിൽ താല്പര്യമുള്ളവരും സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് മിക്‌സ് (MICS) അക്കാദമിയുടെ നേതൃത്വത്തിൽ ഓൺലൈൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സിവിൽ സർവീസ് മേഖലയിലെ വിവിധ സാധ്യതകളും പ്രവേശനത്തിനുള്ള മാർഗങ്ങളും വിഷയങ്ങളും സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ 'മിക്‌സ്' അക്കാദമി ചെയർമാൻ അബ്ദുൽ ഗനി മലപ്പുറം വിവരിച്ചു. സിവിൽ സർവീസ് പരിശീലനത്തെക്കുറിച്ചും പരീക്ഷാസംബന്ധമായതും ബിരുദ തലത്തിലുള്ള പഠനത്തിന് ശേഷം തെരഞ്ഞെടുക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചും അദ്ദേഹം ക്ലാസെടുത്തു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കുള്ള മറുപടിയും അദ്ദേഹം നൽകി.

ആത്മവിശ്വാസത്തോടൊപ്പം ദൃഢനിശ്ചയത്തോടെയും സ്വപ്നത്തേക്കാളുപരി ലക്ഷ്യത്തിനു വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നു തുടർന്ന് ആശംസാ പ്രസംഗം നടത്തിയ ആക്‌സസ് ആൻഡ് സൗദി കോർഡിനേറ്ററും പ്രിൻസ് സത്താം ബിൻ അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിലെ ലക്ചററുമായ ഇസ്മായിൽ പാണാവള്ളി വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.

മിക്‌സ് അക്കാദമിയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും മോഡറേറ്ററായ മുഹമ്മദ് മുഖ്താർ വിശദീകരിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നും സ്വദേശത്തുനിന്നുമായി നിരവധി വിദ്യാർത്ഥികൾ വെബിനാറിൽ സംബന്ധിച്ചു.

മിക്‌സ് അക്കാദമി എക്‌സിക്യൂട്ടീവ് മെംബർ റജാ മുഹമ്മദ് സ്വാഗതം പറഞ്ഞു. മുഹമ്മദ് ഫൈസൽ കാട്ടാക്കട നന്ദി പ്രകാശിപ്പിച്ചു. പ്രോഗ്രാം കൺവീനർ ഷാജഹാൻ കരുവാരക്കുണ്ട്, ഫൈസൽ മമ്പാട്, റഫീഖ് പഴമള്ളൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

MNM Recommends


Most Read