രാഷ്ട്രീയം

എസ്എൻഡിപി ആർഎസ്എസിന്റെയോ ബിജെപിയുടെയോ ഭാഗമാവില്ല; സംഘ പരിവാറിന്റെ ഭാഗമാവാനെങ്കിൽ മൂന്നാം മുന്നണി ഉണ്ടാക്കേണ്ട ആവശ്യമില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ബിജെപിയുമായുള്ള ബാന്ധവത്തെ തള്ളിപ്പറഞ്ഞ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സംഘ പരിവാറിന്റെ ഭാഗമാവാനെങ്കിൽ മൂന്നാം മുന്നണി ഉണ്ടാക്കേണ്ട ആവശ്യമില്ല. ബിജെപിയുടെ ഇഷ്ടാനിഷ്ടം നോക്കിയല്ല എസ്എൻഡിപി പ്രവർത്തിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുമായും ശത്രുതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭൂരിപക്ഷ സമുദായ ഐക്യത്തിനെതിരായ വാർത്തകളാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ വരുന്നത്. എസ്എൻഡിപി സംഘ പരിവാറിലും ആർഎസ്എസിലും ചേർന്നെന്നാണ് പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയക്കാരെല്ലാം വിറളി പിടിച്ചിരിക്കുന്നു. എന്നാൽ ഈ മുന്നേറ്റം തകർക്കാൻ കഴിയില്ല. ചെല്ലുന്നവർക്കെല്ലാം അംഗത്വം കൊടുക്കുന്ന സംഘടനയല്ല സംഘപരിവാറെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപി അടക്കം ഒരു പാർട്ടിയുമായും എസ്എൻഡിപിക്ക് ബന്ധമില്ല. എസ്എൻഡിപി ഒറ്റയ്ക്ക് രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല. കെ.എം. മാണി ഉൾപ്പടെയുള്ളവരെ മുന്നണിയിൽ പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ എല്ലാ ശ്രദ്ധയും സമത്വ മുന്നേറ്റ യാത്രയിലാണ്. ബിജെപിയുമായി ബന്ധമുണ്ടെങ്കിൽ മൂന്നാം മുന്നണിയുടെ ആവശ്യമില്ല. ബിജെപിയുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയല്ല എസ്എൻഡിപി പ്രവർത്തിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തനിക്കു നേരെ ഉന്നയിച്ച ആരോപണങ്ങളെ പുച്ഛിച്ചു തള്ളുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വി എസ് അഴിമതി ആരോപണം ഉന്നയിക്കുന്നത്. തന്നെ എതിർക്കുന്നതിന് വേണ്ടിയെങ്കിലും വി.എസും പിണറായിയും ഒന്നിച്ചതിൽ സന്തോഷമുണ്ട്. എസ്.എൻ.ഡി.പിയുടെ സമത്വ മുന്നേറ്റ യാത്ര കണ്ട് രാഷ്ട്രീയ പാർട്ടികൾ വിറളി പിടിച്ചിരിക്കുകയാണ്. സേവ് കേരള, ചേഞ്ച് കേരള എന്നതായിരിക്കും യാത്രയുടെ മുദ്രാവാക്യമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

അതേസമയം വെള്ളാപ്പള്ളി പുച്ഛിച്ചു തള്ളുകയോ എന്തുമാകട്ടെ. ഞാനതിൽ പറഞ്ഞ കാര്യങ്ങൾക്ക് ഉത്തരം പറയാതെ വിടില്ലെന്ന് വി എസ് വെള്ളാപ്പള്ളി നടേശന്റെ മറുപടിയോട് പ്രതികരിച്ചു.

MNM Recommends


Most Read