രാഷ്ട്രീയം

ഹരിപ്പാട് ചെന്നിത്തലയ്ക്ക് എതിരെ മത്സരിപ്പിക്കാമെന്ന് കാനത്തിന്റെ ഓഫർ; സോഷ്യലിസ്റ്റിലെ ക്ലീൻ ഇമേജിനെ ലക്ഷ്യമിട്ട് മന്ത്രി സജി ചെറിയാനും കരുനീക്കത്തിൽ; ഷെയ്ഖ് പി ഹാരീസ് സിപിഎമ്മിൽ ചേരുമോ? എൽജെഡി നേതാവ് എത്തുമെന്ന പ്രതീക്ഷയിൽ സിപിഐയും; ശ്രേയംസിനെ തള്ളി പറഞ്ഞ നേതാവ് പുതിയ പാർട്ടിയുണ്ടാക്കില്ല

തിരുവനന്തപുരം: എൽജെഡിയിൽ നിന്നും രാജിവച്ച ഷെയ്ഖ് പി ഹാരീസ് ഇടതുപക്ഷത്ത് തന്നെ ഉറച്ചു നിൽക്കും. സിപിഎമ്മിലോ സിപിഐയിലോ ഷെയ്ഖ് പി ഹാരീസ് ചേരുമെന്നാണ് സൂചന. സോഷ്യലിസ്റ്റ് നേതാവായ ഷെയ്ഖിനെ എടുക്കാൻ സിപിഐ പൂർണ്ണ താൽപ്പര്യത്തിലാണ്. എന്നാൽ മറ്റ് പാർട്ടിയിൽ നിന്ന് നേതാക്കൾ സിപിഐയിലേക്ക് ഒഴുകുന്നത് തടയാൻ സിപിഎമ്മും ഷെയ്ഖ് പി ഹാരീസിന് വേണ്ടി രംഗത്തുണ്ട്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും ഷെയ്ഖിന് പൂർണ്ണമായും അനുകൂലമാണ്.

എൽജെഡി നേതൃത്വവുമായുള്ള ഭിന്നതയെ തുർന്നാണ് ഷെയ്ഖ് പി ഹാരീസ് രാജിവച്ചത്. നേരത്തെ പാർട്ടിയെ പിളർത്താനും ആലോചിച്ചിരുന്നു. പിന്നീട് അത് വേണ്ടെന്ന് വച്ച് സ്വന്തം നിലയിൽ ഷെയ്ഖ് പി ഹാരീസ് എൽജെഡി വിട്ടു. സിപിഐയുമായി ഷെയ്ഖ് പി ഹാരീസ് ചർച്ച നടത്തിയിരുന്നുവെന്നാണ് സൂചന. ആലപ്പുഴയിലെ ഹരിപ്പാട് സീറ്റിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാമെന്ന വാഗ്ദാനവും ചില കേന്ദ്രങ്ങൾ ഷെയ്ഖ് പി ഹാരീസിന് നൽകി. രമേശ് ചെന്നിത്തല സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തെ ഇടതുപക്ഷത്ത് എത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി കൂടിയായിരുന്നു ഈ നീക്കം. മുസ്ലിം വോട്ടുകളുടെ ഏകീകരണം ഹരിപ്പാട് ലക്ഷ്യമിട്ടായിരുന്നു ഇത്.

എന്നാൽ ഇത് സിപിഎമ്മും അറിഞ്ഞു. ഷെയ്ഖ് പി ഹാരീസിനെ സിപിഎമ്മിനൊപ്പം നിർത്താൻ പ്രമുഖ നേതാക്കളും രംഗത്തുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ ഷെയ്ഖ് പി ഹാരീസിനെ പിടിക്കാനാണ് നീക്കം. ജനതാദള്ളിൽ നിന്നപ്പോഴും പിന്നീട് എൽജെഡിയിൽ എത്തിയപ്പോഴും നിയമസഭയിലോ പാർലമെന്റിലോ എത്താൻ ഷെയ്ഖ് പി ഹാരീസിന് കഴിഞ്ഞിരുന്നില്ല. ഇതാണ് എൽജെഡിയുമായി തെറ്റാനുള്ള കാരണവും. എൽജെഡിയിൽ നിന്നാൽ മുമ്പോട്ടുള്ള രാഷ്ട്രീയ വളർച്ച ഉണ്ടാകില്ലെന്ന് ഷെയ്ഖ് പി ഹാരീസും മനസ്സിലാക്കി. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷത്തെ പ്രധാന കക്ഷികളിലൊന്നിലേക്ക് മാറാൻ ഷെയ്ഖ് പി ഹാരീസ് തീരുമാനിച്ചതും.

എൽജെഡിക്കെതിരെ കടന്നാക്രമണം നടത്താതെയാണ് ഷെയ്ഖ് പി ഹാരീസ് രാജിവച്ചത്. ഇടതുപക്ഷത്തെ പ്രമുഖ പാർട്ടിയിൽ എത്താൻ കൂടി വേണ്ടിയാണ് ഇത്. ഇടതു ഘടകകക്ഷിയായ എൽജെഡിയെ കടന്നാക്രമിച്ചാൽ അത് പല പ്രശ്നങ്ങളും ഭാവിയിൽ ഉണ്ടാകും. ഇതിന് വേണ്ടി കൂടിയാണ് വിവാദങ്ങൾ ഒഴിവാക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സിപിഐയിലേക്കാണോ സിപിഎമ്മിലേക്കാണോ താൻ പോകുകയെന്ന് ഷെയ്ഖ് പി ഹാരീസ് തീരുമാനിക്കും. പല സിപിഎം നേതാക്കളും പാർട്ടിയിൽ നിന്ന് അകന്ന് സിപിഐയിലേക്ക് പോകുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ കാഴ്ച. ഈ സാഹചര്യത്തിലാണ് ഷെയ്ഖ് പി ഹാരീസിനെ കൂടെ കൂട്ടാൻ സിപിഎം ശ്രമിക്കുന്നത്.

കണ്ണൂരിലെ ചില നേതാക്കൾ ഈയിടെ സിപിഎം വിട്ട് സിപിഐയിൽ ചേർന്നിരുന്നു. ദേവികുളം മുൻ എംഎൽഎയായ എസ് രാജേന്ദ്രനും സിപിഎമ്മുമായി പിണക്കത്തിലാണ്. സിപിഐയിലേക്ക് രേോജന്ദ്രൻ പോകുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാന നേതാക്കളിൽ ഒരാളായ ഷെയ്ഖ് പി ഹാരീസിനെ കൂടെ നിർത്താനാണ് സിപിഎം ആലോചന. അതിനിടെ എൽജെഡിയിൽ നിന്ന് സുരേന്ദ്രൻ പിള്ളയും സംഘവും പുറത്തേക്ക് പോകില്ലെന്നും സൂചനയുണ്ട്. ഇതും ഷെയ്ഖ് പി ഹാരീസ് പുതിയ പാർട്ടിയുണ്ടാക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.

കഴിഞ്ഞ മാസം എൽജെഡിയിൽ ഷേയ്ക്ക് പി ഹാരിസും വി.സുരേന്ദ്രൻപിള്ളയുടേയും നേതൃത്വത്തിൽ വിമത നീക്കങ്ങൾ നടന്നിരുന്നു. പിന്നാലെ ഇവർക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി അധ്യക്ഷൻ എം വിശ്രേയാംസ് കുമാറും തുടക്കമിട്ടു. എൽഡിഎഫ് ഘടകക്ഷിയായ എൽജെഡിയിൽ പിളർപ്പ് ഉറപ്പായ സാഹചര്യത്തിൽ സിപിഎം വിഷയത്തിൽ ഇടപെടുകയും സമവായചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുകൂട്ടരും കടുത്ത നിലപാടിൽ നിന്നും പിന്നോട്ട് പോയി. വിമതവിഭാഗത്തെ നയിച്ച ഷേയ്ക്ക് പി ഹാരിസ് നേരിട്ട് മുഖ്യമന്ത്രിയെ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു.

എൽജെഡിയിൽ ഭിന്നത തീരുന്നു എന്ന് വാർത്തകൾ പുറത്തു വന്നതിനെയാണ് തീർത്തും അപ്രതീക്ഷിതമായി ഷേയ്ക്ക് പി ഹാരിസ് അടക്കം മൂന്ന് സെക്രട്ടറിമാർ രാജിവച്ചത്. പാർട്ടയിലെ പ്രമുഖ നേതാക്കളായ കെ.പി. മോഹനൻ എംഎൽഎയും ദേശീയസെക്രട്ടറി വർഗ്ഗീസ് ജോർജ്ജും ആദ്യഘട്ടത്തിൽ ഷേയ്ക്ക് പി ഹാരിസ് അടക്കമുള്ള വിമതവിഭാഗത്തോട് അനുഭാവം കാണിച്ചെങ്കിലും പിന്നീട് ശ്രേയാംസ്‌കുമാർ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ ഒപ്പം നിൽക്കുകയാണ് ചെയ്തത്.

പാർട്ടിയിൽ ഏകാധിപത്യഭരണമാണ് നടക്കുന്നതെന്നാണ് വിമതവിഭാഗത്തിന്റെ പ്രധാന പരാതി. പാർട്ടിയുടെ ഏക എംഎൽഎയായ കെ.പി.മോഹനന് മന്ത്രിസ്ഥാനം ഉറപ്പാക്കാതെ ശ്രേയാംസ് കുമാർ രാജ്യസഭാ എംപി സ്ഥാനം നിലനിർത്താൻ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പുകളിൽ ശ്രേയാംസ് മാത്രം മത്സരിക്കുന്ന നിലയാണെന്നും നേതാക്കൾ ആരോപിക്കുന്നു. എൽജെഡിയെ ജെഡിഎസിൽ ലയിപ്പിക്കാനുള്ള നീക്കങ്ങൾ തകൃതിയാണെന്നും വിമതവിഭാഗം ആരോപിക്കുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read