രാഷ്ട്രീയം

ദേശാഭിമാനി മാത്രം വായിച്ചു വളർന്ന വ്യക്തിയിൽ നിന്നും ഇത്തരമൊരു പെരുമാറ്റം തുടരെ ഉണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ല; രാഷ്ട്രീയ എതിരാളികളെ ശാരീരികമായി വകവരുത്തുന്ന പാരമ്പര്യമുള്ള ഒരു പാർട്ടിയുടെ മുഖ്യമന്ത്രിയിൽ നിന്നും ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ; മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രിക്കുള്ള അസഹിഷ്ണുതയെ വിമർശിച്ച് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമധർമ്മം എന്നത് മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല എന്നും, സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രിയുടെ തനിസ്വഭാവം എത്ര ശ്രമിച്ചാലും മാറ്റാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിയോജിക്കുന്നവരോട് ദുർമുഖം കാട്ടുന്നത് യഥാർത്ഥ രാഷ്ട്രീയമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല മാധ്യമ ധർമ്മം. നിർഭയവും സ്വതന്ത്രവുമായി സത്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമയെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിക്ക് വിനയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ എന്തിനാണ് ഇത്ര ക്ഷുഭിതനാകുന്നത്. ഇത്രയും നാൾ മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ചു കൊണ്ടിരുന്ന കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചതിൽ എന്താണ് തെറ്റുള്ളത്. മാധ്യമങ്ങളോട് എന്നും മുഖ്യമന്ത്രിക്ക് പുച്ഛവും അവജ്ഞയുമാണ്. നിറംപിടിപ്പിച്ച നുണകൾ പ്രചരിപ്പിക്കുന്ന ദേശാഭിമാനി മാത്രം വായിച്ചു വളർന്ന വ്യക്തിയിൽ നിന്നും ഇത്തരമൊരു പെരുമാറ്റം തുടരെ ഉണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ ശാരീരികമായി വകവരുത്തുന്ന പാരമ്പര്യമുള്ള ഒരു പാർട്ടിയുടെ മുഖ്യമന്ത്രിയിൽ നിന്നും ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനില്ല. തന്റെ നിഴലിനെപ്പോലും മുഖ്യമന്ത്രിക്ക് വിശ്വാസമില്ല. അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. കോടികൾ പൊടിച്ചുള്ള പി ആർ പ്രതിച്ഛായയിൽ പടുത്തുയർത്തിയതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പൊയ്മുഖം. അത് അധികകാലം നിലനിർത്തി കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് താൻ ആവർത്തിച്ച് പറഞ്ഞതാണ്.

ഇല്ലാത്ത പ്രതിച്ഛായ സൃഷ്ടിച്ച മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം ഓരോദിവസം കഴിയുമ്പോഴും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.മാധ്യമങ്ങളെ കടക്കുപുറത്തെന്ന് ആക്രോശിച്ച് ആട്ടിപ്പുറത്താക്കിയ സംഭവം കേരളം ഒരിക്കലും മറക്കില്ല. ചോദ്യങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. അഹങ്കാരവും ഗർവ്വും ക്രോധവുമെല്ലാം ഫാസിസ്റ്റുകളുടെ രാഷ്ട്രീയ ശൈലിയാണ്. സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രിയുടെ തനിസ്വഭാവം എത്രശ്രമിച്ചാലും മാറ്റാൻ സാധ്യമല്ല. വിയോജിക്കുന്നവരോട് ദുർമുഖം കാട്ടുന്നത് യഥാർത്ഥ രാഷ്ട്രീയമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചിരുന്നു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിച്ചത് വിനയായോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയിൽ ചില മാധ്യമങ്ങളും പങ്കാളികളായെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പഴയ മുഖ്യമന്ത്രിയുടെ വാസ സ്ഥലവും രീതികളും എന്തായിരുന്നുവെന്ന് ഞാൻ എണ്ണി പറയണോ എന്ന് ചോദിച്ച മുഖ്യമന്ത്രി, മാധ്യമങ്ങൾ ആ വൃത്തിക്കെട്ട നിലയിലേക്ക് ഇന്നത്തെ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസും ചിത്രീകരിക്കുന്നുവെന്നും പറഞ്ഞു.

രാഷ്ട്രീയമായി എൽഡിഎഫ് സർക്കാരിനെ അങ്ങേയറ്റം അപകീർത്തിപ്പെടുത്താൻ പല മാർഗങ്ങളും ആലോചിച്ചിട്ടുണ്ട്. അതിന്റെ കൂടെ ചേരാൻ ചില മാധ്യമങ്ങൾ തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'അന്വേഷണത്തിന്റെ ഭാഗമായി നടക്കേണ്ട കാര്യങ്ങൾ അന്വേഷണ ഏജൻസികളാണ് നടത്തേണ്ടത്. എന്നാൽ ഇവരെ ചോദ്യം ചെയ്യൂ, മറ്റെയാളെ നോക്കൂ എന്ന് ചൂണ്ടിക്കാണിച്ചുകൊടുക്കേണ്ട പണി മാധ്യമങ്ങളെടുക്കേണ്ടതില്ല. ഇവിടെ അത്തരം കാര്യങ്ങളാണ് നടന്നത്. ഒരു വസ്തുതയും തെളിവുമില്ലാതെ പലരുടേയും പേരുകൾ വിളിച്ചു പറഞ്ഞു' മുഖ്യമന്ത്രി പറഞ്ഞു.

റെഡ്ക്രസന്റ് എന്നത് യുഎഇയുടെ ചാരിറ്റി ഓർഗനൈസേഷനാണ്. അവരുടെ പ്രവർത്തനങ്ങൾ അവർ നേരിട്ട് നടത്തുന്നതാണ്. അതിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ സർക്കാരിനതറയില്ല. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ കൈക്കൂലി ലഭിച്ചുവെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി സംബന്ധിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേ സമയം നമ്മുടേതായ ഒരു പദ്ധതിയുടെ പേരിൽ എന്തെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read