രാഷ്ട്രീയം

ഉമ്മൻ ചാണ്ടി അനുകൂല സഹതാപ തരംഗം ആഞ്ഞടിച്ചാലും പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം ആലോചന; സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് പഞ്ചായത്തുകളുടെ ചുമതല വീതിച്ചു നൽകി; എട്ട് പഞ്ചായത്തുകളിൽ ആറിലും ഇടതു മുന്നണിക്ക് ഭരണം ഉള്ളത് പരമാവധി മുതലെടുക്കാൻ നിർദ്ദേശം

കോട്ടയം: ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ തരംഗമാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഇപ്പോൾ കാണുന്നത്. ഉമ്മൻ ചാണ്ടിയുടെ കബറിടം ഒരു തീർത്ഥാടന കേന്ദ്രം പോലെ ആയിട്ടുണ്ട്. നൂറു കണക്കിന് ആളുകളാണ് ദിവസവും ഇവിടെ വന്നു പോകുന്നത്. ഇതെല്ലാം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കണക്കു കൂട്ടൽ. മകൻ ചാണ്ടി ഉമ്മൻ തന്നെയാകും കോൺഗ്രസ് സ്ഥാനാർത്ഥി എന്ന കാര്യവും ഏതാണ്ട് ഉറപ്പാണ്. ഇത് ഉമ്മൻ ചാണ്ടി സഹതാപ തരംഗത്തെ മുതലെടുക്കാൻ വേണ്ടിയാണ് താനും.

എന്നാൽ, ഇതിനിടെയിലും വീണ്ടും സിപിഎം ജെയ്ക്ക് സി തോമസിനെ തന്നെ സ്ഥാനാർത്ഥിയാക്കിയേക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 -ആക്കി ചുരുക്കിയ ജെയ്ക്ക് സി. തോമസിനെ വീണ്ടും അങ്കത്തിനിറക്കാൻ തന്നെയാണ് സിപിഎം ശ്രമിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പുതുപ്പള്ളിയിലെ പഞ്ചായത്തുകളുടെ ചുമതല വീതം വച്ചു നൽകി. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവർത്തിക്കാനാണ് തീരുമാനം. ജെയ്ക്ക് സി.തോമസിനോട് മണർകാട് കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിനാണു വാകത്താനം പഞ്ചായത്തിന്റെ ചുമതല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതല നൽകി. കോട്ടയം ജില്ലയിലെ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ (പ്രത്യേക ക്ഷണിതാവ്) കെ.ജെ.തോമസിന് അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളുടെ ചുമതലയാണ്. സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിനു മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെയും സംസ്ഥാന കമ്മിറ്റി അംഗം എ.വി.റസലിന് കൂരോപ്പട പഞ്ചായത്തിന്റെയും ചുമതല നൽകി.

ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും പഞ്ചായത്തുകളുടെ ചുമതല നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജില്ലാ കമ്മിറ്റി അംഗം ജെയ്ക്ക് സി.തോമസിനോടു മണർകാട് പഞ്ചായത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണു നിർദ്ദേശം. തിരഞ്ഞെടുപ്പ് പ്രവർത്തനം വിശകലനം ചെയ്യാൻ പഞ്ചായത്തുകളിൽ വ്യാഴാഴ്ച മുതൽ ബ്രാഞ്ച് കമ്മിറ്റികളുടെ യോഗം ചേരും. രണ്ടാഴ്ചയ്ക്കുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം മുതൽ മുകളിലേക്കുള്ള നേതാക്കളും പങ്കെടുക്കും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മണ്ഡലത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിക്കാനാണു സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയ നിർദ്ദേശം. സ്ഥാനാർത്ഥിയായി ജെയ്ക്ക് സി.തോമസിന്റെ പേരിനാണു മുൻതൂക്കം. ജെയ്ക്ക് രണ്ടാം തവണ മത്സരിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 വോട്ടായിരുന്നു. നല്ല മത്സരം കാഴ്ചവയ്ക്കാൻ ജെയ്ക്കിനു കഴിഞ്ഞതായാണ് സിപിഎം വിലയിരുത്തൽ.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സിപിഎം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇത്തവണ മത്സരം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് വി എം. സുധീരൻ ആവശ്യപ്പെട്ടിരുന്നു. എന്നാലിത്തരം പ്രസ്താവനകളെ ഇടതുമുന്നണി ഗൗരവത്തിലെത്തിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രവർത്തനം വിശകലനം ചെയ്യാൻ പഞ്ചായത്തുകൾ തോറും യോഗം ചേരും. ഉടൻ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ നേതൃത്വത്തിൽ മണ്ഡലത്തിലെ നേതാക്കളുടെ യോഗം ചേരും. ഇതോടെ പരസ്യമായി തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനം മണ്ഡലത്തിൽ വ്യാപിപ്പിക്കും. ഇതെസമയം, കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചാണ്ടി ഉമ്മന് തന്നെയാണ് സാധ്യത. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ ഈ വിഷയത്തിൽ തർക്കങ്ങളില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read