രാഷ്ട്രീയം

കുടുംബ പേരുകള്ള സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വർഗീയ ധ്രുവീകരണ ശ്രമങ്ങൾ; സഖാക്കൾ ഇത്തരം പ്രചരണങ്ങളെ പ്രതിരോധിക്കണം; പാർട്ടി നയങ്ങൾക്കെതിരെ സംസാരിക്കുന്നവരെയും പാർട്ടിയുടെ പേരിൽ അനാവശ്യമായ സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ടാക്കുന്നവരെയും പ്രോത്സാഹിപ്പിക്കരുത്; സഖാക്കൾക്ക് മാനദണ്ഡവുമായി സിപിഎം

ആലപ്പുഴ: സോഷ്യൽ മീഡിയ ഇടപെടലിൽ സഖാക്കൾക്കു കൂടുതൽ മാർഗ്ഗ നിർദേശങ്ങളുമായി സിപിഎം. അനാവശ്യമായി കുടുംബ പേരുകൾ ഉള്ള ഗ്രൂപ്പുകളിൽ അംഗങ്ങളാകരുതെന്നാണ് നിർദ്ദേശം. സമൂഹ മാധ്യമങ്ങളിൽ പാർട്ടി നയങ്ങൾക്കെതിരെ സംസാരിക്കുന്നവരെയും പാർട്ടിയുടെ പേരിൽ അനാവശ്യമായ സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ടാക്കുന്നവരെയും പ്രോത്സാഹിപ്പിക്കരുതെന്നു സിപിഎം നിർദേശിച്ചു.

രാഷ്ട്രീയരഹിത സമൂഹമാധ്യമ ഗ്രൂപ്പുകളിൽ സർക്കാരിന്റെ നേട്ടങ്ങൾ 'അറിയേണ്ട കാര്യങ്ങൾ' എന്ന നിലയിൽ പ്രചരിപ്പിക്കാനും ഓർമിപ്പിക്കുന്നു. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനു വേണ്ടി പാർട്ടി തയാറാക്കി നൽകിയ കുറിപ്പിലാണ്, കുടുംബ ഗ്രൂപ്പുകളിൽ ഇടപെടേണ്ടതെങ്ങനെയെന്നും നിർദ്ദേശം നൽകിയിട്ടുള്ളത്.

'നവമാധ്യമങ്ങളിലെ ഇടപെടൽ' എന്ന തലക്കെട്ടിനു താഴെയാണു സമൂഹമാധ്യമങ്ങളിലെ അച്ചടക്കവും തന്ത്രങ്ങളും പങ്കുവയ്ക്കുന്നത്. 'സർക്കാരിനെതിരെ പല സംഭവങ്ങളിലും നമ്മുടെ സഖാക്കൾ തന്നെ വൈകാരികമായി പ്രതികരിക്കുന്നതു പലപ്പോഴും ദോഷം ചെയ്യുന്ന സ്ഥിതിയുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണം. പാർട്ടി സഖാക്കൾ നവമാധ്യമങ്ങളിൽ പാർട്ടി നയങ്ങൾക്കെതിരെ സംസാരിക്കുന്നത് അച്ചടക്ക ലംഘനമായി കണ്ട് ആവശ്യമായ ഇടപെടൽ നടത്താൻ ബന്ധപ്പെട്ട ഘടകങ്ങൾ ശ്രദ്ധിക്കണം' എന്നു കുറിപ്പിൽ നിർദേശിക്കുന്നു.

അടുത്തകാലത്ത് പാർട്ടിക്കും സർക്കാറിനും എതിരായി വിമർശനങ്ങൾ ഉയർന്നതോടെയാണ് സിപിഎം കൂടുതൽ നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ മുൻ മന്ത്രി കെ.കെ.ശൈലജയ്ക്കു മന്ത്രിസ്ഥാനം നഷ്ടമായതിനു പിന്നാലെ തീവ്ര സിപിഎം നിലപാടുള്ള സൈബർ ഗ്രൂപ്പുകളിൽ പോലും വിമർശനമുയർന്നിരുന്നു. പാർട്ടിയുടെ പേരിൽ അനാവശ്യമായ സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ടാക്കുകയും അതിൽ അംഗങ്ങളാകുകയും ചെയ്യുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്നും നിർദേശിക്കുന്നു.

പി ജയരാജന്റെ പേരിലുള്ള പി ജെ ആർമ്മിയും അന്ന് ശൈലജക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. സിപിഎം അനുകൂല ഫേസ്‌ബുക്ക് പേജായ പോരാളി ഷാജിയും രംഗത്തെത്തി. കെ.കെ ശൈലജയെ ഒഴിവാക്കിയതിൽ സാമൂഹിക മാധ്യമങ്ങൾക്കകത്തും പുറത്തും ഇടത് അനുകൂല പ്രൊഫൈലുകളിൽ പോലും രൂക്ഷവിമർശനമാണ് ഉയർന്നത്. 'കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയേയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചർ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർദ്ധിക്കുമായിരുന്നു. ഒരു പക്ഷേ, തുടർഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണ്'. പോരാളി ഷാജി എന്ന പേജിലെ കുറിപ്പ് ഇതായിരുന്നു.

സമാന സ്വഭാവത്തിലുള്ള പോസ്റ്റുകൾ പി.ജെ ആർമ്മി എന്ന പേജിലും വന്നിരുന്നു. മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് വേണ്ടി പ്രചാരണം നടത്തുന്ന സൈബർ കൂട്ടായ്മയാണ് പി.ജെ ആർമി. പിന്നീട് പാ്ർട്ടി ഇടപെട്ടതോടെ പി ജെ ആർമ്മി റെഡ് ആർമിയെന്ന് പേരും മാറ്റുകയുണ്ടായി. 'കുടുംബപ്പേരുകളിലുള്ള ഗ്രൂപ്പുകൾ ഇന്നു വ്യാപകമാണ്. ഇത് ഉപയോഗപ്പെടുത്തിയാണ് വർഗീയ പിന്തിരിപ്പൻ ശക്തികൾ അവരുടെ ആശയങ്ങൾ പ്രചരിപ്പിച്ചു വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളിൽ അംഗമായുള്ള സഖാക്കൾ അത്തരം പ്രചാരണങ്ങൾ പ്രതിരോധിക്കാൻ ശ്രദ്ധിക്കണം' കുറിപ്പിൽ പറയുന്നു. സിപിഎം വൊളന്റിയർമാരെ ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയുള്ള ഭാഗത്ത് 'അനാവശ്യമായ സംഘർഷങ്ങളും ആക്രമണങ്ങളും പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റുമെന്നു തിരിച്ചറിയണം' എന്നും പറയുന്നുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read