രാഷ്ട്രീയം

ബെനറ്റ് എബ്രഹാം വഴി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 1.84 കോടി സംഭാവന ലഭിച്ചതിൽ അസ്വാഭാവികത; തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയം; സി ദിവാകരൻ അടക്കം മൂന്ന് നേതാക്കൾക്കെതിരെ സിപിഐ നടപടിക്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചപറ്റിയിട്ടുണ്ടെന്ന് സിപിഐ അന്വേഷണ കമ്മീഷന്റെ കണ്ടെത്തി. ബെനറ്റ് എബ്രഹാം പേയ്‌മെന്റ് സ്ഥാനാർത്ഥിയാണെന്ന ആരോപണത്തെ ശരിവെക്കുന്ന വിധത്തിലുള്ള റിപ്പോർട്ടാണ് അന്വേഷണ കമ്മീഷൻ പാർട്ടിക്ക് മുന്നിൽ വച്ചത്. മൂന്ന് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന ശുപാർശയും കമ്മീഷൻ മുന്നോട്ട് വെക്കുന്നു.

സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനെക്കുറിച്ചും കമ്മീഷൻ റിപ്പോർട്ടിൽ വിമർശനമുണ്ട്. സി ദിവാകരൻ, പി രാമചന്ദ്രൻ നായർ, വെഞ്ഞാറമൂട് ശശി എന്നിവർക്കെതിരെ നടപടിക്ക് ശുപാർശയുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംഘടനാവിരുദ്ധമായ പലതും നടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ഥാനാർത്ഥി വഴി വൻതുക സംഭാവന വന്നതിൽ അസ്വാഭാവികതയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പേയ്‌മെന്റ് സീറ്റ് എന്ന ആക്ഷേപത്തിന് കമ്മീഷന് തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും സ്ഥാനാർത്ഥി വഴി 1.84 കോടി രൂപ സംഭാവനയായി വന്നതിൽ അസ്വാഭാവികതയുണ്ടെന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തൽ. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച സംഭവിച്ചുവെന്ന് കമ്മീഷൻ വിലയിരുത്തിയിരുന്നു. ഇത്രയും തുക ലഭിച്ചപ്പോൾ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സിപിഐ അന്വേഷണ റിപ്പോർട്ടിൽ നടപടിക്ക് ശുപാർശ ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് വെഞ്ഞാറമൂട് ശശി പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് സിപിഐ അനുഭാവികൾക്കിടയിൽ വ്യാപകമായി പരാതികളുണ്ടായിരുന്നു. ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കേരളരാഷ്ട്രീയത്തിൽ ചൂടുള്ള ചർച്ചയ്ക്കു വഴിവയ്ക്കും.

 

MNM Recommends


Most Read