രാഷ്ട്രീയം

ചന്ദ്രശേഖരനെ വെട്ടിമാറ്റുന്നത് ദിവാകരനും മുല്ലക്കരയ്ക്കും അവസരം നൽകാത്തതിനാൽ; ചിഞ്ചുറാണിയും പ്രസാദും രാജനും മന്ത്രിപദം ഉറപ്പിച്ചുവെന്ന് സൂചന; സുപാലിന് വിനയാകുന്നത് കാനത്തിന്റെ താൽപ്പര്യക്കുറവ്; ചിറ്റയം ഗോപകുമാർ നാലാം മന്ത്രിയാകാനും സാധ്യത; പുതിയ മന്ത്രിമാർ മതിയെന്ന് സിപിഐയും

തിരുവനന്തപുരം: ഇ ചന്ദ്രശേഖരൻ വീണ്ടും മന്ത്രിയാകില്ലെന്ന് സൂചന. പുതിയ മന്ത്രിമാർ മതിയെന്നതാണ് സിപിഐയുടെ പൊതു നിലപാട്. അങ്ങനെ വന്നാൽ ചന്ദ്രശേഖരൻ പുറത്തു നിൽക്കും. കഴിഞ്ഞ മന്ത്രിസഭയ്ക്ക് വേണ്ടിയുണ്ടാക്കിയ മാനദണ്ഡമാണ് ചന്ദ്രശേഖരന് വിനയാകുന്നത്.

കഴിഞ്ഞ മന്ത്രിസഭയിൽ സി ദിവാകരൻ, മുല്ലക്കര രത്‌നാകരൻ എന്നിവരെ ഉൾപ്പെടുത്തുമെന്നു കരുതിയെങ്കിലും 4 പേരും പുതുമുഖങ്ങൾ മതിയെന്നാണു സംസ്ഥാന കൗൺസിൽ തീരുമാനിച്ചത്. ഈ 2 പ്രമുഖ നേതാക്കൾക്ക് രണ്ടാം അവസരം നൽകാതിരിക്കെ ചന്ദ്രശേഖരനു വീണ്ടും അനുമതി നൽകിയാൽ അത് പാർട്ടിയിൽ പുതിയ വിവാദങ്ങൾക്ക് ഇടനൽകും. ഈ സാഹചര്യത്തിൽ ചന്ദ്രശേഖരനേയും ഒഴിവാക്കാനാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ തീരുമാനം. അല്ലെങ്കിൽ സംസ്ഥാന കൗൺസിൽ ആ മാനദണ്ഡത്തിൽ അദ്ദേഹത്തിന് ഇളവു നൽകേണ്ടി വരും. ഇതിന് സാധ്യത തീരെ കുറവാണ്.

17 എംഎൽഎമാരുള്ള പാർട്ടിയുടെ 4 മന്ത്രിമാരും ഉറപ്പായും പുതുമുഖങ്ങളാകാനാണു സാധ്യത. ജയിച്ചു വന്ന അംഗങ്ങളിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാണ് എന്നതിനാൽ പി.പ്രസാദ്, കെ.രാജൻ, ജെ.ചിഞ്ചുറാണി എന്നിവർക്കു മുൻഗണന ലഭിക്കും. ചിഞ്ചുറാണി കൊല്ലത്തുനിന്നു വന്നാൽ പിന്നെ പി.എസ്.സുപാലിനു സാധ്യത മങ്ങും.

സീനിയർ അംഗങ്ങളായ ഇ.കെ.വിജയൻ, ചിറ്റയം ഗോപകുമാർ, ഡപ്യൂട്ടി സ്പീക്കർ വി.ശശി എന്നിവരാണു പിന്നീട് പരിഗണിക്കാൻ ഇടയുള്ളവർ. ഇവരിൽ ഒരാൾക്കു ഡപ്യൂട്ടി സ്പീക്കർ പദത്തിനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ വി ശശി ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഈ പരിഗണന നൽകി ഇത്തവണ ശശിയേയും മാറ്റി നിർത്താൻ സാധ്യതയുണ്ട്.

കേരളത്തിൽ ഇടതുതരംഗം ആഞ്ഞടിച്ചപ്പോൾ നിർണായക ശക്തിയായി സിപിഐ മാറിയിരുന്നു. 25 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് 17 സീറ്റുകളിൽ വിജയം. 2016ൽ 27 സീറ്റിൽ മത്സരിച്ച സിപിഐക്ക് 19 സീറ്റാണു ലഭിച്ചത്. 2016ൽ പാർട്ടിക്ക് സംസ്ഥാനത്ത് ആകെ ലഭിച്ചത് 16,43,878 വോട്ടാണ് (8.12 ശതമാനം). ഇതിനെല്ലാം പിന്നിൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇടപെടലും തന്ത്രങ്ങളുമായിരുന്നു. അതെല്ലാം വിജയിച്ചു. അതുകൊണ്ട് മന്ത്രിമാരുടെ കാര്യത്തിലും കാനമാകും അന്തിമ തീരുമാനം എടുക്കുക. 4 മന്ത്രിമാരെ ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ.

വടക്കൻ കേരളത്തിന്റെ പ്രതിനിധിയെന്ന പരിഗണനയിലാണ് ഇ.ചന്ദ്രശേഖരനു വീണ്ടും സാധ്യത തെളിയുന്നത്്. സിപിഐ ദേശീയ കൗൺസിൽ അംഗവുമാണ്. കെ.രാജൻ എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ്. പാർട്ടി ശക്തി കേന്ദ്രമായ തൃശൂരിൽനിന്ന് രാജനെ പരിഗണിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.

സിപിഐ ദേശീയ കൗൺസിൽ അംഗമാണ് ചിഞ്ചുറാണി. സിപിഐക്കു സ്വാധീനമുള്ള കൊല്ലത്തുനിന്ന് മന്ത്രിമാർ പതിവാണ്. പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ചിഞ്ചുറാണിക്ക് അനുകൂലവുമാണ്. ഔദ്യോഗിക പക്ഷത്തിന് പുനലൂർ എംഎൽഎ സുപാലിനോട് താൽപര്യമില്ല. പി പ്രസാദും കാനത്തിന് താൽപ്പര്യമുള്ള പേരാണ്. നാലാമത്തെ മന്ത്രിയെ ചർച്ചകളിലൂടെ മാത്രമേ തീരുമാനിക്കൂ.

മകിച്ച പ്രകടനമാണ് ഇത്തവണ സിപിഐ നടത്തിയത്. 2 മന്ത്രിമാരടക്കം ഏതാനും എംഎൽഎമാരെ ഒഴിവാക്കിയുള്ള സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ചു പാർട്ടിക്കുള്ളിൽ തന്നെ ഉയർന്ന വിമർശനത്തിനു മറുപടിയാണ് 17 സീറ്റിലെ വിജയം. സിറ്റിങ് സീറ്റുകളിൽ മൂവാറ്റുപുഴ, കരുനാഗപ്പള്ളി എന്നിവ കൈവിട്ടു. നഷ്ടപ്പെടുമെന്നു കരുതിയിരുന്ന തൃശൂർ കാക്കാൻ സാധിച്ചു.

17 വിജയികളിൽ 10 പേർക്കും പതിനയ്യായിരത്തിൽ കൂടുതൽ ഭൂരിപക്ഷം ലഭിച്ചു. ചടയമംഗലത്തു ദേശീയ കൗൺസിൽ അംഗം ജെ.ചിഞ്ചു റാണിയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരെ പ്രാദേശികമായി ഉയർന്ന പ്രതിഷേധങ്ങളെ 13,689 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാർട്ടി നിർവീര്യമാക്കി. കൊല്ലത്തെ പാർട്ടിക്കുള്ളിൽ ഉയർന്ന ആഭ്യന്തര പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ശങ്കയും അകന്നു.

എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. സിറ്റിങ് എംഎൽഎമാരെ മാറ്റി വന്നവർ എല്ലാം വിജയം കണ്ടു. തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് അട്ടിമറി വിജയത്തിന് അടുത്തെത്തി തോറ്റതാണു നേട്ടത്തിലും സിപിഐ നേതൃത്വത്തിനുള്ള നിരാശ. 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read