രാഷ്ട്രീയം

കോർപ്പറേഷൻ വിഭജനം കോടതി കയറും; രാഷ്ട്രീയ നേട്ടത്തിനുള്ള യുഡിഎഫ് നീക്കത്തിനെതിരെ കരുതലോടെ സിപിഐ(എം); കോഴിക്കോട്ടെ വെട്ടിമുറിക്കലിൽ ഇനി നിയമപോരാട്ടം; പ്രേരണയായത് തിരുവനന്തപുരത്തിന്റെ നീക്കം

കോഴിക്കോട്: രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി കോഴിക്കോട് കോർപ്പറേഷൻ വെട്ടി മുറിക്കാനുള്ള യു.ഡി.എഫ് സർക്കാറിന്റെ നടപടിക്കെതിരെ ഇടതുപക്ഷം നിയമ പോരാട്ടാത്തിന്.

കോർപ്പറേഷൻ വിഭജനം സംബന്ധിച്ച് മാസങ്ങൾക്ക് മുമ്പ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടെ ഇടത് മുന്നണി എല്ലാ ശക്തിയുമുപയോഗിച്ച് സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച് വിഭജനത്തിനെതിരെ രംഗത്ത് വന്നിരുന്നു. വിഷയം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ ഭരണ തലത്തിൽ ചർച്ചകൾ നടത്തുകയും ജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി ചീഫ് സെക്രട്ടറിക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നിനും ഫലമില്ലാതെ പോകുകയായിരുന്നു.

ഒടുവിൽ എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾ കോഴിക്കോട് കോർപ്പറേഷനിലെ ഇടത് കൗൺസിലർമാർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണിപ്പോൾ. കോർപ്പറേഷൻ വെട്ടിമുറിക്കുന്നത്് വികസന മുരടിപ്പാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇടത് നേതാക്കൾ ഇതിനെതിരെ രംഗത്തെത്തിയത്. തിരുവനന്തപുരം കോർപ്പറേഷൻ വെട്ടിമുറിക്കാനുള്ള നീക്കത്തിനെതിരെയും സിപിഐ(എം) പ്രതിഷേധിക്കുന്നുണ്ട്.

എന്നാൽ വികസനത്തേക്കാളുപരി ഇരു മുന്നണികളും വിഭജനത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യൽ മാത്രമാണ് വിവിധ കാലങ്ങളിൽ വിഭജനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. അഞ്ച് വർഷം മുമ്പ് എൽ.ഡി.എഫ് സർക്കാർ മൂന്ന് പഞ്ചാത്തുകൾ കോർപ്പറേഷനോട് ചേർത്ത് രാഷ്ട്രീയ നേട്ടം കൊയ്തപ്പോൾ ഉമ്മൺചാണ്ടി സർക്കാർ 75 വാർഡുകൾ 58 ആക്കിയാണ് ഇവിടെ രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഭരണത്തിൽ കൂട്ടിച്ചേർത്ത എലത്തൂർ, ചെറുവണ്ണൂർ, നല്ലളം, ബേപ്പൂർ എന്നീ പഞ്ചായത്തുകളടങ്ങുന്ന പ്രദേശങ്ങൾ മുറിച്ചുമാറ്റിയാണ് കോർപ്പറേഷനെ 58 വർഡുകളാക്കി ചുരുക്കുന്നത്. എന്നാൽ മുറിച്ചുമാറ്റപ്പെട്ട പഞ്ചായത്തുകൾ എൽ.ഡി.എഫിന് മേൽകൈയുള്ള പഞ്ചായത്തുകളാണ്. ഈ പഞ്ചായത്തുകൾ കോർപ്പറേഷന്റെ അതിരുകൾക്കുള്ളിൽ നിന്നും പുറത്താകുന്നതോടെ വരുന്ന തെരഞ്ഞടുപ്പിൽ കോഴിക്കോട് കോർപ്പറേഷൻ ഇടതിൽ നിന്നും യു.ഡി.എഫിന് പിടിച്ചെടുക്കാനാകുമെന്നാണ് കണക്കു കൂട്ടൽ.

കോഴിക്കോട് നിയോജക മണ്ഡലത്തിലും ലോക്‌സഭാ മണ്ഡലത്തിലും യു.ഡി.എഫിന് വ്യക്തമായ ലീഡുണ്ടെങ്കിലും കോർപ്പറേഷൻ നഷ്ടമാകുന്നത് വലിയൊരു കുറവായിട്ടാണ് യു.ഡി.എഫ് വൃത്തങ്ങൾ കണക്കാക്കുന്നത്. ഇത് പരിഹരിച്ച് കോർപ്പറേഷൻ പിടിച്ചെടുക്കാൻ മറ്റൊരു വഴിയും സർക്കാറിന് മുന്നിൽ ഉണ്ടായിരുന്നില്ല. മുസ്ലിം ലീഗിന്റെ നിർദ്ദേശങ്ങൾ പൂർണമായും അംഗീകരിച്ചായിരുന്നു കോർപ്പറേഷന്റെ വിഭജനത്തിനൊരുങ്ങുന്നത്.

കോർപ്പറേഷൻ വിഭജനം യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട് ജില്ലയിൽ ഒമ്പത് മുനിസിപ്പാലിറ്റികളും ഒരു കോർപ്പറേഷനും ആയിരിക്കും ഉണ്ടാവുക. വാർഡുകളുടെ എണ്ണം പ്രഖ്യാപിച്ചെങ്കിലും അതിർത്തി നിർണയവും മറ്റു നടപടികളും പൂർത്തിയായിട്ടില്ല. ലീഗിന് കൂടുതൽ നോട്ടമുണ്ടാക്കാൻ പാകത്തിലാണ് ഇപ്പോഴത്തെ വിഭജനം നടന്നിട്ടുള്ളത്. ഇതിനെതിരിൽ ഒരു വിഭാഗം കോൺഗ്രസുകാർ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ലീഗിന്റെ നിർദ്ദേശങ്ങൾക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുകയായിരുന്നു.

കോർപ്പറേഷനിലെ പുതിയ 58 വാർഡുകളിൽ 29 എണ്ണം സ്ത്രീ സംവരണമാണ്. രണ്ടെണ്ണം പട്ടികജാതിക്കും, ഒന്ന് പട്ടിക ജാതി സ്ത്രീ സംവരണമായുമാണ് നീക്കിവച്ചിട്ടുള്ളത്. യു.ഡി.എഫ് കേന്ദ്രങ്ങൾ 58 വാർഡുകൾക്കനുസൃതമായി കരുക്കൾ നീക്കിതുടങ്ങി. അതേ സമയം കോർപ്പറേഷനെ പഴയപടിയിലാക്കാൻ നിയമ പോരാട്ടം നടത്തുമെന്ന് ഇടത് നേതാക്കൾ അറിയിച്ചു. ചില കേന്ദ്ര പദ്ധതികൽ ലഭിക്കണമെങ്കിൽ നിശ്ചിത ജനസംഖ്യ കാണിക്കേണ്ടതുണ്ട്.

എന്നാൽ വിഭജനം കാരണം നിശ്ചിത ജനസംഖ്യ ഇല്ലാതാകുമ്പോൾ കേന്ദ്ര സർക്കാർ പദ്ധതികൾ നഗരത്തിന് നഷ്ടമാകുന്ന അവസ്ഥയുണ്ടാകും. നിലവിൽ കോർപ്പറേഷൻ പരിധിയിലായ സ്ഥലങ്ങൾ വെട്ടിമാറ്റി മുനിസിപ്പാലിറ്റിയാക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതു പക്ഷം നിയമ പോരാട്ടത്തിനിറങ്ങുന്നത്. മുൻ മേയർ ടി.പി ദാസൻ, കൗൺസിലർ ടി.മൊയ്ദീൻ കോയ, നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.രജനി എന്നിവരാണ് വെട്ടിമാറ്റുന്ന പഞ്ചായത്തുകൾക്കുവേണ്ടി വെവ്വേറെ ഹരജികൾ നൽകുന്നത്. ഇതിനാൽ കോടതി വിധി തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

MNM Recommends


Most Read