രാഷ്ട്രീയം

കേരള മുഖ്യമന്ത്രിയെ ലോക്‌സഭയിൽ വിമർശിച്ചു പ്രധാനമന്ത്രി; ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാത്തതിൽ ജനങ്ങളോട് ഉമ്മൻ ചാണ്ടി സർക്കാർ മാപ്പു പറയേണ്ടി വരുമെന്നു മോദി

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ ലോക്‌സഭയിൽ വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാത്തതിൽ ജനങ്ങളോട് ഉമ്മൻ ചാണ്ടി സർക്കാർ മാപ്പു പറയേണ്ടി വരുമെന്നും മോദി പറഞ്ഞു.

2014 മെയിൽ അധികാരത്തിലെത്തിയപ്പോൾ 11 സംസ്ഥാനങ്ങളിൽ ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പിലാക്കി. എന്നാൽ കേരളം, മിസോറാം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഈ പദ്ധതി നടപ്പിലാക്കിയില്ല. ഈ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് കോൺഗ്രസ് ആണെന്നതിനാലാണ് പദ്ധതി നടപ്പാക്കാതെ പോയതെന്നും മോദി കുറ്റപ്പെടുത്തി.

ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ വിമർശനവുമായി മോദി രംഗത്തെത്തിയത് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രകാശിപ്പിക്കവെയാണ്. താൻ പുതിയ ആളാണ്. നിങ്ങൾ പരിചയസമ്പന്നരും. അതുകൊണ്ട് തന്നെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും മോദി പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു.

പാർലമെന്റ് പ്രവർത്തനങ്ങൾ തടസപ്പെടുത്തുമ്പോൾ നഷ്ടം എല്ലാവർക്കുമാണ്. കെട്ടിക്കിടക്കുന്ന ബില്ലുകൾ പാസാക്കുന്നതിന് പ്രതിപക്ഷം സഹകരിക്കണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും മോദി പറഞ്ഞു.

വിമർശനങ്ങളേക്കാൾ കൂടുതൽ തനിക്കെതിരെ ഉയരുന്നത് ആരോപണങ്ങളാണെന്നും അതിനോട് പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നൽകിയ ഉപദേശം നിറവേറ്റാൻ നാം ബാധ്യസ്ഥരാണ്. പാർലമെന്റ് എന്നത് ചർച്ചയ്ക്കും സംവാദത്തിനുമുള്ള വേദിയാണ്. പാർലമെന്റിന്റെ ഇപ്പോഴത്തെ പ്രവർത്തന രീതി രാജ്യത്തെ മുറിപ്പെടുത്തുന്നതാണെന്നും മോദി പറഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിച്ച് എല്ലാ മേഖലയിലും വികസനം കൊണ്ടുവന്ന് ജനങ്ങളെ എങ്ങനെ സേവിക്കാമെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ പ്രവർത്തനമെന്നും മോദി പറഞ്ഞു.

MNM Recommends


Most Read