രാഷ്ട്രീയം

ബിജെപി ഓഫിസിൽ നിന്നു ഫോട്ടോ മാറ്റി; കലിപൂണ്ട് വസുന്ധര രാജെ സിന്ധ്യ; മോദിയുടെയും അമിത്ഷായുടെയും നീക്കം സംസ്ഥാന ബിജെപിയിൽ വസുന്ധരയുടെ അപ്രമാദിത്തം ഇല്ലാതാക്കാൻ; രാജസ്ഥാനിൽ കോൺഗ്രസിലെ അതൃപ്തിക്കൊപ്പം തന്നെ പുകഞ്ഞ് ബിജെപിയും

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ എന്നതു പോലെ ബിജെപിയിലും പ്രശ്‌നങ്ങൾ മറനീക്കി പുറത്തുവരുന്നു. കോൺഗ്രസിന് സച്ചിൻ പൈലറ്റ് എന്നപോലെ രാജസ്ഥാൻ ബിജെപിയിൽ വസുന്ധര രാജെ സിന്ധ്യയെ കൈകാര്യം ചെയ്യുന്നതിലാണ് പ്രശ്‌നങ്ങൾ നിലനിൽക്കുന്നത്. രാജസ്ഥാൻ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു പുറത്തുള്ള ബോർഡുകളിൽ നിന്ന് വസുന്ധരയുടെ ചിത്രം ഒഴിവാക്കിയതാണ് ഇപ്പോഴത്തെ പരാതിക്കു കാരണം.

പുതിയ ബോർഡുകൾ വച്ചപ്പോൾ മോദി, നഡ്ഡ, അമിത്ഷാ തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പം രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പുനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കഠാരിയ എന്നിവരുടെ ചിത്രങ്ങളാണുള്ളത്. 'പുതിയവർ വരുമ്പോൾ പഴയവർ പോകുന്നത് സ്വാഭാവികമെന്നായിരുന്നു' സതീഷ് പുനിയയുടെ പ്രതികരണം. നേരത്തെ തന്നെ തർക്കങ്ങൾ നിലനില്ക്കുന്ന സാഹചര്യത്തിൽ വസുന്ധര രാജെ സിന്ധ്യ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പു പ്രചാരണ കളത്തിൽനിന്നും വിട്ടു നിന്നിരുന്നു. വസുന്ധരയുടെ കുറവ് അറിയാതിരിക്കാൻ അവരുടെ ആങ്ങളയുടെ മകൻ ജ്യോതിരാധിത്യ സിന്ധ്യയെ കളത്തിലിറക്കിയാണ് ബിജെപി പ്രതിരോധിച്ചത്.

നേരത്തെ ഗെലോട്ട് സർക്കാറിനെ മറിച്ചിടാൻ ബിജെപി കേന്ദ്ര നേതൃത്വം പദ്ധതിയിട്ടപ്പോഴും അതിന് വിഘാതമായത് സിന്ധ്യയായിരുന്നു. വസുന്ധരയെ മാറ്റി നിർത്തി മതി സർക്കാറെന്ന് തീരുമാനമായിരുന്നു അന്ന് കേന്ദ്ര നേതൃത്വം കൈക്കൊണ്ടത്. വസുന്ധരയുടെ സഹായത്തോടെയാണു മുഖ്യമന്ത്രി അശോക് ഗെലോട്ട് അട്ടിമറി ശ്രമം മറികടന്നതെന്ന് എൻഡിഎ ഘടകകക്ഷിയായിരുന്ന ആർഎൽപി നേതാവ് ഹനുമാൻ ബേനിവാൾ പരസ്യമായ ആക്ഷേപം ഉന്നയിച്ചിരുന്നു.

അതിനിടെ 2023ൽ വസുന്ധരയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അവരെ പിന്തുണയ്ക്കുന്ന വിഭാഗവും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. അവർക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ തുടങ്ങിയാണ് ഇവർ പ്രവർത്തിക്കുന്നത്. ഒരിടവേള കാര്യമായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലാതിരുന്ന വസുന്ധര രാജെയും തന്നെ പിന്തുണയ്ക്കുന്നവരുമായി ബന്ധപ്പെട്ടു സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ ആരംഭിച്ചിട്ടുണ്ട്.

ആർഎസ്എസ് നേതൃത്വത്തിനും മോദി അമിത് ഷാ സഖ്യത്തിനും വസുന്ധരയോടുള്ള അതൃപ്തി മുൻപേ വ്യക്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം അവരെ സംസ്ഥാന ചുമതലകളിൽനിന്നെല്ലാം ഒഴിവാക്കുകയും ദേശീയ വൈസ് പ്രസിഡന്റായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ വസുന്ധര സ്വന്തം തട്ടകം വിടാതെ രാജസ്ഥാനിൽ തുടരുകയാണ്. സച്ചിൻ പൈലറ്റ് കോൺഗ്രസ് സർക്കാരിനെ മറിച്ചിടുന്നതിനുള്ള ശ്രമങ്ങൾ നടത്തിയ സമയത്തും ബിജെപി കേന്ദ്ര നേതൃത്വം വസുന്ധര ഒഴികെയുള്ള നേതാക്കളുമായാണ് ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതും കാര്യങ്ങൾ ചുമതലപ്പെടുത്തിയതും. എംഎൽഎമാർക്കിടയിൽ വസുന്ധരയ്ക്കുള്ള സ്വാധീനമാണ്, അവരെ വിശ്വാസത്തിലെടുക്കാതെ നടത്തിയ അട്ടിമറി പരാജയപ്പെടാൻ കാരണമെന്നും സംസാരമുണ്ടായിരുന്നു. അട്ടിമറി നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് വസുന്ധരയെ പാർട്ടിക്കുള്ളിൽ തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങൾ നേതൃത്വം സജീവമാക്കിയത്.

മധ്യപ്രദേശിലെ സമ്പന്നമായ ഗ്വാളിയോർ രാജകുടുംബത്തിൽ, അവരുടെ പ്രതാപ കാലത്താണ് വസുന്ധര രാജെ സിന്ധ്യയുടെ ജനനം. ഗ്വാളിയർ ഭരിച്ചിരുന്ന അവസാനത്തെ രാജാവായ ജീവാജി റാവു സിന്ധ്യയുടെയും വിജയരാജെ സിന്ധ്യയുടെയും പുത്രി. കൊടക്കൈനാലിലെ പ്രസന്റേഷൻ ബോർഡിങ് സ്‌കൂളിൽ പഠനം. മുംബൈ സോഫിയ കോളജിൽ നിന്ന് ഇക്കണോമിക്‌സിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം. ക്രിക്കറ്റിനെയും നായ്ക്കളെയും ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടി. സമ്പന്നതയുടെ ശീതളിമയിൽ മാത്രം ജീവിച്ചുശീലമുള്ള ഒരാൾ.

രാജസ്ഥാനിലെ ദോൽപുർ രാജകുടുംബത്തിേലക്ക് 1972ൽ വിവാഹിതയായി വരുമ്പോൾ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു വസുന്ധരയ്ക്ക്. ഒരുവർഷത്തിനുശേഷം ഇരുവരും വേർപിരിഞ്ഞെങ്കിലും വസുന്ധര രാജസ്ഥാനിൽ തന്നെ തുടർന്നു. 1984-ൽ ഭാരതീയ ജനതാപാർട്ടിയിലൂടെ സജീവ രാഷ്ട്രിയ പ്രവർത്തനം ആരംഭിച്ചു. അവിടെ നിന്നും 1989 മുതൽ അഞ്ചുതവണ ലോക്‌സഭയിലേക്കും നാലുതവണ നിയമസഭയിലേക്കും വസുന്ധര ജയിച്ചുകയറി. രണ്ടുവട്ടം രാജസ്ഥാന്റെ മുഖ്യമന്ത്രിയായി. ആ സ്ഥാനത്തെത്തുന്ന ആദ്യവനിതയെന്ന പെരുമയും വസുന്ധരക്ക് തന്നെ അവകാശപ്പെട്ടതാണ്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read