രാഷ്ട്രീയം

നെഹ്‌റുവും വിപി സിങ്ങും പ്രതിനിധീകരിച്ച ഫുൽപുർ നിതീഷിനു യോജിച്ചതെന്ന് വിലയിരുത്തൽ; ബീഹാ മുഖ്യമന്ത്രിയുടെ കുർമി സമുദായത്തിന്റെ ശക്തികേന്ദ്രം മറ്റൊരു പ്രധാനമന്ത്രിയെ രാജ്യത്തിന് നൽകുമോ? പ്രതിപക്ഷത്തെ നയിക്കുക നിതീഷ് തന്നെ; ബീഹാർ മുഖ്യമന്ത്രി കളം മാറിയത് മോദിയെ തളയ്ക്കാൻ തന്നെ; യുപിയെ പിടിച്ചു കെട്ടാൻ അഖിലേഷും ജെഡിയുവും ഒരുമിക്കും

പട്‌ന: 2024ൽ പ്രതിപക്ഷത്തെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ നയിക്കാൻ സാധ്യത. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ മത്സരിക്കാൻ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അഭ്യർത്ഥിച്ചതും ഈ സാഹചര്യത്തിലാണ്. നിതീഷ് കുമാറിന് പ്രതിപക്ഷ പാർട്ടികളിൽ നല്ല സ്വാധീനമുണ്ട്. കോൺഗ്രസിന് അപ്പുറത്തേക്ക് പുതിയ നേതൃത്വത്തെ അവതരിപ്പിച്ച് ബിജെപിയെ തോൽപ്പിക്കാനാണ് ശ്രമം. ഇതിന് യുപിയിലെ വിജയം അനിവാര്യതയാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ബിഎസ് പിയും എസ് പിയും സഖ്യത്തിലായിരുന്നു. എന്നാൽ ഒരു ചലനവും അതുണ്ടാക്കിയില്ല. ബി എസ് പിയെ നിയമസഭാ തെരഞ്ഞെടുപ്പോടെ ജനം പൂർണ്ണമായും കൈവിട്ടു. എസ് പിയും ബിഎസ് പിയും അകലുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യുപിയിൽ അഖിലേഷ് പുതിയ തന്ത്രങ്ങൾ ഒരുക്കുന്നത്. നിതീഷ് കുമാറിന്റെ പ്രതിച്ഛായ ചർച്ചയാക്കി യുപി പിടിക്കാനാണ് നീക്കം. അങ്ങനെ വന്നാൽ ദേശീയ തലത്തിൽ ബിജെപിക്ക് തിരിച്ചടിയാകും. മോദിയുടെ ഹാട്രിക് സ്വപ്‌നം പൊലിയും.

യുപിയിലെ ഫുൽപുർ, അംബേദ്കർ നഗർ, മിർസാപുർ മണ്ഡലങ്ങളിൽ താൽപര്യമുള്ളതു തിരഞ്ഞെടുക്കാനാണ് നിതീഷിനോട് അഖിലേഷ് നിർദേശിച്ചത്. ജനതാദൾ (യു) ദേശീയ അധ്യക്ഷൻ ലലൻ സിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജവാഹർലാൽ നെഹ്‌റുവും വി.പി.സിങ്ങും പ്രതിനിധീകരിച്ചിട്ടുള്ള ഫുൽപുർ മണ്ഡലം നിതീഷിനു യോജിച്ചതാണെന്നു ജെഡിയു നേതൃത്വവും കരുതുന്നു. നിതീഷിന്റെ കുർമി സമുദായത്തിന്റെ ശക്തികേന്ദ്രമാണ് ഫുൽപുർ. നിതീഷും അഖിലേഷും കൈകോർത്താൽ യുപിയുടെ രാഷ്ട്രീയ ചിത്രം മാറുമെന്നും ജെഡിയു കരുതുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ നിതീഷും യുപിയിൽ അങ്കത്തിനിറങ്ങുമെന്ന വെല്ലുവിളിയോടു ബിജെപി നേതൃത്വം രൂക്ഷമായി പ്രതികരിച്ചു. യുപിയിലെ ഏതു മണ്ഡലത്തിൽ മത്സരിച്ചാലും നിതീഷ് കുമാറിന് കെട്ടിവച്ച കാശു കിട്ടില്ലെന്ന് ബിജെപി നേതാവ് സുശീൽ കുമാർ മോദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് മൽസരിക്കുകയാണെങ്കിൽ ബിഹാറിലെ നളന്ദയിലാകാനും സാധ്യതയുണ്ട്. ജന്മനാടായ നളന്ദയിൽ നിന്നാണ് നിതീഷ് 5 തവണ ലോക്‌സഭയിലേക്കു വിജയിച്ചത്. യുപിയിൽ നിതീഷ് മത്സരിക്കുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. നളന്ദയിലും ഒപ്പം യുപിയിലും മത്സരിക്കാനും സാധ്യതയുണ്ട്.

ഈ മാസം അഞ്ചിന് പട്നയിൽ സമാപിച്ച പാർട്ടി ദേശീയ എക്സിക്യൂട്ടീവിലും യുപിയിൽനിന്ന് നിതീഷ് ജനവിധി തേടണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. അലഹബാദിൽ ഉൾപ്പെടുന്നതും അവധ് ബെൽറ്റിലെ പ്രധാന മണ്ഡലവുമായ ഫുൽപുരിനാണ് സാധ്യത കൂടുതൽ. നിലവിൽ ബിജെപിക്ക് 65 എംപിമാരാണ് യുപിയിൽ ഉള്ളത്. നിതീഷും അഖിലേഷും ഒന്നിച്ചാൽ ഇത് 15-20 സീറ്റിലേക്ക് ബിജെപിയെ ഒതുക്കാമെന്നും രഞ്ജൻ സിങ് വ്യക്തമാക്കി. 25ന് ഹരിയാനയിലെ ഫത്തേബാദിൽ ഐഎൻഎൽഡി നടത്തുന്ന മഹാറാലിയിൽ പ്രതിപക്ഷ നേതാക്കൾക്കൊപ്പം നിതീഷും പങ്കെടുക്കുന്നുണ്ട്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി. ഇതര സർക്കാർ അധികാരത്തിൽ വന്നാൽ പിന്നാക്കം നിൽക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. 'ഞങ്ങൾക്ക് സർക്കാർ രൂപീകരിക്കാൻ അവസരം കിട്ടിയാൽ സാമ്പത്തികമായി പിന്നിലുള്ള എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകും'. ബിഹാറിനെ കുറിച്ച് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയെ ഒരുമിച്ചുകൂട്ടാനുള്ള സാധ്യതകൾ ആരായാൻ നിതീഷ് കുമാർ അടുത്തിടെ ഡൽഹി സന്ദർശിച്ചിരുന്നു.

ബിഹാറിന് പ്രത്യേക പദവി നൽകണമെന്നത് 2007 മുതൽ നിതീഷ് കുമാർ ഉയർത്തുന്ന ആവശ്യമാണ്. തിരഞ്ഞെടുപ്പ് മുൻപിൽ കണ്ടുകൊണ്ടുള്ള പ്രചാരണങ്ങളിലും ബിജെപിയെ സമ്മർദത്തിലാക്കാനും വേണ്ടി നിതീഷ് പ്രത്യേകപദവി വിഷയം ചർച്ചയിലേക്ക് കൊണ്ടുവരാറുണ്ട്. ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിച്ചാൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര-സംസ്ഥാന ഫണ്ടിങ് അനുപാതം 90:10 എന്നായിരിക്കും. ഇത് സംസ്ഥാനങ്ങൾക്ക് ഗുണം ചെയ്യും. നിലവിൽ പ്രത്യേക വിഭാഗത്തിലുൾപ്പെടുന്ന 11 സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. അരുണാചൽ പ്രദേശ്, അസം,ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, മണിപ്പുർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ഉത്തരാഖണ്ഡ് എന്നിവയാണ് ആ സംസ്ഥാനങ്ങൾ.

സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ലെങ്കിലും ആസൂത്രണ കമ്മീഷന്റെ ഭാഗമായ ദേശീയ വികസന കൗൺസിൽ ആണ് ഈ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി ശുപാർശ ചെയ്തത്. 14-ാം ധനകാര്യ കമ്മിഷന്റെ ശുപാർശകൾ സർക്കാർ അംഗീകരിച്ചതോടെ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പദവി എന്ന ആശയം തന്നെ ഇല്ലാതായി. എന്നിരുന്നാലും, പിന്നാക്കാവസ്ഥയും ദാരിദ്ര്യവും ചൂണ്ടിക്കാട്ടി ബിഹാർ, ഒഡീഷ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഈ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read