രാഷ്ട്രീയം

പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ ബിരുദം എടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല; വിദ്യാഭ്യാസ യോഗ്യത സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസം മാത്രം; ഉള്ളത് അഞ്ചു കോടിയുടെ സ്വത്തുക്കളും; അമേഠിയിൽ രാഹുലിനെതിരെ പോരിനിറങ്ങിയ സ്മൃതി ഇറാനിയുടെ സത്യവാങ്മൂലം ചർച്ചയാക്കി കോൺഗ്രസ്; അഞ്ചുകൊല്ലം തുടർച്ചയായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ ആത്മവിശ്വാസത്തിന്റെ കരുത്തിൽ തീപ്പൊരി നേതാവ്; സ്മൃതി ഇറാനിയുടെ സാന്നിധ്യം രാഹുലിന്റെ ചങ്കിടിപ്പു കൂട്ടുമ്പോൾ

ന്യൂഡൽഹി: അമേഠിയിൽ റോഡ് ഷോയുടെ അകമ്പടിയോടെ പത്രികാ സമർപ്പണം ആഘോഷമാക്കുകയാണ് ബിജെപി നേതാവ് സ്മൃതി ഇറാനി ചെയ്തത്. ബിജെപി ഓഫിസിൽ പൂജയും പ്രാർത്ഥനയും നടത്തിയ ശേഷമാണ് പത്രിക നൽകിയത്. എന്നാൽ പത്രികയിലെ വിവരങ്ങൾ പുറത്തു വരുമ്പോൾ ആഘോഷം കോൺഗ്രസ് ക്യാമ്പിലാണ്. സത്യവാങ്മൂലം ചിലതൊക്കെ വിളിച്ചത്തു കൊണ്ടുവന്നുവെന്നാണ് അവരുടെ നിലപാട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് സ്മൃതിയുടെ എതിരാളി. ബിരുദപഠനം പൂർത്തിയാക്കിയിട്ടില്ലെന്നു പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്മൃതി ഇറാനി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് താൻ ബിരുദധാരിയല്ലെന്നു സ്മൃതി വെളിപ്പെടുത്തുന്നത്.

1991-ൽ സെക്കൻഡറി വിദ്യാഭ്യാസവും 1993 സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയെന്നു വ്യക്തമാക്കുന്ന സ്മൃതി, 1994-ൽ ഡൽഹി സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്സിന് ചേർന്നെങ്കിലും അതു പൂർത്തിയാക്കിയിട്ടില്ലെന്നാണ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ സ്മൃതി ഇറാനിക്ക് ബിരുദമുണ്ടെന്ന വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അന്ന് മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്നു മോദി സർക്കാരിൽ സ്മൃതി ഇറാനി. അന്നുണ്ടായ വിവാദം ശരിയെന്ന് സമ്മതിക്കുന്നതാണ് പുതിയ സത്യവാങ്മൂലം. ഇതോടെ പഴയ ഡിഗ്രി വിവാദം അമേഠിയിൽ ചർച്ചയാക്കാനാണ് കോൺഗ്രസ് നീക്കം. അപ്പോഴും വയനാട്ടിലെ രാഹുലിന്റെ മത്സരം വിജയമൊരുക്കുമെന്നാണ് സ്മൃതി ഇറാനിയുടെ പ്രതീക്ഷ.

2004ലെ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്മൃതി ഇറാനി സമർപ്പിച്ച സത്യവാങ്മൂലത്തിൽ 1996ൽ ഡൽഹി സർവകലാശാലയിൽ (സ്‌കൂൾ ഓഫ് കറസ്പോണ്ടൻസ്) നിന്ന് ബി.എ ബിരുദം കരസ്ഥമാക്കിയെന്നാണു പറയുന്നത്. എന്നാൽ 2011 ജൂലൈ 11ന് ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്കു മത്സരിക്കാനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാലയിൽ (വിദൂര പഠനം) നിന്ന് ബികോം യോഗ്യത നേടിയതായും പറയുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാലയിൽ (സ്‌കൂൾ ഓഫ് ഓപ്പൺ ലേണിങ്) നിന്ന് ബികോം വിജയിച്ചെന്നാണ് പറയുന്നത്. ഈ വൈരുധ്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം, സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യംചെയ്തപ്പോഴെല്ലാം തന്റെ ബിരുദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു അവർ ചെയ്തത്.

തനിക്ക് അമേരിക്കയിലെ യേൽ യൂനിവേഴ്സിറ്റിയിൽ നിന്നു ബിരുദമുണ്ടെന്നും ഇറാനി അവകാശപ്പെട്ടിരുന്നു. ലോകപ്രശസ്ത യേൽ യൂനിവേഴ്സിറ്റിയുടെ ആറുദിവസത്തെ റിഫ്രഷ് കോഴ്സിനെ ബിരുദമായി ചിത്രീകരിച്ച ഇറാനിയുടെ നടപടി സോഷ്യൽമീഡിയയുടെ പരിഹാസ ത്തിനിടയാക്കിയിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗമായ സ്മൃതി ഇറാനി, രാഹുൽ ഗാന്ധിക്കെതിരെ പരാജയപ്പെട്ടിരുന്നുവെങ്കിലും രാജ്യസഭ വഴിയാണ് പാർലമെന്റിലെത്തിയതും മന്ത്രിസഭയിൽ അംഗമായതും. ബിരുദ വിവാദം മന്ത്രിയായിരിക്കെ സ്മൃതി ഇറാനിക്ക് വലിയ തലവേദനയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സത്യവാങ്മൂലവും ചർച്ചയാകുന്നത്. സ്മൃതി വിദ്യാഭ്യാസ യോഗ്യതയിൽ കള്ളം പറഞ്ഞുവെന്ന് വരുത്താനാണ് ശ്രമം.

ഇതുകൂടാതെ, 4. 71 കോടി രൂപ ആസ്തിയുണ്ടെന്നു പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്മൃതി പറയുന്നു 1.75 കോടിയുടെ ജംഗമസ്വത്തും 2.96 കോടിയുടെ സ്ഥാവര സ്വത്തുമാണുള്ളത്. 1.45 കോടിയുടെ കൃഷിഭൂമിയും 1.50 കോടിയുടെ പാർപ്പിടവും ഉൾപ്പെടെയാണിത്. കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തിൽ രണ്ടാം വട്ടമാണു സ്മൃതി രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മോദി തരംഗത്തിനിടയിലും ഒരു ലക്ഷത്തിലേറെ വോട്ടിന് അവർ പരാജയപ്പെട്ടു. രാഹുലിനോടു തോറ്റെങ്കിലും കാബിനറ്റ് മന്ത്രിയാക്കിയാണു മോദി സ്മൃതിയുടെ പോരാട്ടവീര്യം അംഗീകരിച്ചത്. എൻഡിഎ ഭരണകാലത്ത് മണ്ഡലത്തിൽ നിത്യസന്ദർശകയായിരുന്ന അവരുടെ പെരുമാറ്റം ജയിച്ച സ്ഥാനാർത്ഥിയെന്ന മട്ടിലായിരുന്നു. അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെ നിരവധി കേന്ദ്രപദ്ധതികളാണു കഴിഞ്ഞ 5 വർഷത്തിനിടെ മണ്ഡലത്തിൽ നടപ്പാക്കിയത്.

അഞ്ചുവർഷം മുമ്പേ നിശ്ശബ്ദപ്രചാരണം ഇവിടെ സ്മൃതി ഇറാനി തുടങ്ങിയിരുന്നു. ഗാന്ധി കുടുംബത്തിന്റെ കുത്തകയായ ഉത്തർപ്രദേശിലെ അമേഠി. 2014 ലെ വാശിയേറിയ തിരഞ്ഞെടുപ്പിലും മണ്ഡലം രാഹുൽ ഗാന്ധിയെ വരിച്ചെങ്കിലും അന്നുമുതൽ സ്മൃതി മണ്ഡലത്തിലുണ്ടായിരുന്നു. ഗാന്ധി കുടുംബത്തെ ഒരു പാഠം പഠിപ്പിക്കുമെന്ന വാശിയും സ്മൃതി ഇറാനിക്കുണ്ട്. അതിനുവേണ്ടിയാണ് അഞ്ചുവർഷമായി അവർ ശ്രമിക്കുന്നതും. പ്രിയങ്കയെക്കൂടി രംഗത്തിറക്കി സ്മൃതിയെ തോൽപ്പിക്കാമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

അമേഠിക്കു പുറമെ വയനാട്ടിൽ കൂടി രാഹുൽ ഗാന്ധി പത്രിക നൽകിയതു പരാജയഭീതി കൊണ്ടാണെന്നാണു ബിജെപിയുടെ പ്രചാരണം. ഭൂരിപക്ഷ സമുദായ വികാരം അനുകൂലമാക്കാനും പാർട്ടി ബോധപൂർവം ശ്രമിക്കുന്നുണ്ട്. എസ്‌പിബിഎസ്‌പിആർഎൽഡി സഖ്യം എതിർസ്ഥാനാർത്ഥിയെ നിർത്താത്തതും രാഹുൽ ഗാന്ധിക്ക് അനുകൂല ഘടകമാണ്. കോൺഗ്രസ് അധ്യക്ഷനെന്ന നിലയ്ക്കാണ് ഇത്തവണ മത്സരം. ഇളയച്ഛൻ സഞ്ജയും അച്ഛൻ രാജീവും അമ്മ സോണിയയും പ്രതിനിധീകരിച്ചു വന്ന അമേഠിയിൽ 2004 മുതൽ രാഹുലാണ് എംപി.

6ാം ഘട്ടമായ മെയ്‌ 6നു വോട്ടെടുപ്പു നടക്കുന്ന അമേഠിയിൽ തന്നെ രാഹുലിനെ തളച്ചിടാനുതകിയ തന്ത്രമായിരിക്കും ബിജെപി പ്രയോഗിക്കുക. പരമാവധി ആളും അർഥവും ഉപയോഗിച്ച് ഏതു വിധേനയും രാഹുലിനെ തോൽപിക്കാനാണു നീക്കം. പോരാട്ടം കടുത്താൽ ദേശവ്യാപക പ്രചാരണം വെട്ടിച്ചുരുക്കി കൂടുതൽ സമയം അമേഠിയിൽ ചെലവഴിക്കാൻ കോൺഗ്രസ് അധ്യക്ഷൻ നിർബന്ധിതനാകും.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read