രാഷ്ട്രീയം

മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയപ്പോൾ ആത്മവിശ്വാസവും ദിശാബോധവുമുള്ള ഒരു നേതാവിനെ ദർശിച്ചു; കോൺഗ്രസുകാർ കണ്ട് പഠിക്കണം: തരൂരിന് പിന്നാലെ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ഷീലാ ദീക്ഷിതും

ന്യൂഡൽഹി: യുപിഎ സർക്കാർ ആരംഭിച്ച് നരേന്ദ്ര മോദി തുടർന്നുപോന്ന സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായതിന്റെ പേരിൽ കോൺഗ്രസ് നേതാക്കളുടെ കണ്ണിൽ കരടായിരിക്കയാണ് തിരുവനന്തപുരം എംപി ശശി തരൂർ. ഇതിന്റെ പേരിൽ തരൂരിനെതിരെ പാർട്ടി നടപടിയും കൈക്കൊണ്ടു. എന്നാൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയെ സ്തുതിച്ച് രംഗത്തുവരികയാണിപ്പോൾ. മുൻ ഡൽഹി മുഖ്യമന്ത്രിയും കേരളാ ഗവർണറുമായിരുന്ന ഷീലാ ദീക്ഷിതാണ് തരൂരിന് പിന്നാലെ മോദി സ്തുതിയുമായി എത്തിയത്. ഡൽഹി വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് ഇടെയാണ് മോദിയെ പ്രശംസിച്ച് ഷീലാ ദീക്ഷിത് രംഗത്തുവന്നത്.

കോൺഗ്രസുകാർ നരേന്ദ്ര മോദിയെ കണ്ടുപഠിക്കുകയാണ് വേണ്ടതെന്നാണ് ഷീലാ ദീക്ഷിത് അഭിപ്രായപ്പെട്ടത്. മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയപ്പോൾ ആത്മവിശ്വാസവും ദിശാബോധവുമുള്ള നേതാവിനെയാണ് കാണാൻ സാധിച്ചതെന്നും ഷീല അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം പറഞ്ഞത്.

കേരളത്തിന്റെ ഗവർണർ സ്ഥാനത്തിന് നിന്ന് മാറ്റുന്നതിന് മുമ്പായി കഴിഞ്ഞ ജൂലൈയിലാണ് ഷീല മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്നത്തെ ക്രായങ്ങങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ഷീലാ ദീക്ഷിത് ഇക്കാര്യം പറഞ്ഞത്. ശുഭാപ്തി വിശ്വാസത്തിനൊപ്പം പുതിയ വീക്ഷണങ്ങളും പുതിയ ഭാഷയും മോദിക്കുണ്ടെന്നും ഷീല പറഞ്ഞു. നല്ലനാളുകൾ വരുമെന്ന് മോദി ആദ്യം പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ മോദി അക്കാര്യം പറയുന്നത് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പുതിയ കാഴ്‌ച്ചപ്പാടുകളും വാഗ്ദാനങ്ങളും വളരെ ഭംഗിയായി നൽകാൻ മോദിക്ക് സാധിക്കുന്നു. അത് വലിയ കാര്യമാണ്. മോദിയുടെ ഈ ശൈലി കോൺഗ്രസുകാർ വളരെ മുന്നേ പഠിക്കേണ്ടതായിരുന്നുവെന്നും ഷീലാ വ്യക്തമാക്കി.

എന്നാൽ മോദിയുടെ വീക്ഷണങ്ങളും കാഴ്ചപാടുകളും എങ്ങനെയാണ് പ്രായോഗികമാക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതാണെന്ന് ഷീല ദീക്ഷിത് അഭിമുഖത്തിൽ പറഞ്ഞു. എൻഡിഎ സർക്കാർ ആവശ്യപ്പെട്ട ഉടനെ ഗവർണർ സ്ഥാനം രാജിവച്ച കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഹോം സെക്രട്ടറിയോട് ചോദിക്കാനാണ് ഷീല മറുപടി നൽകിയത്.

രാജിക്ക് തയ്യാറാകാതിരുന്നവരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ സ്ഥലംമാറ്റിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഷീല മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങുമായും ചർച്ച നടത്തിയത്. ഗവർണർ സ്ഥാനത്തിരിക്കുന്ന വ്യക്തിയെ മാനിച്ചില്ലെങ്കിലും ആ സ്ഥാനത്തിന് അർഹമായ മാന്യത നൽകണമെന്ന് അവരോട് ആവശ്യപ്പെട്ടതായും ഷീല പറഞ്ഞു.

2014 നവംബർ 14ന് ആഘോഷിക്കുന്ന ജവഹർലാൽ നെഹ്‌റുവിന്റെ 125ാം ജന്മദിനാഘോഷ കമ്മിറ്റിയുടെ ചെയർമാനാണ് ഷീല. ഡൽഹിയിൽ മുഖ്യമന്ത്രിയായിരുന്ന ഷീല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.തുടർന്ന് അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കേരളത്തിൽ ഗവർണറായെത്തിയിരുന്നത്. ഇനി സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കുകയുണ്ടായി. ഇതിന് ശേഷമാണ് മോദിയെ പുകഴ്‌ത്തി ഷീല രംഗത്തെത്തിയിരിക്കുന്നതും.

MNM Recommends


Most Read