രാഷ്ട്രീയം

രാജ്യത്തെ ജനസംഖ്യാ വളർച്ച അസന്തുലിതം; മുസ്ലിം ജനസംഖ്യ ഉയരുന്നതിൽ ആശങ്ക; ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം മുഖ്യകാരണം എന്നും പുതിയ ജനസംഖ്യാ നിയന്ത്രണ നയം ആവശ്യം എന്നും ആർഎസ്എസ് പ്രമേയത്തെ പരാമർശിച്ച് മോഹൻ ഭാഗവത്

 നാഗ്പൂർ: രാജ്യത്ത് ജസസംഖ്യ സന്തുലിതം ആക്കാനുള്ള നയം ആവശ്യമെന്ന് രാഷ്ട്രീയ സ്വയം സേവക സംഘ മേധാവി മോഹൻ ഭാഗവത്. മുസ്ലിം ജനസംഖ്യ ഉയരുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. നാഗ് പൂരിൽ വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനസംഖ്യാ വളർച്ചാ നിരക്കിലെ അസന്തുലിതാവസ്ഥയുടെ വെല്ലുവിളി' എന്ന വിഷയത്തിൽ 2015 ൽ റാഞ്ചിയിൽ നടന്ന ആർഎസ്എസിന്റെ അഖിലേന്ത്യാ നിർവാഹക സമിതി യോഗം പാസാക്കിയ പ്രമേയത്തെ പരാമർശിച്ചാണ് മോഹൻ ഭഗവത് ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന് ആവശ്യപ്പെട്ടത്.

2011ലെ സെൻസസിനെ അടിസ്ഥാനമാക്കിയാണ് മോഹൻഭാഗവതിന്റെ നിർദ്ദേശങ്ങൾ. സെൻസസിൽ ഭാരതീയ വംശജരുടെ ജനസംഖ്യ 1952 നും 2011 നും ഇടയിൽ 88 ശതമാനത്തിൽനിന്ന് 83.8 ശതമാനമായി കുറഞ്ഞുവെന്ന് വിലയിരുത്തിയിരുന്നു. മുസ്ലിം ജനസംഖ്യയാകട്ടെ, ഇതേ കാലയളവിൽ 9.8 ശതമാനത്തിൽ നിന്ന് 14.23 ശതമാനമായി ഉയർന്നു. അതിർത്തി സംസ്ഥാനങ്ങളായ അസം, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലെ ജനസംഖ്യ ദേശീയ ശരാരശരിയേക്കാൾ കൂടുതലാണ്. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണമെന്ന് ആർഎസ്എസ് പ്രമേയം പറയുന്നു. വിജയദശമി ആഘോഷങ്ങളിൽ ഇസ്രേയൽ കോൺസുൽ ജനറൽ കോബി ഷോഷാനി ആയിരുന്നു പ്രത്യേക അതിഥി.

ജനസംഖ്യാ നിയന്ത്രണ നയമുണ്ടാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോഴും ആർഎസ്എസ് മേധാവി പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അതിർത്തിയിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയുകയും, ദേശീയ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനസംഖ്യാനയം എന്തിന് ആവശ്യമായി വരുന്നു എന്നതിനെ കുറിച്ചും ആർഎസ്എസ് മേധാവി സംസാരിച്ചു. ഇപ്പോൾ ജനസംഖ്യയുടെ 56-57 ശതമാനം ആളുകൾ യുവാക്കളാണ്. എന്നാൽ മുപ്പത് വർഷം കഴിയുമ്പോൾ ഇവരിൽ എത്ര പേർക്ക് നമുക്ക് ഭക്ഷണം നൽകാനാവും എന്ന് ചിന്തിക്കേണ്ടതുണ്ട്, ഇതിനൊപ്പം അന്ന് എത്ര തൊഴിലാളികളെ രാജ്യത്തിന് വേണ്ടി വരും, അതിനാൽ ഈ രണ്ട് വശങ്ങളെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അടുത്ത 50 വർഷങ്ങൾ മനസിൽ വച്ചു കൊണ്ട് നമ്മൾ ഒരു നയം നിർമ്മിക്കണം. ഇത് എല്ലാവർക്കും ബാധകമായിരിക്കുകയും വേണം. ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കുവാൻ യുപി ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഒടിടി പ്ലാറ്റഫോമുകൾ, മയക്കുമരുന്ന്, ബിറ്റ്കോയിൻ എന്നിവയെല്ലാം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നുവെന്നും അവയെല്ലാം സർക്കാർ നിയന്ത്രിക്കണമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. ബിറ്റ്കോയിൻ പോലുള്ള രഹസ്യ കറൻസി സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്തും. അവരുടെ നിക്ഷിപ്ത ആഗോള താൽപ്പര്യങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒടിടി പ്ലാറ്റ് ഫോമുകളിലെ ഉള്ളടക്കത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ല, അവ രാജ്യത്തെ നശിപ്പിക്കും. ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കോാവിഡ് മഹാമാരിയെ തുടർന്ന് ഓരോ കൊച്ചുകുട്ടികളുടെയും കൈയിൽ മൊബൈൽ ഫോൺ ലഭിച്ചു. അതിൽ അവർ കാണുന്നതിന് നിയന്ത്രണങ്ങളില്ലെന്നും, എന്താണ് കാണുന്നതെന്ന് ആർക്കറിയാമെന്നും മോഹൻ ഭഗവത് ചോദിച്ചു.

എല്ലാത്തരം മയക്കുമരുന്നുകളും രാജ്യത്ത് വരുന്നു. ആളുകളിൽ മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചു. ഇത് എങ്ങനെ നിർത്താമെന്ന് തനിക്കറിയല്ല. ഈ ബിസിനസ് വഴി ലഭിക്കുന്ന പണമെല്ലാം ഇന്ത്യയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും മോഹൻ ഭഗവത് ആരോപിച്ചു

അഫ്ഗാനിസ്ഥാനിൽ താലിബാൻ മാറി എന്ന് അവകാശപ്പെടുന്നെങ്കിലും, അവർ പഴയ ആൾക്കാർ തന്നെയാണ് സൂചന. രാജ്യം അഫ്ഗാൻ ഭരണകൂടത്തോട് ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കണമെന്നും മോഹൻ ഭാഗവത്ത് ആവശ്യപ്പെട്ടു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read