രാഷ്ട്രീയം

'എന്നെയും നിങ്ങളെയും കൊല്ലാൻ പോലും പ്രധാനമന്ത്രി മടിക്കില്ല'; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ നിരന്തരം കേസെടുക്കുന്ന നടപടിക്കെതിരെ നാടകീയമായി പ്രതികരിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: നിരന്തരം ആം ആദ്മി പ്രവർത്തകരെ വിവാദങ്ങളിൽ പെടുത്തുന്നതിലും അവർക്കെതിരെ കേസെടുക്കുന്നതിലും പ്രതിഷേധിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നാടകീയ പ്രതിഷേധം. 'എന്നെയും നിങ്ങളെയും കൊല്ലാൻ പോലും പ്രധാനമന്ത്രി മടിക്കില്ല' എന്നു വീഡിയോ സന്ദേശത്തിലാണു കെജ്‌രിവാൾ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ അസ്വസ്ഥനാണെന്നും തന്നെയും ആംആദ്മി പാർട്ടി എംഎൽഎമാരേയും ഇല്ലായ്മ ചെയ്യാൻ വരെ ശ്രമിച്ചേക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. എഎപിയുടെ ഔദ്യോഗിക യു ട്യൂബ് അക്കൗണ്ടിലൂടെയാണു വീഡിയോ സന്ദേശം പുറത്തുവിട്ടത്.

എംഎൽഎമാരോട് ഒന്നുകിൽ എന്ത് ത്യാഗം സഹിക്കാൻ തയ്യാറാകാനും അല്ലെങ്കിൽ വീട്ടിൽ തന്നെ കഴിയാനും അദ്ദേഹം ആഹ്വാനം ചെയ്തു. ആം ആദ്മി എംഎൽഎമാർ നിരന്തരം വിവാദങ്ങളിൽ പെടുന്നതും അവർക്കെതിരെ കേസുകളുണ്ടാകുന്നിതിന്റെയും പശ്ചാത്തലത്തിലാണ് സാധാരണക്കാർക്കുള്ള സന്ദേശം എന്ന പേരിൽ വീഡിയോ പുറത്തിറക്കിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവരുന്നത് ആം അദ്മി പാർട്ടിയെ തകർക്കാനുള്ള നീക്കങ്ങളാണ്. ആം ആദ്മിയുടെ പത്ത് എംഎൽഎമാരെ അവർ അറസ്റ്റ് ചെയ്തു. ഒരു എംഎൽഎയുടെ വീട്ടിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. 21 എംഎൽഎമാരെ ഇരട്ട പദവിയുടെ പേരിൽ അയോഗ്യരാക്കാനുള്ള നീക്കം നടന്നു. ഒന്നിലധികം അന്വേഷണ സംഘങ്ങൾ നിരന്തരം ആം ആദ്മി പാർട്ടിയെ ലക്ഷ്യം വയ്ക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യങ്ങളുണ്ടോ എന്ന് സംശയമുണ്ട്.

പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം അമിത് ഷായാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു. പ്രധാനമന്ത്രി ഞങ്ങളുടെ മേൽ വാശി തീർക്കുകയാണ്. പ്രധാനമന്ത്രി ഇത്തരം പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടെന്നും താൻ അസ്വസ്ഥനാണെന്നും ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി.

MNM Recommends


Most Read