രാഷ്ട്രീയം

രാജ്യത്ത് ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞപ്പോൾ മുസ്സീങ്ങളിൽ 43.15 ശതമാനത്തിന്റെ വർദ്ധന; പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി റിപ്പോർട്ട് ഏറ്റുപിടിച്ച് ബിജെപി; വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി റിപ്പോർട്ടെന്ന് ഒവൈസി

ന്യൂഡൽഹി: രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറയുകയും, മുസ്ലീങ്ങൾ അടക്കം മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ കൂടുകയും ചെയ്തതായി റിപ്പോർട്ട്. 1950 നും 2015 നും ഇടയിൽ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞപ്പോൾ മുസ്ലിം ജനസംഖ്യ 43.15 ശതമാനം ഉയർന്നു. ഈ പശ്ചാത്തലത്തിൽ, രാജ്യത്ത് വൈവിധ്യം പരിപോഷിപ്പിക്കാൻ അനുകൂലാന്തരീക്ഷം ഉണ്ടെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ സമീപകാല പഠനത്തിലെ കണ്ടെത്തൽ.

രാജ്യത്തെ ജനസംഖ്യയിൽ ജൈന മതക്കാരുടെ പങ്ക് 1950 ലെ 0.45 ശതമാനത്തിൽ നിന്ന് 2015 ൽ 0.36 ശതമാനമായി കുറഞ്ഞു. ഹിന്ദുജനസംഖ്യ 1950 ലെ 84.68 ശതമാനത്തിൽ നിന്ന 78.06 ശതമാനമായി കുറയുകയാണുണ്ടായത്്( 1950-2015). മുസ്ലിം ജനസംഖ്യയുടെ വിഹിതം 1950 ൽ 9.84 ശതമാനമായിരുന്നു. 2015 ആകുമ്പോഴേക്ക് അത് 14.09 ശതമാനമായി ഉയർന്നു-43.15 ശതമാനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ ഷമിക രവിയുടെ നേതൃത്വത്തിലുള്ള ടീമാണ് മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതിക പങ്കാളിത്തം പഠനവിധേയമാക്കിയത്.

ക്രിസ്ത്യൻ ജനസംഖ്യ 2.24 ശതമാനത്തിൽ നിന്ന് 2.36 ശതമാനമായി ഉയർന്നു. 1950 നും 2015 നും ഇടയിൽ 5.38 ശതമാനത്തിന്റെ വർദ്ധന. സിഖ് ജനസംഖ്യ 1.24 ശതമാനത്തിൽ നിന്ന് 1.85 ശതമാനമായി ഉയർന്നു-6.58 ശതമാനം വർദ്ധന. അതേസമയം, രാജ്യത്ത് പാഴ്‌സി ജനസംഖ്യയിൽ വലിയതോതിൽ താഴ്ന്നതായി പഠനത്തിൽ കണ്ടെത്തി-85 ശതമാനം കുറവ്. 0.03 ശതമാനത്തിൽ നിന്ന് 0.004 ശതമാനമായി താഴ്ന്നു.

ഇന്ത്യയിൽ ഭൂരിപക്ഷ മതത്തിന്റെ ജനസംഖ്യ കുറയുമ്പോൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ തിരിച്ചാണെന്ന് പഠനത്തിൽ പറഞ്ഞു. ആ രാജ്യങ്ങളിൽ ന്യൂനപക്ഷ മതങ്ങൾ ചുരുങ്ങുകയും, ഭൂരിപക്ഷ മതങ്ങൾ ജനസംഖ്യയിൽ വിപുലമാവുകയും ചെയ്തു. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്ന് ന്യൂനപക്ഷ മതത്തിൽ പെട്ടവർ ഇവിടേക്ക് കുടിയേറിയതിൽ അദ്ഭുതമില്ലെന്നും പഠനത്തിൽ പറഞ്ഞു.

എല്ലാ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ഭൂരിപക്ഷ മതത്തിൽ പെട്ടവരുടെ ജനസംഖ്യ ഉയർന്നു. മാലദ്വീപ് മാത്രമാണ് ഇക്കാര്യത്തിൽ അപവാദം. അവിടെ ഭൂരിപക്ഷ മതമായ ഷാഫി സുന്നികൾ 1.47 ശതമാനമായി കുറഞ്ഞു. ബംഗ്ലാദേശിൽ ഭൂരിപക്ഷ മതജനസംഖ്യയിൽ 18 ശതമാനം വർദ്ധനയിം, പാക്കിസ്ഥാനിൽ (ഹനാഫി മുസ്ലിം) 3.75 ശതമാനവും വർദ്ധന രേഖപ്പെടുത്തി. മുസ്ലിം ഇതര രാജ്യങ്ങളിൽ മ്യാന്മർ, ഇന്ത്യ, നേപ്പാൾ രാജ്യങ്ങളിൽ ഭൂരിപക്ഷ മതസംഖ്യയിൽ വലിയ കുറവ് രേഖപ്പെടുത്തി.

വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി റിപ്പോർട്ടെന്ന് ഒവൈസി

വാട്‌സാപ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള റിപ്പോർട്ടാകും ഇതെന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പ്രതികരിച്ചു. ആരാണ് ഈ റിപ്പോർട്ട് തയാറാക്കിയതെന്നും ചോദിച്ചു. ആർ.എസ്.എസും ബിജെപിയും ഇന്ത്യയിലെ ബഹുസ്വരതയും വൈവിധ്യവും ഇഷ്ടപ്പെടുന്നില്ലെന്നും ഉവൈസി പറഞ്ഞു.

റിപ്പോർട്ടിന്റെ ചുവടുപിടിച്ച് ബിജെപി നേതാക്കൾ കോൺഗ്രസിനെതിരെ പ്രചാരണവുമായി രംഗത്തുവന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഹിന്ദുക്കൾക്ക് രാജ്യമുണ്ടാകില്ലെന്നാണ് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ഹിന്ദു ജനസംഖ്യ കുറയാൻ കോൺഗ്രസിന്റെ നയങ്ങൾ കാരണമായെന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read