രാഷ്ട്രീയം

മോദിയുടെ 'ദീപം തെളിയിക്ക'ലിന്റെ ലക്ഷ്യം മറ്റൊന്ന്: ബിജെപിയുടെ സ്ഥാപകദിനം ആഘോഷിപ്പിക്കാനുള്ള തന്ത്രം; ദീപം തെളിയിക്കാൻ ഈ തിയതിയും സമയവും മറ്റും തിരഞ്ഞെടുക്കാൻ മറ്റെന്താണ് കാരണം; ശാസ്ത്രീയമോ യുക്തിസഹമോ ആയ എന്തെങ്കിലും ഒരു കാരണം ഇതിന് പിന്നിലുണ്ടെങ്കിൽ പ്രധാനമന്ത്രി പറയട്ടെ; ലോകമൊട്ടാകെ ഒരു വിപത്തിനെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുമ്പോൾ സ്വന്തം പാർട്ടിയുടെ ഹിഡൻ അജണ്ട തള്ളികയറ്റാൻ ശ്രമം; മോദിയുടെ ആഹ്വാനത്തിനെതിരേ രൂക്ഷ വിമർശനവുമായി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: ഇന്ന് രാത്രി ഒമ്പത് മണിക്ക് ലൈറ്റുകൾ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരേ രൂക്ഷ വിമർശനവുമായി ജെഡിഎസ് നേതാവും കർണാടക മു്ൻ മുഖ്യമന്ത്രിയുമായ എച്ചഡി കുമാരസ്വാമി. രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കുന്നതിലൂടെ ബിജെപിക്ക് അവരുടെ സ്ഥാപക ദിനം പരോക്ഷമായി ആഘോഷിക്കുന്നതിനുള്ള പദ്ധതിയാണെന്ന് കുമാരസ്വാമി ആരോപിച്ചു.

കൊറോണക്കെതിരായ പോരാട്ടത്തിൽ ഐക്യം വിളിച്ചോതുന്നതിന് വേണ്ടി ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പല പ്രതിപക്ഷപാർട്ടി നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിരുന്നെങ്കിലും വ്യത്യസ്തമായ ആരോപണമാണ് കുമാരസ്വാമി ഉന്നയിച്ചിരിക്കുന്നത്.

ഏപ്രിൽ ആറിന് സ്ഥാപകദിനം ആഘോഷിക്കാൻ ബിജെപി ധൈര്യപ്പെടില്ല. ഇതേ തുടർന്ന് എല്ലാ ഇന്ത്യക്കാരേക്കൊണ്ടും അവരുടെ ഉദ്ദേശ്യത്തിനായി പാർട്ടി പിറവിയുടെ തലേന്ന് ദീപം തെളിയിപ്പിക്കുകയാണെന്നും കുമാരസ്വാമി ട്വിറ്ററിലൂടെ പറഞ്ഞു. 'ദീപം തെളിയിക്കാൻ ഈ തിയതിയും സമയവും മറ്റും തിരഞ്ഞെടുക്കാൻ മറ്റെന്താണ് കാരണം. ഇക്കാര്യത്തിൽ വിശ്വസനീയവും യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നു' കുമാരസ്വാമി ട്വീറ്റിൽ കുറിച്ചു.

ദേശീയ പ്രതിസന്ധിയെ സ്വന്തം പ്രതാപം ഉയർത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് ലജ്ജാകരമാണ്. ലോകമൊട്ടാകെ ഒരു വിപത്തിനെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുമ്പോൾ സ്വന്തം പാർട്ടിയുടെ ഹിഡൻ അജണ്ട തള്ളികയറ്റാൻ ശ്രമിക്കുന്നു. ഡോക്ടർമാർക്കും മറ്റും വ്യക്തിസുരക്ഷിത്വത്തിനുള്ള ഉപകരണങ്ങൾ നൽകാനോ സാധാരണക്കാരന് താങ്ങാനാവുന്നവിധത്തിൽ പരിശോധനാ കിറ്റുകൾ ലഭ്യമാക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കൊറോണയെ നേരിടാൻ എന്ത് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പറയാതെ ഇതിനകം തളർന്നുപോയ ഒരു ജനതയെക്കൊണ്ട് അർത്ഥമില്ലാത്ത ജോലികൾ ചെയ്യിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം, ജനതാ കർഫ്യൂ ദിനത്തിൽ വൈകീട്ട് വീടുകളുടെ ബാൽക്കണിയിൽ കയറി പാത്രം കൂട്ടിയിടിക്കണമെന്ന് മോദി ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ആരോഗ്യപ്രവർത്തകരോടുള്ള ഐക്യദാർഢ്യം എന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഈ ആവശ്യത്തിനും ഏറെ വിമർശനം നേരിട്ടിരുന്നു. പലയിടത്തും ജനങ്ങൾ കൂട്ടം ചേർന്ന് പാത്രം കൂട്ടിയിടിച്ചതും വലിയ വാർത്തയായി.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read