രാഷ്ട്രീയം

തെരഞ്ഞെടുപ്പ് കാലത്ത് മോഹന വാഗ്ദാനങ്ങൾ നൽകി; വിജയിച്ചുകഴിഞ്ഞപ്പോൾ തിരിഞ്ഞു നോക്കുന്നില്ല; ബിജെപിയിൽ ചേർന്ന മന്മോഹൻ സിംഗിന്റെ സഹോദരന് ഇപ്പോൾ നിരാശ മാത്രം ബാക്കി

തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ ചേരുമ്പോൾ ദൽജിത്ത് സിങ് കോഹ്ലിക്ക് എന്തൊക്കെ പ്രതീക്ഷകളാണ് ബിജെപി നൽകിയത്. പ്രധാനമന്ത്രിയായിരുന്ന മന്മോഹൻസിങ്ങിന്റെ അർധസഹോദരനായ ദൽജിത്ത് ബിജെപിയിൽ ചേർന്നതിന് വലിയ പ്രചാരണവും കിട്ടി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന നരേന്ദ്ര മോദിയും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും പങ്കെടുത്ത ചടങ്ങിലായിരുന്നു ദൽജിത്തിന് പാർട്ടിഅംഗത്വം നൽകിയത്. 

എന്നാൽ, തിരഞ്ഞെടുപ്പ് കഴിയുകയും മോദി പ്രധാനമന്ത്രിയാവുകയും ചെയ്തതോടെ ദൽജിത്തിനെ ബിജെപി കൈയൊഴിഞ്ഞു. മര്യാദയ്ക്ക് ബിസിനസ് നടത്തി ജീവിച്ചിരുന്ന ദൽജിത്തിന് ഇപ്പോൾ അതുമില്ല ഇതുമില്ല എന്ന അവസ്ഥയായി. ബിജെപിയിൽ ഒരു ഭാരവാഹിത്വം പോലും നൽകാൻ ഇതുവരെ പാർട്ടി തയ്യാറായിട്ടില്ല. ആകെ നിരാശനായ ദൽജിത്ത് ഇക്കാര്യം പാർട്ടി കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാനൊരുങ്ങുകയാണിപ്പോൾ.

കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി നാളെ അമൃത്‌സറിലെത്തുമ്പോൾ ഇക്കാര്യം ധരിപ്പിക്കാൻ ദൽജിത്ത് തീരുമാനിച്ചിട്ടുണ്ട്. താൻ പാർട്ടിയിൽ അംഗമായത് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടിയല്ലെന്ന് പറയുമ്പോഴും, തന്നെ പാർട്ടി അവഗണിക്കുന്നതാണ് അദ്ദേഹത്തിന് സഹിക്കാൻ കഴിയാത്തത്. എന്നുകരുതി താൻ കോൺഗ്രസ്സിലേക്ക് തിരിച്ചുപോവുകയില്ലെന്നും അദ്ദേഹം പറയുന്നു.

മന്മോഹൻ സിങ്ങിനെ ഗാന്ധി കുടുംബം അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ദൽജിത്ത് കോൺഗ്രസ് വിട്ടത്. ഇപ്പോഴും അതേ എതിർപ്പ് കോൺഗ്രസ്സിനോട് അദ്ദേഹത്തിനുണ്ട്. എന്നാൽ, മന്മോഹൻ സിങ്ങുമായുള്ള അടുപ്പത്തിന് തെല്ലും കുറവ് വന്നിട്ടില്ലെന്നും ദൽജിത്ത് പറയുന്നു. ബിജെപി ഏൽപിക്കുന്ന ഏത് ചുമതലയും വഹിക്കാൻ താനൊരുക്കമാണെന്നും അദ്ദേഹം പറയുന്നു.

MNM Recommends


Most Read