രാഷ്ട്രീയം

അമേരിക്കയും ചൈനയും യുദ്ധത്തിനൊരുങ്ങുന്നു; ടിയാനന്മർ സ്‌ക്വയർ ദുരന്തത്തിനു ശേഷം ചൈന നേരിടുന്ന ഏറ്റവും വലിയ ഒറ്റപ്പെടൽ; ലോകം ശ്വാസം മുട്ടിക്കുമ്പോൾ പിടിച്ചു നിൽക്കാൻ പദ്ധതി തയ്യാറാക്കണം; കൊറോണാനന്തര കാലത്തെ കുറിച്ചുള്ള ചൈനയുടെ റിപ്പോർട്ട് ഇങ്ങനെ

ബെയ്ജിങ്: ലോകം മുഴുവൻ നാശം വിതച്ച കൊറോണ ദുരന്തത്തിൽ ചൈനയുടെ പങ്ക് ഏതാണ്ട് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. വൈറസ് മൃത്രിമമോ അല്ലയോ, പുറത്തുവിട്ടതോ ലബോറട്ടറിയിൽ നിന്നും ചാടി പോയതോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകി തള്ളിക്കളയാമെങ്കിലും, അസത്യങ്ങളും അർദ്ധസത്യങ്ങളും വിളിച്ചുപറഞ്ഞ്, ഈ മഹാവ്യാധിയുടെ ശക്തി കുറച്ചുകണ്ട് ലോകം മുഴുവൻ പടരാൻ അനുവദിച്ചു എന്നുള്ളത് തർക്കമറ്റകാര്യം തന്നെയാണ്. ഈ സാഹചര്യത്തിലാണ് പ്രമുഖ ലോക രാഷ്ട്രങ്ങളെല്ലാം തന്നെ ചൈനക്ക് എതിരായി വന്നത്. അമേരിക്കയുമായി കൊറോണാക്കാലത്ത് വഷളായ സാഹചര്യം ഒരു യുദ്ധത്തിൽ തന്നെ കലാശിച്ചേക്കാം എന്നാണ് ചൈനയുടെ ഒരു അഭ്യന്തര റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത്.

സ്റ്റേറ്റ് സെക്യുരിറ്റി മന്ത്രാലയം കഴിഞ്ഞ മാസം പ്രസിഡണ്ട് ഷി ജിങ്പിങ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. 1989-ലെ ടിയാനന്മെൻ സ്‌ക്വയർ സംഭവത്തിനു ശേഷം ലോകത്തിന്റെ ചൈനാ വിരുദ്ധ വികാരം അതിന്റെ ഔന്നത്യത്തിൽ എത്തിനിൽക്കുകയാണ് ഇപ്പോൾ എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ ഫലമായി, കൊറോണാനന്തര കാലഘട്ടത്തിൽ അമേരിക്കയുടെ നേതൃത്വത്തിൽ ഒരു ചൈനാ വിരുദ്ധ തരംഗം തന്നെ അഭിമുഖീകരിക്കാം എന്ന് പറയുന്ന റിപ്പോർട്ടിൽ, അതിന്റെ പാരമ്യതയിൽ രണ്ട് ലോകശക്തികൾ തമ്മിലുള്ള ഒരു ആയുധ പോരാട്ടത്തിന് വരെ സാധ്യതകാണുന്നു.

സ്റ്റേറ്റ് സെക്യുരിറ്റി മന്ത്രാലയത്തോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ചൈന ഇൻസ്റ്റിറ്റിയുട്ട് ഓഫ് കൺടമ്പററി ഇന്റർനാഷണൽ റിലേഷൻസ് (സി ഐ സി ഐ ആർ) ആണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതുമായി അടുത്ത ബന്ധമുള്ള ചിലരാണ് ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്. എന്നാൽ ഇതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക്, തന്റെ പക്കൽ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെയില്ലാ എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞത്. സ്റ്റേറ്റ് സെക്യുരിറ്റി മന്ത്രാലയത്തിലെ ആരും തന്നെ ഇതിനെ കുറിച്ച് പറയുവാൻ തയ്യാറായതുമില്ല.

ചൈനീസ് സർക്കാരിൽ അതീവ സ്വാധീനമുള്ള ഒരു സ്ഥാപനമാണ് സി ഐ സി ഐ ആർ. സർക്കാരിന് വിദേശ നയത്തെ കുറിച്ചും സുരക്ഷാ നയങ്ങളെ കുറിച്ചും ഉപദേശങ്ങൾ നൽകുന്നതും ഈ സ്ഥാപനമാണ്. ഇവരും ഈ റിപ്പോർട്ടിനെ കുറിച്ച് ഒന്നും പറയാൻ തയ്യാറായില്ല. എന്നിരുന്നാലും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, അന്താരാഷ്ട്ര തലത്തിൽ ഉയർന്നു വരുന്ന ഈ ചൈനാ വിരുദ്ധ വികാരം ഒരു ഭീഷണിയാകും എന്നു തന്നെ ചൈന വിശ്വസിക്കുന്നു എന്നാണ്. ദേശീയ സുരക്ഷ മാത്രമല്ല, വിദേശങ്ങളിലുള്ള നിക്ഷേപങ്ങൾക്കും ഇത് ഭീഷണിയാകും എന്ന് ചൈന തിരിച്ചറിയുന്നു.

ചൈനയും അമേരിക്കയുമായുള്ള ബന്ധം അതിന്റെ ഏറ്റവും താണനിലയിലാണ് ഇപ്പോൾ ഉള്ളത്. മാത്രമല്ല, കൊറോണ ആയിരങ്ങളെ കൊന്നൊടുക്കിയ അമേരിക്കയിൽ ട്രംപ് വിരുദ്ധവികാരം ശക്തിപ്രാപിക്കുന്നുണ്ട്. ആതു മാത്രമല്ല തകരുന്ന സമ്പദ് വ്യവസ്ഥയും ട്രംപിനെതിരായി ചിന്തിക്കാൻ അമേരിക്കക്കാരെ പ്രേരിപ്പിക്കുന്നുണ്ട്, തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ ഇതിനെയെല്ലാം മറികടക്കുവാൻ ചൈന വിരുദ്ധവികാരം ശക്തിപ്പെടുത്തുവാനായിരിക്കും ട്രംപ് ശ്രമിക്കുക.

അതിനു പുറമേ, ചൈന ഒരു ലോക സാമ്പത്തിക ശക്തിയായി വളർന്നു വരുന്നത് അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്. പാശ്ചാത്യ ജനാധിപത്യ ഭരണകൂടങ്ങൾക്ക് ഭീഷണിയായാണ് ചൈനയെ അമേരിക്ക വീക്ഷിക്കുന്നത് എന്നും ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.ഇന്ന് ലോകമാകമാനം ഉയർന്നിരിക്കുന്ന ചൈനാ വിരുദ്ധവികാരം ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ പദ്ധതികളെ താളം തെറ്റിച്ചേക്കാം എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഈ മേഖലയിലെ സഖ്യകക്ഷികൾക്ക് സാമ്പത്തിക സഹായവും ആയുധ സഹായവും നൽകി അമേരിക്ക ഏഷ്യയിലെ സ്ഥിതി സ്ഫോടനാത്മകമാക്കിയേക്കാം എന്നും പറയുന്നു.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ്, ചൈനയിലെ ടിയാനന്മെൻ സ്‌ക്വയറിൽ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികളെ നിഷ്‌കരുണം കൊന്നുതള്ളിയ ചൈനീസ് സർക്കാരിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. അമേരിക്കയുൾപ്പടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളും ചൈനയിലേക്കുള്ള ആയുധ വിൽപനയും സാങ്കേതിക വിദ്യാ കൈമാറ്റവും നിരോധിക്കുകയും ചെയ്തിരുന്നു. പക്ഷെ അന്നത്തെ ചൈനയല്ല ഇന്നത്തെ ചൈന. ഏറെ മുൻപോട്ട് പോയ ചൈനയെ മുട്ടുകുത്തിക്കുക അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read