രാഷ്ട്രീയം

ജമാൽ ഖഷോഗി നോട്ടപ്പുള്ളിയായത് എംബിഎസ് ജയിലിൽ അടച്ച രാജകുമാരൻ അൽവലീദ് ബഹ്റിനിൽ തുടങ്ങിയ ചാനലിന്റെ തലവനായതോടെ; ചാനൽ തുടങ്ങുമ്പോഴെ മുന്നറിയിപ്പുകൾ നൽകിയിരുന്നതായി വെളിപ്പെടുത്തിയത് കനേഡിയൻ ബിസിനസുകാരൻ; മറനീക്കി പുറത്ത് വന്നത് സൗദി രാജകുടുംബത്തിലെ കടുത്ത ഭിന്നതകൾ; എംബിഎസിന് പദവി തെറിച്ചാൽ സൗദിയുടെ പരിഷ്‌കാരങ്ങൾ വീണ്ടും പിറകോട്ട് നീങ്ങും

ഇസ്താംബൂൾ: ജേർണലിസ്റ്റ് ജമാർ ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ഈ മാസം രണ്ടാം തിയതി വധിച്ചതിന് പുറകിൽ പ്രവർത്തിച്ചത് സൗദി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന് (എംബിഎസ്) അദ്ദേഹത്തോടുള്ള പകയായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

ഖഷോഗി എംബിഎസിന്റെ നോട്ടപ്പുള്ളിയായിട്ട് കുറച്ച് കാലമായെന്നും വെളിപ്പെട്ടിട്ടുണ്ട്. അതായയത് എംബിഎസ് ജയിലിൽ അടച്ച രാജകുമാരൻ അൽവലീദ് ബഹ്റിനിൽ തുടങ്ങിയ ചാനലിന്റെ തലവനായി ഖഷോഗി ചുമതലയേറ്റത് മുതൽ എംബിഎസിന് ഖഷോഗിയോടുള്ള വിരോധം വർധിച്ചിരുന്നുവെന്ന വിധത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഈ ചാനൽ തുടങ്ങുമ്പോൾ തന്നെ ഇത് സംബന്ധിച്ച കടുത്ത മുന്നറിയിപ്പുകൾ എംബിഎസ് ഖഷോഗിക്ക് നൽകിയിരുന്നുവെന്നും അത് അവഗണിച്ച് കൊണ്ട് മുന്നോട്ട് പോയതാണ് പക പൂണ്ട കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഈ ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത് കനേഡിയൻ ബിസിനസുകാരനായ അലൻ ബെൻഡർ ആണ്.

ചുരുക്കിപ്പറഞ്ഞാൽ ഖഷോഗിയുടെ കൊലപാതകത്തിലൂടെ സൗദി രാജകുടുംബത്തിലെ കടുത്ത ഭിന്നതകളാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്. ഖഷോഗിയുടെ കൊലപാതകത്തിന് പുറകിൽ എംബിഎസാണെന്ന് വ്യക്തമായതിനെ തുടർന്ന് അദ്ദേഹത്തെ കിരീടാവകാശി സ്ഥാനത്ത് നിന്നും പുറത്താക്കി ഭരണകൂടത്തിന്റെ മുഖം രക്ഷിക്കാൻ സൽമാൻ രാജാവ് ശ്രമിക്കുമെന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്.

അങ്ങനെ വന്നാൽ സൗദിയെ യാഥാസ്ഥിതികതയുടെ ചങ്ങലക്കെട്ടുകളിൽ നിന്നും മോചിപ്പിച്ച് പരിഷ്‌കാരത്തിന്റെ പാതയിലേക്ക് നയിക്കുന്ന എംബിഎസിന്റെ ശ്രമങ്ങൾ ഇല്ലാതാവുമെന്നും തൽഫലമായി സൗദി വീണ്ടും യാഥാസ്ഥിതികത്വത്തിലേക്ക് കൂപ്പ് കുത്തുമെന്നുമുള്ള ആശങ്കകളും വർധിച്ചിട്ടുണ്ട്. സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യുന്നതിനുള്ള വിലക്ക് നീക്കുകയും മ്യൂസിക്ക് കൺസേർട്ടുകൾ തിരിച്ച് കൊണ്ടു വരുകയും ചെയ്ത് സൗദിയെ തീവ്രവാദത്തിൽ നിന്നും മിതവാദ ഇസ്ലാമിലേക്ക് തിരിച്ച് കൊണ്ടു വരാൻ തുടക്കമിട്ട നവോത്ഥാന നായകനായി തിളങ്ങാൻ തുടങ്ങുകയായിരുന്നു എംബിഎസ്. അതിനിടെ അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കുമെന്ന അഭ്യൂഹം കടുത്ത പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

തന്നെയും സൗദി ഭരണകൂടത്തെയും നിരന്തരം വിമർശിക്കുന്നയാളും വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റുമായ ഖഷോഗിയോടുള്ള എംബിഎസിന്റെ പക ആരംഭിക്കുന്നത് 2015 മുതലാണെന്നാണ് റോയൽ അഡൈ്വസർ പറയുന്നത്. അതായയ് അൽവലീദ് ബഹ്റിൻ കേന്ദ്രമാക്കി അൽ അറബ് ചാനൽ തുടങ്ങുകയും അതിന്റെ തലവനായി എംബിഎസിന്റെ തലവനായി അവരോധിക്കുകയും ചെയ്തത് മുതലായിരുന്നു ഈ വിരോധം ആരംഭിച്ചിരുന്നത്.

തനിക്ക് എംബിഎസിന്റെ ഭീഷണിയുണ്ടെന്ന് ഖഷോഗി തന്നോട് പലവട്ടം വെളിപ്പെടുത്തിയിരുന്നുവെന്നാണ് കനേഡിയൻ ബിസിനസുകാരനായ അലൻ ബെൻഡർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read