രാഷ്ട്രീയം

കാലുവാരി തോൽപിച്ചാൽ അധ്യക്ഷപദം നേതാവിന് അകലെയാകും; കോന്നിയിൽ പ്രചാരണ ചുമതല കൃഷ്ണദാസ് പക്ഷക്കാരനായ എഎൻ രാധാകൃഷ്ണന് നൽകിയതും ഗൂഢാലോചനയോ? ഇത് പാർട്ടി സംസ്ഥാന പ്രസിഡന്റ് പദത്തിൽ നിന്ന് സുരേന്ദ്രനെ ഒഴിവാക്കാനുള്ള സ്നേഹപ്പാര തന്നെ: കേന്ദ്രനേതൃത്വത്തിൽ സമ്മർദം ചെലുത്തി സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ പതിനെട്ട് അടവും പയറ്റി കൃഷ്ണദാസ് പക്ഷം; കരുതലോടെ സുരേന്ദ്രനും; കോന്നിയിൽ ബിജെപിയിൽ സർവ്വത്ര അനിശ്ചിതത്വം

തിരുവനന്തപുരം: കോന്നിയിൽ കെ സുരേന്ദ്രനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് കൃഷ്ണദാസ് പക്ഷമെന്ന ആക്ഷേപം ശക്തം. സംസ്ഥാന അധ്യക്ഷപദത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന സുരേന്ദ്രനെ കോന്നിയിൽ നിർത്തി തോൽപിക്കാനാണ് ലക്ഷ്യം.

ശബരിമല പോലെ അനുകൂല വിഷയം ഉണ്ടായിട്ടും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലും കോന്നി നിയമസഭാ മണ്ഡലത്തിലും ജയിക്കാൻ കഴിയാതെ പോയി എന്ന കാരണം പറഞ്ഞ് സുരേന്ദ്രനെ അധ്യക്ഷപദത്തിൽ നിന്ന് അകറ്റുകയും ചെയ്യാം. ഇനി ഇടതു-വലതു സ്ഥാനാർത്ഥികൾക്ക് സ്വന്തം മുന്നണികളിൽ നിന്ന് എതിർപ്പുള്ളതിനാൽ ഭാഗ്യം തുണച്ച് സുരേന്ദ്രൻ കയറിപ്പോയാലും അത് കൃഷ്ണദാസ് പക്ഷത്തിന് സന്തോഷമാകും. അധ്യക്ഷപദത്തിൽ നിന്ന് സുരേന്ദ്രൻ ഒഴിയുമല്ലോ!

പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ തന്നെ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ താനില്ലെന്ന് സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയിരുന്നു. ഇനി ഒരു തെരഞ്ഞെടുപ്പിൽ തൽക്കാലം തന്നെ പ്രതീക്ഷിക്കേണ്ട എന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ കോന്നിയിൽ എൻഡിഎയ്ക്ക് മുൻതൂക്കമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ മൂന്നാം സ്ഥാനത്തുള്ള സുരേന്ദ്രനും വിജയിച്ച ആന്റോ ആന്റണിയും തമ്മിൽ രണ്ടായിരത്തിൽപ്പരം വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രനെ രംഗത്തിറക്കാൻ കൃഷ്ണദാസ് പക്ഷം ശ്രമിക്കുന്നത്. കോന്നിയിൽ ബിജെപിയുടെ സംഘടനാ സംവിധാനം ദുർബലമാണ്.

പുതുതായി ഒരു വോട്ട് പോലും ചേർക്കാൻ കഴിഞ്ഞിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രന്റെ വ്യക്തിപ്രഭാവവും ശബരിമല വിഷയവും കൊണ്ടാണ് ബിജെപിക്ക് 29,000 വോട്ട് കൂടുതലായി പിടിക്കാൻ കഴിഞ്ഞത്. ഇടതു-വലതു മുന്നണികളുടെ വോട്ടിൽ ചോർച്ചയുണ്ടാക്കാനും കഴിഞ്ഞു. നിലവിൽ കൃഷ്ണദാസ് പക്ഷക്കാരനായ സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനാണ് കോന്നിയുടെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്നത്. പുറമേ സുരേന്ദ്രൻ ജയിക്കുമെന്ന് പറയുന്ന കൃഷ്ണദാസ് പക്ഷക്കാർ പിന്നിലൂടെ പാലം വലിക്കുകയാണ് ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും അതാണ് നടന്നത്.

സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് എങ്കിലും എത്തേണ്ടിയിരുന്നു പത്തനംതിട്ടയിൽ. സംഘടനാ സംവിധാനം ദുർബലമായിരുന്നു. അടിത്തട്ടിൽ പ്രചാരണം നടന്നില്ല. ഇത്രയൊക്കെയായിട്ടും മൂന്നു ലക്ഷത്തിന് അടുത്ത് വോട്ട് നേടാൻ സുരേന്ദ്രന് കഴിഞ്ഞിരുന്നു. വോട്ട് വിഹിതം കുറഞ്ഞതിന്റെ കാരണം കണ്ടു പിടിക്കാൻ ഇതുവരെ പാർട്ടിയുടെ ജില്ലാ നേതൃത്വമോ സംസ്ഥാന സമിതിയോ തയാറായിട്ടില്ല. ഒരു അന്വേഷണവും നടത്തിയതുമില്ല. സുരേന്ദ്രന്റെ പ്രചാരണം വഴിതെറ്റിക്കാനും ശ്രമം നടന്നു. രാവിലെ തിരുവല്ലയിൽ പ്രചാരണം വച്ച ശേഷം ഉച്ച കഴിഞ്ഞ് പൂഞ്ഞാറിലേക്ക് വിളിച്ചു കൊണ്ടു പോകുന്ന മണ്ടത്തരവും കാണാൻ കഴിഞ്ഞു.

രണ്ടു മണിക്കൂർ യാത്രയും കഴിഞ്ഞ് വലഞ്ഞ് അവിടെ ചെന്ന് ഒരു മണിക്കൂർ കഴിയുമ്പോൾ വീണ്ടും പത്തനംതിട്ടയിലേക്ക് തിരിച്ചു വരുന്ന തരത്തിലാണ് പ്രചാരണം ഷെഡ്യൂൾ തയാറാക്കിയിരുന്നത്. ഇതൊക്കെ സുരേന്ദ്രന് വോട്ടു കുറയാനും കാരണമായി. ആർഎസ്എസിന്റെ പ്രവർത്തനവും തൃപ്തികരമല്ലായിരുന്നു. സംഘടനാ ജനറൽ സെക്രട്ടറി കെ സുഭാഷ് കുറച്ചു ദിവസം പത്തനംതിട്ടയിൽ തമ്പടിച്ചപ്പോഴാണ് ആർഎസ്എസ് പ്രചാരണം ചൂടുപിടിച്ചത്. അദ്ദേഹം മടങ്ങിയതിന് പിന്നാലെ പ്രചാരണവും കുളമായി.

നിലവിൽ കോന്നിയിൽ ബിജെപിക്ക് അനുകൂല സാഹചര്യമുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ്‌കുമാറിനും യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജിനും സ്വന്തം പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പാണുള്ളത്. എൻഡിഎയ്ക്ക് ശക്തനായ ഒരു സ്ഥാനാർത്ഥി വന്നാൽ വിജയ പ്രതീക്ഷയുണ്ട് താനും. ആർഎസ്എസിന്റെ സംഘടനാ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുകയും സുരേന്ദ്രൻ സ്ഥാനാർത്ഥിയാവുകയും ചെയ്താൽ ബിജെപിക്ക് വിജയപ്രതീക്ഷയുണ്ട്. അതിന് ആർഎസ്എസ് പിന്നിൽ നിന്ന് മുന്നിലേക്ക് വരേണ്ടതുണ്ട്. ഇത് സംഭവിക്കുമെന്നാണ് പരിവാറുകാരുടെ പ്രതീക്ഷ. അതുകൊണ്ടാണ് സുരേന്ദ്രൻ എന്ന ആവശ്യം ഉയരുന്നതും.

MNM Recommends


Most Read