രാഷ്ട്രീയം

പി കെ കുഞ്ഞാലിക്കുട്ടി കിങ് മേക്കർ എന്ന് പുകഴ്‌ത്തിയ ഇ പി ജയരാജന്റെ തന്ത്രം ലീഗിൽ ചാഞ്ചാട്ടം ഉണ്ടാക്കുമോ? അപകടം മണത്ത് തുടക്കത്തിലേ ഉടക്കിട്ട് സിപിഐയും; ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിലെ മുന്നണി രാഷ്ട്രീയം വഴിത്തിരിവിലേക്കോ?

തിരുവനന്തപുരം: മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ ഇന്ന് രംഗത്തുവന്നു. ഇപിയുടെ നീക്കം വെറുതേയല്ലെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ന്യൂനപക്ഷ രാഷ്ട്രീയമാണ് കുറച്ചുകാലമായി എൽഡിഎഫ് കളിക്കുന്നത്. അതുകൊണ്ട് ലീഗ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാനും അവർക്ക് സാധിച്ചു. ഐഎൻഎല്ലിനും എ അബ്ദുറഹ്മാനും മന്ത്രിസ്ഥാനം നൽകിയത് അടക്കമുള്ള കാര്യങ്ങൽ മുസ്ലിംരാഷ്ട്രീയത്തെ ലക്ഷ്യമിട്ടു തന്നെയാണ്.

കുറച്ചുകാലം മുമ്പ് ലീഗിനെ വർഗീയ പ്രസ്ഥാനമെന്ന് ആരോപിച്ചായിരുന്നു സിപിഎം രംഗത്തുവന്നത്. എന്നാൽ, ഈ അഭിപ്രായമാണ് ലീഗ് തിരുത്തുന്നത്. ലീഗിന് പിന്നിൽ അണിനിരക്കുന്നവരെ കൂടി ലക്ഷ്യം വച്ചാണ് സിപിഎം ശ്രമം. പി കെ കുഞ്ഞാലിക്കുട്ടി ഇപിയുടെ ക്ഷണം തള്ളുകയുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പി ശശി കൂടി എത്തിയതോടെ ലീഗുമായി കൂട്ടുകൂടാനുള്ള പ്രവണത സിപിഎമ്മിൽ വർധിക്കുമെന്നും കരുതുന്നവരുണ്ട്.

ഇതിനിടെയാണ് രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിങ് മേക്കറാണ് കുഞ്ഞാലിക്കുട്ടിയെന്നാണ് ഇ പി ജയരാജൻ വിശേഷിപ്പിച്ചത്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് അടവു നയം സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തോൽവി ഉണ്ടായാൽ അത് മുന്നണി രാഷ്ട്രീയത്തിൽ മാറ്റത്തിന് ഇടയാക്കിയേക്കാം. ജോസ് കെ മാണി അടക്കം ഇതിനോടകം മറുകണ്ടം ചാടിക്കഴിഞ്ഞു. വീണ്ടും ഭരണം കിട്ടാത്ത അവസ്ഥ ഉണ്ടാകുന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം സഹിക്കാൻ കഴിയുന്ന കാര്യമല്ല. അതുകൊണ്ടാണ് ലീഗ് ഒരു വലിയ നോ പറയാതിരിക്കുന്നതും.

അതേസമയം ഇ പി ജയരാജന്റെ നീക്കത്തിലെ അപകടം തിരിച്ചറിഞ്ഞ സിപിഐ തുടക്കത്തിൽ തന്നെ ഉടക്കുമായി രംഗത്തുണ്ട്. മുന്നണി വിപുലീകരണം ഇപ്പോൾ ചർച്ചയിൽ ഇല്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇ പി ജയരാജൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്നും കാനം പറഞ്ഞു. കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാൽ മുസ്ലിം ലീഗിന്റെ മുന്നണി പ്രവേശം ആലോചിക്കാമെന്നും യു.ഡി.എഫിൽ നിൽക്കുന്ന ആർ.എസ്‌പിയും പുനർചിന്തനം നടത്തണമെന്നുമാണ് ഇ പി ജയരാജൻ പറഞ്ഞത്.ഇപ്പോൾ ശക്തമായ ഒരു മുന്നണിയിലാണ്. അത് മാറേണ്ടതില്ല.

പാർട്ടി അണ്ടൻഡയിൽ അത്തരമൊരു കാര്യമില്ല. അത് ചർച്ച ചെയ്തിട്ടില്ല. നിൽക്കുന്നിടത്ത് ഉറച്ചുനിൽക്കുമെന്നാണ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ആർ.എസ്‌പിയെ തകർത്ത് സിപിഎമ്മിന്റെ അടിമയാക്കി കൊണ്ടുപോകാൻ ശ്രമിക്കേണ്ട. ആർ.എസ്‌പി ഇടതുമുന്നണി വിട്ടുപോകാനിടയായ കാര്യങ്ങൾ ജയരാജൻ നന്നായി മനസ്സിലാക്കണമെന്ന് ആർ.എസ്‌പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും പ്രതികരിച്ചു.

മുസ്‌ലിം ലീഗ് ഇടതുമുന്നണിയിലേക്ക് വരുന്നതിൽ എതിർപ്പില്ലെന്ന് കെ.ബി ഗണേശ് കുമാർ എംഎ‍ൽഎയും പറഞ്ഞിരുന്നു. എൽ.ഡി.എഫിലേക്ക് ആർക്ക് വേണമെങ്കിലും വരാം. ലീഗിലെ അഴിമതിക്കാരെയാണ് പാർട്ടിയെ അല്ല എതിർത്തിട്ടുള്ളത്. സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള അടിയാണ് യുഡിഎഫിൽ നടക്കുന്നതെന്നുമായിരുന്നു ഗണേശ് കുമാറിന്റെ പ്രസ്താവന

അതേസമയം ഇ.പി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്ത് എത്തിയിരുന്നു. മുന്നണി മാറ്റം മുസ്ലിം ലീഗിന്റെ അജണ്ടയിൽ ഇല്ലെന്ന് പലകുറി വ്യക്തമാക്കിയതാണെന്നും എന്നിട്ടും ഇടക്കിടെ ലീഗിന് ക്ഷണക്കത്ത് അയക്കുന്നവർ ആ സ്റ്റാമ്പിന്റെ പണം വെറുതെ കളയണോ എന്നും പി.എം.എ സലാം ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read