അഭിപ്രായം

പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഉള്ളവരെ നോക്കൂ; ചുവന്നു തുടുത്ത 'അപ്പർ ക്ലാസ്- അപ്പർ കാസ്റ്റ്' മുസ്ലീങ്ങളാണ് ഇവർ; സവർണ മുസ്ലീങ്ങളാണ് എന്നതിനാൽ ദളിതരോട് യഥാർത്ഥത്തിൽ വെറുപ്പാണ്; അത് പുറത്തു കാണിക്കില്ല എന്ന് മാത്രം; അറ്റൻഷൻ മാനിയ എന്ന മഹാരോഗത്തിന് അടിമകളാണവർ: ഷാഹിന നഫീസ എഴുതുന്നു

നിങ്ങൾ ഒക്കെ തെറ്റിദ്ധരിച്ചിട്ടുള്ളത് പോലെ സംഘ് പരിവാർ ഒന്നുമല്ല, മതനിരപേക്ഷമായി ജീവിക്കുന്ന മുസ്ലീങ്ങളാണ് പോപ്പുലർ ഫ്രണ്ടിന്റെ ഒന്നാം നമ്പർ ശത്രുക്കൾ. പിന്നെ, ഇടതുപക്ഷക്കാർ, മതരഹിതരായി ജീവിക്കുന്നവർ തുടങ്ങിയവരും.

പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഉള്ളവരെ നോക്കൂ. ചുവന്നു തുടുത്ത 'അപ്പർ ക്ലാസ്- അപ്പർ കാസ്റ്റ്' മുസ്ലീങ്ങളാണ് ഇവർ. സവർണ മുസ്ലീങ്ങളാണ് എന്നതിനാൽ ദളിതരോട് യഥാർത്ഥത്തിൽ വെറുപ്പാണ്. അത് പുറത്തു കാണിക്കില്ല എന്ന് മാത്രം. 'ദളിത് മുസ്ലീങ്ങളെ 'കുറിച്ച് ഇവരുടെ സ്വകാര്യ ഇടങ്ങളിൽ സംസാരിക്കുന്നത് കേട്ടാൽ മതി !

പേരറിവാളനെ കുറിച്ച് ഞാൻ ഇല്ലാക്കഥ എഴുതിയെന്നും പറഞ്ഞ് ഇവരിൽ ചിലർ അദ്ദേഹത്തെ ജയിലിൽ പോയി കണ്ടിരുന്നു. എനിക്കെതിരെ കേസ് കൊടുക്കണമെന്നും വക്കാലത്ത് ഒപ്പിട്ടു കൊടുത്താൽ മതിയെന്നും ബാക്കി അവർ നോക്കികൊള്ളാമെന്നും നിർബന്ധിച്ചു.(നോട്ട് ദി പോയിന്റ് , ഫരണകൂട ഫീകരതക്കെതിരെ അഹോരാത്രം പോരാടി കൊണ്ടിരിക്കുന്നവരാണേ). അറിവിന്റെ കുടുംബ സുഹൃത്തുക്കളായ ചിലർ വഴി വീട്ടുകാരെയും നിർബന്ധിച്ചു . അവർ വഴങ്ങിയില്ല എന്ന് മാത്രമല്ല , എനിക്ക് ധാരാളം ശത്രുക്കൾ ഉണ്ടെന്നും കരുതിയിരിക്കണമെന്നും അറിവ് ജയിലിൽ നിന്നും ഒരു സുഹൃത്ത് വഴി എന്നെ അറിയിക്കുകയും ചെയ്തു . പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഉള്ളവരോട് ഇക്കാര്യം സംസാരിച്ചപ്പോൾ വളരെ മോശം പ്രതികരണമാണ് കിട്ടിയത് . ഇതിനു വേണ്ടി പണിയെടുത്തവൻ മനുഷ്യാവകാശത്തിന്റെ ആട്ടിൻതോലണിഞ്ഞാണ് നടപ്പ് . ഇക്കാര്യം തുറന്നെഴുതണമെന്ന് പല സുഹൃത്തുക്കളും എന്നോട് പറഞ്ഞതാണ് .ആസനത്തിൽ ആല് മുളച്ചാൽ തണലായി കൊണ്ട് നടക്കുന്നവരായതുകൊണ്ട് അങ്ങനെ എന്റെ ചെലവിൽ പ്രശസ്തി നേടേണ്ട എന്ന് തീരുമാനിച്ചതാണ് .

എനിക്കെതിരെ ഒരു പൊലീസ് അന്വേഷണമുണ്ടായപ്പോൾ 'ഷാഹിനക്ക് കിട്ടേണ്ടത് കിട്ടി' എന്ന് ഇവരുടെ നേതാവായ പി .കോയ ഒരു ഇ മെയിൽ ഗ്രൂപ്പിൽ ആഹ്ലാദത്തോടെ എഴുതിയത് അവിടെയുണ്ട് . മതത്തിൽ നിന്ന് പുറത്തു കടന്ന് ഇവർക്കെതിരെ സംസാരിക്കുന്നവരാണ് ഇവരുടെ ഒന്നാം നമ്പർ ശത്രുക്കൾ. സ്ത്രീകളാണെങ്കിൽ പറയുകയും വേണ്ട . കാണണമെന്നും സംസാരിക്കണമെന്നും തെറ്റിദ്ധാരണ നീക്കണമെന്നും ഒക്കെ പറയുന്നത് വെറും അടവാണ്. ദംഷ്ട്ര മറച്ചു വെക്കാനുള്ള പാഴ്ശ്രമം.

മാറാടുണ്ടായ സംഭവങ്ങളെ കുറിച്ച് എഴുതാനായി ഒരിക്കൽ ഇവരുടെ നേതാവ് കോയയെ ഞാൻ പോയി കണ്ടിരുന്നു. അന്ന് അയാൾ പറഞ്ഞത് ന്യൂട്ടന്റെ ആ മൂന്നാം ചലനനിയമമാണ്. ഏതൊരു പ്രവൃത്തിക്കും തിരിച്ചടി ഉണ്ടാവുമെന്ന്. അത്രയേ അവിടെ ഉണ്ടായിട്ടുള്ളൂ എന്ന്. ഗുജറാത്തിൽ മുസ്ലീങ്ങളെ ചുട്ടു കൊന്നതിനെ കുറിച്ച് മോദി പറഞ്ഞ അതേ ന്യായം.

മലബാറിന്റെ ഫുട്ബാൾ പ്രണയത്തെ കുറിച്ച് എഴുതാനായി നടത്തിയ യാത്രക്കിടെ കൊടിഞ്ഞിയിലും പോയിരുന്നു. അവിടെ തെരുവിൽ ഫൈസലിന്റെ ചിത്രം. അതിന് തൊട്ടടുത്ത് അർജന്റീനയുടെ ഫ്‌ളെക്‌സ് .അവിടന്ന് പരിചയപ്പെട്ട ബഷീർ അന്നത്തെ ചില ഓർമ്മകൾ പങ്ക് വെച്ച. ഫൈസലിന്റെ വധത്തെ തുടർന്ന് അവിടെ തിരിച്ചടിക്കാൻ കോപ്പു കൂട്ടിയ പോപുലർ ഫ്രണ്ടിന്റെ ഗൂഢപദ്ധതിയെ അവിടത്തെ മുസ്ലീങ്ങൾ എങ്ങനെ പൊളിച്ചുവെന്ന്. എസ്ഡിപിഐയുടെ പ്രതിഷേധ മാർച്ചിൽ ആരും പങ്കെടുക്കരുതെന്നും കൊടിഞ്ഞിയിലെ ന്യൂനനപക്ഷമായ ഹിന്ദുകൾക്ക് ആർക്കും ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കേണ്ടത് യഥാർത്ഥ മുസ്ലീമിന്റെ ചുമതലയാണെന്നും അവിടത്തെ പള്ളിയിലെ ഉസ്താദുമാർ ജനങ്ങളോട് പറഞ്ഞു. അവരെ നിയന്ത്രിച്ചു. കൊടിഞ്ഞിയിൽ നടത്താനിരുന്ന പ്രതിഷേധം എസ് ഡി പി ഐ ക്ക് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വന്നു.

'അടിച്ചമർത്തുന്നവർക്കു വേണ്ടി നില കൊള്ളുന്ന പോപ്പുലർ ഫ്രണ്ടിനെ ചൊല്ലി നിലവിളിക്കുന്നവരെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. അറ്റൻഷൻ മാനിയ എന്ന മഹാരോഗത്തിന് അടിമകളാണവർ. ഇവിടത്തെ സാധാരണ മുസ്ലീങ്ങൾ ഈ ഭീകരസംഘത്തെ തിരിച്ചറിയുന്നവരാണ്. ഇവർ തല കുത്തി നിന്ന് ശ്രമിച്ചിട്ടും ഒരു ശതമാനം വോട്ട് പോലും നേടാൻ ഇവർക്ക് കഴിഞ്ഞിട്ടില്ലല്ലോ.

(ഷാഹിന നഫീസ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് )

MNM Recommends


Most Read