അഭിപ്രായം

മതം യോജിപ്പിച്ച പാക്കിസ്ഥാനെ വിഭജിച്ച് പാക്കിസ്ഥാനും ബംഗ്ലാദേശുമാക്കി മാറ്റിയത് ഭാഷയാണ്; മതവികാരവും ജാതിവികാരവും പോലെ പലർക്കും ചൂഷണംചെയ്യാനും സ്വയംവീർപ്പിക്കാനും ഉപകരിക്കുന്ന ഒന്നാണ് ഭാഷാവികാരവും; രാജ്യം മുഴുവൻ ഒരു ഭാഷ വന്നാൽ ദേശീയത പുഷ്ടിപെടും രാജ്യം ശക്തിപെടും എന്നൊക്കെയുള്ള വാദം തരംതാണതും പ്രതിലോമകരവുമാണ്; ദി ചക്കര ഭാഷ; സി രവിചന്ദ്രൻ എഴുതുന്നു

ദി ചക്കര ഭാഷ

ഇന്ന് ലോകത്തുള്ള ഏത് ഭാഷയുടെയും നിർമ്മാണവസ്തുക്കൾ അന്യഭാഷാ പദങ്ങളും ശബ്ദങ്ങളുമാണ്. ആദിഭാഷകൾ പോലും അക്കാര്യത്തിൽ ഏറെ വ്യത്യസ്തമല്ല. ഇംഗ്ലിഷ് വളർന്നത് അന്യഭാഷാ പദങ്ങൾ ഉദാരമായി കടംകൊണ്ടാണ്. നമ്മുടേത് നല്ലതാണ് എന്നതല്ല നല്ലതെല്ലാം നമ്മുടേതാവണം എന്ന തിരിച്ചറിവാണ് സംസ്‌കൃതികളെ നിയന്ത്രിക്കേണ്ടത്. ഭാഷയ്ക്ക് വേണ്ടി ജീവിക്കുക, ഭാഷയ്ക്ക് വേണ്ടി മരിക്കുക എന്നൊക്കെ പറയുന്നത് വികലമായ ആശയങ്ങളാണ്.

ഭാഷാപരമായ ശുദ്ധിബോധവും മഹിമവാദവുമൊക്കെ പലപ്പോഴും സമഗ്രാധിപത്യ രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളായി മാറാറുണ്ട്. മനുഷ്യരെ പോലെ തന്നെ ഭാഷകളും കലരണം, അവാന്തരങ്ങൾ ഉരുത്തിരിയണം, പരസ്പരം കൊടുക്കണം, എടുക്കണം... മനുഷ്യരാശി മുന്നേറിയത് അങ്ങനെയാണ്. ഭാഷാപരമായ സ്വത്വ സങ്കൽപ്പങ്ങളും സങ്കുചിതവാദങ്ങളും അഭിമാനബോധങ്ങളും മായിക്കപ്പെടണം. ഭാഷ ആശസംവേദനത്തിനുള്ള ഉപാധി എന്ന നിലയിൽ പരിഗണിക്കണം. ഭാഷ ഒരു 'വികാരം' ആകുമ്പോൾ വികാരികൾക്ക് മുറിവേൽക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. അന്യധീനവൽക്കരണവും ഇരവാദവും അമിതാഭിമാനബോധവും അവിടെ പൂത്തുലയും.

ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ നിർമ്മിക്കുകയെന്നത് എളുപ്പമായിട്ട് തോന്നാം. പക്ഷെ ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്‌നം അവിടെ കടന്നുവരും വരും. ഒരു ഭാഷ സംസാരിക്കുന്ന വ്യത്യസ്ത രാജ്യങ്ങളുണ്ട്. ബംഗ്ലാദേശിലും പശ്ചിമബംഗാളിലും സംസാരിക്കുന്നത് ബംഗാളിയാണ്; മധ്യപ്രദേശിലും ഉത്തർപ്രദേശിലും ഹിന്ദി സംസാരിക്കുന്നു. പ്രാദേശിക വ്യതിയാനങ്ങളുടെ കാര്യമാണെങ്കിൽ പറയാനുമില്ല. ഭൂമിശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ദേശങ്ങളും സംസ്ഥാനങ്ങളും രൂപംകൊള്ളുന്നതാണ് അവയുടെ സ്ഥിരതയ്ക്ക് നല്ലത്.

ഭാഷകൾക്ക് ജനിമൃതികളുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഉണ്ടായ ഭാഷകളെല്ലാം സംരക്ഷിക്കുന്ന ജോലി ഏറ്റെടുക്കുമ്പോൾ പുതിയ ഭാഷകൾ ഉണ്ടാകാനുള്ള സാധ്യതകൾ ദുർബലപ്പെടുത്തുക കൂടിയാണ്. കമ്പ്യൂട്ടർ രംഗത്ത് മാത്രമാണ് ഇപ്പോൾ പുതിയ ഭാഷകൾ ഉണ്ടാകുന്നത്. ഓരോന്നും പഴയവയെക്കാൾ മികച്ചവ ആകുന്നതിന്റെ കാരണവും മറ്റൊന്നല്ല. കാലം മാറുന്നതനുസരിച്ച് പരിഷ്‌കാരങ്ങൾ ഭാഷകളിലും സംഭവിക്കണം.

ഭാഷ നശിച്ചാൽ സംസ്‌കാരം നശിച്ചു എന്ന വാദത്തിൽ കഴമ്പില്ല. ഭാഷ ചിന്തകളുടെ പുറംപൊതി മാത്രമാണ്. മനുഷ്യൻ കുടിവെള്ളം വേണമെന്ന ആവശ്യം പതിനായിരക്കണക്കിന് വർഷങ്ങളായി ഉന്നയിച്ചുണ്ട്. അതെല്ലാം ഒരേ വായ്‌മൊഴി ഭാഷയിൽ ആയിരുന്നില്ല. ഭാഷ വികസിക്കുന്നതിന് മുമ്പും അവൻ കുടിവെള്ളം ചോദിച്ച് വാങ്ങിയിട്ടുണ്ട്, നന്ദി പറഞ്ഞിട്ടുണ്ട്. വായ്‌മൊഴിയും ലിഖിതങ്ങളും വരുന്നത് പിന്നീടാണ്. രാജ്യം മുഴുവൻ ഒരു ഭാഷ വന്നാൽ ദേശീയത പുഷ്ടപെടും രാജ്യം ശക്തിപെടും എന്നൊക്കെയുള്ള വാദം തരംതാണതും പ്രതിലോമകരവുമാണ്. അത്തരം ദേശീയതാനിർമ്മാണങ്ങൾ അപകടകരമാണ്.

മനുഷ്യർ വ്യത്യസ്ത ഭാഷ സംസാരിക്കുമ്പോൾ ഭാഷാവെറിയരും ജാതി-മത വെറിയരും സംസാരിക്കുന്നത് ഒരേ ഭാഷയാണ്. ഒരേ ഭാഷ സംസാരിക്കുന്നവർ ഒരു രാജ്യമായും നിൽക്കുമെന്നത് കേവലമായ ലളിതവൽക്കരണമാണ്. വസ്തുതകളുമായി അതിന് ബന്ധമില്ല. ബംഗാളി സംസാരിക്കുന്നവരെ മതം പശ്ചിമബംഗാളും ബംഗ്ലാദേശുമായി വിഭജിച്ചപ്പോൾ മതം യോജിപ്പിച്ച പാക്കിസ്ഥാനെ ഭാഷ വിഭജിച്ച് പാക്കിസ്ഥാനും ബംഗ്ലാദേശുമാക്കി മാറ്റി. മതവികാരവും ജാതിവികാരവുംപോലെ പലർക്കും ചൂഷണംചെയ്യാനും സ്വയംവീർപ്പിക്കാനും ഉപകരിക്കുന്ന ഒന്നാണ് ഭാഷാവികാരവും. ഭാഷാവിദ്യാർത്ഥികളാകുക, വികാരി ആകാതിരിക്കുക. എല്ലാം പഠിക്കുക, സ്വായത്തമാക്കുക. എന്റെ ചക്കരഭാഷ, എന്റെ ചക്കര മതം, എന്റെ ചക്കര ജാതി... എന്നൊക്കെയുള്ള പുലമ്പലുകൾ മിതമായ ഭാഷയിൽ പറഞ്ഞാൽ പിന്നോക്ക സാഹിത്യമാണ്.

( ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

MNM Recommends


Most Read