വാർത്ത

നൂറുകണക്കിന് യാത്രക്കാർ വിമാനത്തിലുള്ളപ്പോൾ കോക്ക്പിറ്റിൽ സുഖമായി കൂർക്കം വലിച്ചുറങ്ങി പൈലറ്റ് ; സഹപൈലറ്റ് വീഡിയോ പകർത്തി പുറത്ത് വിട്ടതോടെ സസ്‌പെൻഷനും താക്കീതും നൽകി ചൈനീസ് വിമാന കമ്പനി; ജീവൻ പണയം വെച്ച് നടന്ന ഫ്‌ളൈറ്റ് സർവീസ് ഇങ്ങനെ

ബീജിങ്: നൂറുകണക്കിന് യാത്രക്കാർ വിമാന യാത്രക്കാർ സുഖമായി കിടന്നുറങ്ങിയപ്പോൾ പൈലറ്റും സുഖമായി കിടന്നുറങ്ങി !. സംഗതി സഹപൈലറ്റ് വീഡിയോയായി പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ സസ്‌പെൻഷൻ അടക്കമുള്ള നടപടികളാണ് തേടിയെത്തിയത്. സംഭവം നടന്ന് ഒരാഴ്‌ച്ച പിന്നിട്ട ശേഷമാണ് സംഗതി പുറത്ത് വരുന്നത്. ചൈന എയർലൈൻസിലെ പൈലറ്റായ വെങ് ജിയാഖിയാണ് വിമാനയാത്രയ്ക്കിടെ കൂർക്കം വലിച്ചുള്ള ഉറക്കം പാസാക്കിയത്. ഉറങ്ങിയ പൈലറ്റിന് സസ്‌പെൻഷനും വീഡിയോ പകർത്തിയ പൈലറ്റിന് താക്കീതുമായിരുന്നു ശിക്ഷ.

തായ്വാൻ ദേശീയ യാത്രാവിമാനമായ ചൈന എയർലൈൻസിലെ സീനിയർ പൈലറ്റാണിദ്ദേഹം. 20 വർഷമായി പൈലറ്റാണ് വെങ് ജിയാഖി. സീറ്റിൽ തലകുനിച്ചിരുന്ന് ഉറങ്ങുന്ന വെങ് ജിയാഖിയുടെ വീഡിയോ ബുധനാഴ്ചയാണ് തായ്വാൻ ടെലിവിഷൻ നെറ്റ്‌വർക്കായ ഇബിസി പുറത്തുവിട്ടത്. ഇതിന് പിന്നാലെ സംഗതി വിവാദമാവുകയും ചെയ്തിരുന്നു. വിമാനത്തിന്റെ സുരക്ഷയ്ക്കാണ് ചൈന എയർലൈൻസ് ഏറെ പ്രാധാന്യം നൽകുന്നതെന്ന് കമ്പനി ചൂണ്ടിക്കാണിക്കുകയും ഇരു പൈലറ്റുമാർക്കും ശിക്ഷ നൽകുകയുമായിരുന്നു.

പൈലറ്റുമാരുടെ ജോലി ഭാരവും ജോലി സമയവും കൂടുതലാണെന്ന് കാണിച്ച് പൈലറ്റുമാർ നടത്തിവന്ന ഏഴു ദിവസത്തെ സമരം അവസാനിച്ചതിനു പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. സമാനമായ രീതിയിൽ ഓസ്‌ട്രേലിയയിൽ കഴിഞ്ഞ വർഷം ചെറുവിമാനത്തിൽ യാത്രയ്ക്കിടെ പൈലറ്റ് ഉറങ്ങിപ്പോയത് വിവാദമായിരുന്നു. വിമാനം ഇറങ്ങേണ്ട സ്ഥലത്തുനിന്നും 50 കിലോമീറ്ററോളം അധികം പറന്നശേഷമാണ് പൈലറ്റ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read