വാർത്ത

ഇളവുകൾ ദുരുപയോഗം ചെയ്തു കൂട്ടത്തൊടെ തെരുവിലിറങ്ങി; സമ്പർക്കം വഴി അനേകം കോവിഡ് രോഗികൾ ലെങ്കാഷയറിലേയും യോർക്ക്ഷെയറിലേയും ചില ഭാഗങ്ങളിലും മാഞ്ചസ്റ്ററിലും വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി ബ്രിട്ടീഷ് സർക്കാർ

ലെങ്കാഷയറിലേയും യോർക്ക്ഷയറിലേയും അതുപോലെ ഗ്രെയ്റ്റ് മാഞ്ചസ്റ്ററിലേയും പല ഭാഗങ്ങളിലും ഇന്നലെ പാതിരാത്രി മുതൽ വീണ്ടും ലോക്ക്ഡൗൺ നിലവിൽ വന്നതായി ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പ്രഖ്യാപിച്ചു. ഏകദേശം നാലര ദശലക്ഷം ആളുകളെ നേരിട്ട് ബാധിക്കുന്ന ഈ ലോക്ക്ഡൗൺ പ്രഖ്യാപിക്കുവാൻ കാരണമായത് ഈ മേഖലയിൽ പുതിയ കൊറോണ കേസുകളുടെ കാര്യത്തിലുണ്ടായ വർദ്ധനവാണ്. തുടർച്ചയായ നിയന്ത്രണ ലംഘനങ്ങളാണ്, രോഗവ്യാപനം ശക്തമാകുവാൻ ഇടയാക്കിയതെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ പറഞ്ഞു.

സ്പെയിൻ, ബെൽജിയം, ലക്സംബർഗ്, ക്രൊയേഷ്യ തുടങ്ങിയ പല യൂറോപ്യൻ രാജ്യങ്ങളിലും രോഗവ്യാപനം വീണ്ടും ശക്തമായതോടെ ബ്രിട്ടനും കൊറോണയുടെ രണ്ടാം വരവിന്റെ പിടിയിൽ അകപ്പെടുന്നു എന്ന ആശങ്കകൾക്കിടയിലാണ് ഈ മേഖലയിൽ രോഗവ്യാപനം ശക്തമാകുന്നത്. ജൂൺ 28 ന് ശേഷം ഏറ്റവും അധികം പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ. 846 പേർക്കാണ് ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.

ബ്ലാക്ക്‌ബേൺ വിത്ത് ഡാർവെൻ, ബേൺലി, ഹിൻബേൺ, പെൻഡിൽ, റോസ്സെൻഡെയ്ൽ, ബ്രാഡ്ഫോർഡ്, കാൽഡെർഡെയ്ൽ എന്നിവിടങ്ങളിൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ ഉണ്ടാകും. വ്യത്യസ്ത കുടുംബങ്ങളിൽ ഉള്ളവർ തമ്മിൽ വാതിലുകൾക്കുള്ളിൽ കണ്ടുമുട്ടുന്നത് കർശനമായി വിലക്കിയിരിക്കുകയാണ് ഈ പുതിയ നിയമം വഴി. വീടുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി, അടച്ചുപൂട്ടിയ ഒരിടത്തുവച്ചും രണ്ട് വ്യത്യസ്ത കുടുംബത്തിൽ ഉള്ളവർക്ക് തമ്മിൽ കാണാൻ കഴിയില്ല.

അതേ സമയം ലെസ്റ്ററിലെ ലോക്ക്ഡൗൺ ഇപ്പോഴും തുടരുകയാണ്. വരുന്ന തിങ്കളാഴ്‌ച്ച മുതൽ ചില ഇളവുകൾ ഇവിടെ പ്രാബല്യത്തിൽ വന്നേക്കും. ഓഗസ്റ്റ് 3 മുതൽ ഇവിടെയുള്ള പബ്ബുകളും കഫേകളും ബാറുകളും റെസ്റ്റോറന്റുകളും തുറന്നു പ്രവർത്തനം ആരംഭിക്കും എന്നാണ് അറിയുന്നത്. കുടുംബാംഗങ്ങൾ ഒരുമിച്ച് ഒഴിവുകാല യാത്രക്ക് പോകുവാൻ അനുവാദമുണ്ടായിരിക്കും, എന്നാൽ ജിം, പൂൾ എന്നിവ തുറക്കുന്നതല്ല.

ബ്രിട്ടനിൽ കോവിഡ് വ്യാപനം ശക്തിപ്രാപിക്കുന്നു

ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 38 കോവിഡ് മരണങ്ങൾ മാത്രമായിരുന്നു. എന്നാൽ അത് ആശ്വാസത്തിന് വക നൽകുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട്, പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ് ഇന്നലെ 846 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ 28 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇന്നലെ രേഖപ്പെടുത്തിയ 38 മരണങ്ങളും ഇംഗ്ലണ്ടിലായിരുന്നു. നോർത്തെൺ അയർലൻഡ്, സ്‌കോട്ട്ലാൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ കോവിഡ് മരണങ്ങളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

ഇതിനിടയിൽ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും കൊറോണയുടെ രണ്ടാം വരവെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ രോഗവ്യാപനത്തിന് ശക്തി വർദ്ധിക്കുകയാണ്. നേരത്തേ ശൈത്യകാലത്ത് രണ്ടാം വരവുണ്ടാകുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും അത് നേരത്തേ വരുവാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. വിദേശയാത്രകൾക്ക് പൂർണ്ണമായും നിരോധനം രേഖപ്പെടുത്തി വൈറസിന്റെ പിടിയിൽ നിന്ന് ബ്രിട്ടനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്.

MNM Recommends


Most Read