വാർത്ത

ആത്മഹത്യ ചെയ്ത കുട്ടി പീഡകൻ ജെഫ്രി എപ്സ്റ്റെയിനിനൊപ്പം താമസിച്ചെന്ന വാർത്ത വിവാദമായതോടെ മകനെ വിളിച്ച് വരുത്തി രാജപദവി തിരിച്ചെടുത്ത് എലിസബത്ത് രാജ്ഞി; ആൻഡ്ര്യൂ രാജകുമാരന്റെ ഡ്യൂക്ക് ഓഫ് യോർക്ക് പദവി തെറിച്ചു; ബ്രിട്ടീഷ് രാജ്ഞിയുടെ മകൻ ഇനി സാധാരണക്കാരൻ; ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ച് കുലുക്കിയ പീഡന കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്

എലിസബത്ത് രാജ്ഞിയുടെ മകനായ ആൻഡ്രൂ രാജകുമാരൻ ഇനി വെറും സാധാരണക്കാരനായ വ്യക്തിയായി ജീവിക്കേണ്ടി വരും. അദ്ദേഹത്തിന്റെ രാജപദവിയായ ഡ്യൂക്ക് ഓഫ് യോർക്ക് രാജ്ഞി തിരിച്ചെടുത്തതിനെ തുടർന്നാണീ ദുരവസ്ഥ സംജാതമായിരിക്കുന്നത്. ആത്മഹത്യ ചെയ്ത കുട്ടി പീഡകൻ ജെഫ്രി എപ്സ്റ്റെയിനിനൊപ്പം 2001 ഏപ്രിൽ മാസത്തിൽ ന്യൂയോർക്കിൽ താമസിച്ചുവെന്ന ആരോപണം ആൻഡ്ര്യൂ രാജകുമാരന് മേൽ ഉയർന്നതിനെ തുടർന്നാണ് രാജ്ഞി അദ്ദേഹത്തെ വിളിച്ച് വരുത്തി രാജപദവി എടുത്ത് മാറ്റിയിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ച് കുലുക്കിയ പീഡനക്കേസിൽ ഇത്തരത്തിൽ അപ്രതീക്ഷിത വഴിത്തിരിവാണുണ്ടായിരിക്കുന്നത്.

യുഎസ് ഫിനാൻസിയറായ ജെഫ്രിയുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ ആൻഡ്ര്യൂ വൻ വിമർശനങ്ങൾക്കാണ് വിധേയനായിരുന്നത്. അദ്ദേഹത്തിനും ജെഫ്രിക്കും തമ്മിലുള്ള അടുത്ത ബന്ധം ബിബിസി ഇന്റർവ്യൂവിലൂടെ വെളിപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ലൈംഗിക കുറ്റങ്ങളുടെ പേരിൽ വിചാരണക്ക് വിധേയനാവാനിരിക്കെ ഓഗസ്റ്റിൽ ആത്മഹത്യ ചെയ്തിരുന്ന ജെഫ്രിയുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആൻഡ്ര്യൂ രാജകുമാരന് നേരെ കടുത്ത ചോദ്യങ്ങളായിരുന്നു ഉയർന്ന് വന്ന് കൊണ്ടിരുന്നത്.

ആൻഡ്ര്യൂവുമായി മൂന്ന് വട്ടം ലൈംഗിക ബന്ധത്തിലേർപ്പെടാൻ താൻ നിർബന്ധിതയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി വെർജിനിയ ജിയുഫ്രെ എന്ന പെൺകുട്ടി രംഗത്തെത്തിയത് ആൻഡ്ര്യൂക്ക് കടുത്ത അപമാനമാണുണ്ടാക്കിയിരുന്നത്. ബാലപീഡനകനായ ജെഫ്രിക്കെതിരെ കടുത്ത ലൈംഗിക ആരോപണങ്ങളുമായി മുന്നോട്ട് വന്ന നിരവധി കുട്ടികളിൽ ഒരാൾ മാത്രമാണ് വെർജീനിയ.ഇത്തരത്തിൽ പേര്ദോഷമുണ്ടാക്കി രാജകുടുംബത്തിന്റെ മാനം കെടുത്തിയ ആൻഡ്ര്യൂവിന്റെ രാജപദവി എടുത്ത് മാറ്റാൻ ചാൾസ് രാജകുമാരനുമായി വിശദമായി ആലോചിച്ചാണ് രാജ്ഞി കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.

രാജ്ഞിയുടെ പുതിയ തീരുമാനത്തെ തുടർന്ന് രാജകീയ കർത്തവ്യങ്ങളിൽ നിന്നെല്ലാം ആൻഡ്ര്യൂ രാജകുമാരൻ പിന്മാറാൻ നിർബന്ധിതനായിത്തീരും. ഇതിന് പുറമെ ഡ്യൂക്ക് എന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ചിരുന്ന സോവറിൻ ഗ്രാന്റായ 249,000 പൗണ്ട് റദ്ദാക്കാനും രാജ്ഞി തീരുമാനിച്ചിട്ടുണ്ട്.തനിക്ക് ജെഫ്രിയുമായി ബന്ധമുണ്ടെന്ന് ബിബിസി ഇന്റർവ്യൂവിൽ ആൻഡ്ര്യൂ വെളിപ്പെടുത്തിയതിനെ തുടർന്ന് വൻ വിവാദമാണുയർന്നിരുന്നത്.

വീണ്ടുവിചാരമില്ലാതെ ജെഫ്രിയുമായി അടുത്ത ബന്ധം പുലർത്തിയതിൽ ഇന്നലെ നടത്തിയ പ്രസ്താവനയിൽ ആൻഡ്ര്യൂ ആവർത്തിച്ച് പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ട്. ജെഫ്രിയുടെ പീഡനത്തിന് ഇരകളായവരോട് അദ്ദേഹം സഹതാപം പ്രകടിപ്പിക്കുകയും അവരെയോർത്ത് ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്. ജെഫ്രിയുടെ ആത്മഹത്യയോടെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നുവെന്നും പ്രത്യേകിച്ചും അയാളുടെ ഇരകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പൂർണമായി ഉത്തരമില്ലാതെ പോയിരിക്കുന്നുവെന്നും ആൻഡ്ര്യൂ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഏത് നിയമനടപടികൾക്കും ജെഫ്രിയുടെ ഇരകൾക്ക് ലോ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ സഹായം ഏർപ്പെടുത്തിക്കൊടുക്കാൻ താൻ തയ്യാറാണെന്നും ആൻഡ്ര്യൂ വാഗ്ദാനം ചെയ്യുന്നു.

ശനിയാഴ്ച രാത്രി ബിബിസി ന്യൂസ് നൈറ്റിന് നൽകിയ ഇന്റർവ്യൂവിലെ നിലപാടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടാണ് പുതിയ പ്രസ്താവനയിലൂടെ ആൻഡ്ര്യൂ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് ബിബിസി റോയൽ കറസ്പോണ്ടന്റായ ഡാനിയേല റെൽഫ് പറയുന്നത്. ജെഫ്രിയുമായുള്ള ബന്ധത്തിൽ നിന്നും ബിസിനസുകളെ കുറിച്ച് പഠിക്കാൻ തനിക്കേറെ അവസരം ലഭിച്ചിരുന്നുവെന്നും അതിനാൽ ആ ബന്ധത്തിന്റെ പേരിൽ തനിക്ക് പശ്ചാത്താപമില്ലെന്നുമായിരുന്നു ആ അഭിമുഖത്തിൽ ആൻഡ്ര്യൂ അഭിപ്രായപ്പെട്ടിരുന്നത്.

2010ൽ ജെഫ്രിയുമായി നടത്തിയ കൂടിക്കാഴ്ച തെറ്റായ തീരുമാനമായി കാണുന്നില്ലെന്നും രാജകുമാരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ജെഫ്രിയുമായുള്ള ബന്ധത്തിൽ പശ്ചാത്തപിക്കുന്നുവെന്നാണ് ആൻഡ്ര്യൂ പുതിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

MNM Recommends


Most Read