വാർത്ത

വിമാനത്തിൽ കയറി ഇനി മലയാളം പറഞ്ഞാലും യാത്ര മുടങ്ങും; ലണ്ടനിൽ നിന്നും ന്യൂയോർക്കിലേക്ക് പോയ യാത്രക്കാരൻ അറബി സംസാരിച്ചെന്ന സഹയാത്രികയുടെ പരാതിയിൽ വിമാനത്തിൽ നിന്നും പുറത്താക്കി

മേരിക്കൻ യൂട്യൂബ് സ്റ്റാറായ ആദം സലെഹിനെ അമ്മയോട് അറബി സംസാരിച്ചതിന്റെ പേരിൽ വിമാനത്തിൽ നിന്നും പുറത്താക്കി. ലണ്ടനിൽ നിന്നും ന്യൂയോർക്കിലേക്ക് പോയ വിമാനത്തിൽ വച്ചാണ് അദ്ദേഹത്തിന് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. അറബി പറയുന്നു സലെഹ് തീവ്രവാദിയാണെന്ന ഭയത്താൽ സഹയാത്രിക നൽകിയ പരാതിയെ തുടർന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ വിമാനത്തിൽ കയറി ഇനി മലയാളം പറഞ്ഞാലും യാത്ര മുടങ്ങുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.അതായത് തങ്ങൾക്ക് അപരിചിതമായ ഏത് ഭാഷയോടും പാശ്ചാത്യർ തികഞ്ഞ ആശങ്കയാണിന്നത്തെ സാഹചര്യത്തിൽ പ്രകടിപ്പിക്കുന്നതെന്ന് ചുരുക്കം.

ലണ്ടനിലെ ഹീത്രോവിൽ നിന്നും പുറപ്പെടാനിരുന്ന ഡെൽറ്റ വിമാനത്തിൽ നിന്നാണ് സലെഹിനെ പുറത്താക്കിയിരിക്കുന്നത്.വീഡിയോ സൈറ്റിൽ 1.6 മില്യൺ ഫോളോവേർസ് ഉള്ള 23കാരനായ താരമാണ് ആദം സലെഹ്. ഇദ്ദേഹം അറബി സംസാരിക്കുന്നത് കേട്ട അമേരിക്കൻ വനിതാ യാത്രക്കാരിക്ക് ആശങ്കയുണ്ടാവുകയും അവർ സലെഹിനെതിരെ പരാതി കൊടുക്കുകയുമായിരുന്നു. റാപ്പറും ഇന്റർനെറ്റ് സെലിബ്രിറ്റിയുമാ സലെഹ് തനിക്ക് വിമാനത്തിൽ വച്ചുണ്ടായ ഈ ദുരനുഭവം വീഡിയോയിൽ പകർത്തിയിരുന്നു. ഇത് വളരെ വേദനാജനകമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്യുകയുമുണ്ടായി. താൻ വിമാനത്തിൽ വച്ച് അമ്മയോട് ഫോണിൽ അറബി സംസാരിച്ചതിനെ തുടർന്നാണി സംഭവം അരങ്ങേറിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സംഭവത്തിന്റെ നേർചിത്രീകരണമായ വീഡിയോ പുറത്ത് വിട്ടെങ്കിലും പ്രാങ്ക്സ്റ്ററായ സലെഹിന്റെ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ പ്രാങ്ക് ചാനലിലൂടെയാണ് സലെഹ് താരമായത്. എന്നാൽ തന്റെ സൂപ്പർഹിറ്റാ പ്രാങ്ക്സുകളിൽ പലതും യഥാർത്ഥത്തിൽ നടന്നതാണെന്ന് പിന്നീട് അദ്ദേഹം വെളിപ്പെടുത്താൻ നിർബന്ധിതനായിത്തീരുകയും ചെയ്തിരുന്നു. താനുമായി ബന്ധപ്പെട്ട് സലെഹ് ഇതിന് മുമ്പ് കൃത്രിമ വീഡിയോകൾ പുറത്തിറക്കിയതിനാലാണ് ഇപ്പോഴത്തെ വീഡിയോയും കൃത്രിമമാണോ എന്ന സംശയം ചിലർ ഉന്നയിച്ചിരിക്കുന്നത്. ഉദാഹരണമായി കഴിഞ്ഞയാഴ്ച ഒരു വിമാനത്തിലെ സ്യൂട്ട്കേസിൽ താൻ സിഡ്നിയിലേക്ക് പറക്കുന്നതായുള്ള വീഡിയോ സലെഹ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇത് വ്യാജമാമെന്ന് പിന്നീട് മെൽബൺ എയർപോർട്ട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ യഥാർത്ഥത്തിൽ നടന്നത് തന്നെയാണെന്നാണ് സലെഹിന്റെ മാനേജർ ബുസ്ഫീഡ് ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഓരോ വിമാനത്തിൽ കയറിയിരിക്കുമ്പോഴും ടേക്ക് ഓഫിന് മുമ്പ് താൻ അമ്മയെ വിളിക്കാറുണ്ടെന്നും ഡെൽറ്റ വിമാനത്തിൽ വച്ചും അത് തന്നെയാണ് ചെയ്തതെന്നും സലെഹ് പറയുന്നു. എന്നാൽ അതിൽ വച്ച് അറബി പറഞ്ഞതിനെ തുടർന്നുണ്ടായത് പോലുള്ള ഒരു ദുരനുഭവം തനിക്കുണ്ടായിട്ടില്ലെന്നും സലെഹ് വേദനയോടെ വെളിപ്പെടുത്തുന്നു. അമ്മയ്ക്ക് അറബി മാത്രമേ അറിയുകയുള്ളുവെന്നതിനാലാണ് താൻ അറബിയിൽ സംസാരിച്ചതെന്നും അദ്ദേഹം പറയുന്നു. താൻ അറബി സംസാരിക്കുന്നത് കേട്ട് മുൻവശത്തെ സീറ്റിലിരുന്ന അമേരിക്കൻ വനിത അതിൽ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു. തനിക്കിഷ്ടമുള്ള ഭാഷ സംസാരിക്കുമെന്നായിരുന്നു സലെഹിന്റെ മറുപടി. തുടർന്ന് സ്ത്രീയുടെ ഭർത്താവ് തന്നോട് തട്ടിക്കയറുകയായിരുന്നുവെന്ന് സലെഹ് വെളിപ്പെടുത്തുന്നു. തുടർന്ന് അവർ നൽകി യ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാപ്റ്റൻ തന്നോടും സുഹൃത്തിനോടും വിമാനത്തിൽ നിന്നും പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും സലെഹ് പറയുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് സലെഹ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ അഞ്ച് ലക്ഷം പേരാണ് കണ്ടിരിക്കുന്നത്.

 

MNM Recommends


Most Read