വാർത്ത

പണമിടപാടുകളിൽ ശാരീരിക അകലം പാലിക്കാൻ ഡിജിറ്റൽ കറൻസി പരീക്ഷിക്കാനൊരുങ്ങി ചൈന; അടുത്ത ആഴ്ചമുതൽ നാല് പ്രധാന നഗരങ്ങളിൽ ഡിജിറ്റൽ കറൻസി പരീക്ഷിക്കുമെന്ന് റിപ്പോർട്ടുകൾ

ബെയ്ജിങ്: സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാ​ഗമായി ചൈന അടുത്ത ആഴ്ചമുതൽ പണമിടപാടുകൾക്കായി നാല് പ്രധാന നഗരങ്ങളിൽ ഡിജിറ്റൽ കറൻസി പരീക്ഷിക്കുമെന്ന് റിപ്പോർട്ടുകൾ. നാല് ന​ഗരങ്ങളിൽ ഡിജിറ്റൽ പെയ്‌മെന്റുകൾ പരീക്ഷിച്ചു തുടങ്ങുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷെൻഷെൻ, സുഷൗ, ചെങ്ഡു, ദക്ഷിണ ബെയ്ജിങ്, ഒളിമ്പിക്‌സിനായി ആതിഥേയത്വം വഹിച്ച പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇതിനകം ഡിജിറ്റൽ കറൻസി പരീക്ഷിച്ചതായി റിപ്പോർട്ടുണ്ട്. മെയ് മുതൽ ചില സർക്കാർ ജീവനക്കാർക്കും പൊതുജനസേവകർക്കും മെയ് മുതൽ ഡിജിറ്റൽ കറൻസിയിലായിരിക്കും ശമ്പളം ലഭിക്കുകയെന്ന് ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സുഷൗവിൽ ഗതാഗത സഹായധനം നൽകാൻ ഡിജിറ്റൽ കറൻസി ഉപയോഗിക്കുമെന്നും എന്നാൽ ഷിയോങ്ങിൽ ഭക്ഷണം, ചില്ലറ വില്പന എന്നിവയിലുമായിരിക്കും പരീക്ഷണം. ഡിജിറ്റൽ കറൻസി ശേഖരിച്ചുവെക്കുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടിയുള്ള ഒരു ആപ്പിന്റെ സ്‌ക്രീൻഷോട്ട് ഏപ്രിൽ പകുതി മുതൽ ചൈനയിൽ പ്രചരിക്കുന്നുണ്ട്. മക്‌ഡൊണാൾഡ്, സ്റ്റാർബക്‌സ് എന്നിവയുൾപ്പടെയുള്ള നിരവധി ബിസിനസ് സംരഭങ്ങൾ പരീക്ഷണത്തിൽ പങ്കാളികളാകാമെന്ന് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. അലിപെ, വിചാറ്റ് പെ തുടങ്ങിയ ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്‌ഫോമുകൾ ഇതിനകം തന്നെ ചൈനയിൽ വ്യാപകമാണ്. എന്നാൽ അവ നിലവിലുള്ള കറൻസിക്ക് പകരംവെയ്ക്കാവുന്നതല്ല.

ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്‌ഫോമുകൾക്ക് ‌ലഭിക്കുന്ന ജനപ്രീതി നേരിട്ടുള്ള പണമിടപാടുകൾ കുറച്ചുകൊണ്ടുവരുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 സമയത്ത് ആളുകൾ തമ്മിലുള്ള ശാരീരിക സമ്പർക്കം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ സെൻട്രൽ ബാങ്ക് ഇ-ആർഎംബിയുടെ വികസനം വേഗത്തിലാക്കിയിരിക്കുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read