വാർത്ത

രാഹുൽഗാന്ധി വയനാട് എത്തുന്നത് ഡിസംബർ അഞ്ചിന്; ഡിസംബർ ഒന്നിന് രാഹുൽ ഉദ്ഘാടനം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി ഇറക്കിയത് ബഹുവർണ്ണ പോസ്റ്റർ; ഉദ്ഘാടനം ചെയ്യുന്നതോ വിവാഹ ജീവിതത്തിന് ഒരുങ്ങുന്നവർക്കുള്ള കൗൺസിലിങ് ക്ലാസും! നിരവധി ആരോപണങ്ങൾ നേരിട്ടയാളുടെ പരിപാടിയിൽ രാഹുൽ പങ്കെടുക്കുന്നു എന്നറിഞ്ഞപ്പോൾ വന്നത് തുരുതുരാ അന്വേഷണങ്ങൾ; ഫോൺ എടുക്കാതെ മുങ്ങി ക്ലാസ് നയിക്കുന്ന വീരനും; രാഹുലിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന അബ്ദുൽ ബാസിദിനെതിരെ പരാതി നൽകുമെന്ന് വയനാട് ഡിസിസിയും

തിരുവനന്തപുരം: എഐസിസി മുൻ അധ്യക്ഷനും വയനാട് എംപിയായ രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞു തട്ടിപ്പ് നടത്താൻ ശ്രമം. കൊല്ലം സ്വദേശിയായ അബ്ദുൽ ബാസിദ് കടയക്കൽ ആണ് രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞു സോഷ്യൽ മീഡിയയിൽ തട്ടിപ്പ് നടത്തുന്നത്. അബ്ദുൽ ബാസിദ് വയനാട് വെള്ളമുണ്ട ഡിസംബർ ഒന്നിന് നടത്തുന്ന ഏകദിന പ്രീ മാരിറ്റൽ കൗൺസിലിങ് ക്ലാസ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു എന്നാണു ബാസിദ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. രാഹുൽ പങ്കെടുക്കാത്ത പരിപാടിയിലാണ് രാഹുൽ പങ്കെടുക്കുന്നു എന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തുന്നത്. രാഹുൽ ഡിസംബർ അഞ്ചിനാണ് വയനാട് എത്തുന്നത്. പക്ഷെ ഡിസംബർ ഒന്നിന് വയനാട് വെള്ളമുണ്ട തന്റെ പരിപാടിയിൽ രാഹുൽ പങ്കെടുക്കുന്നതായാണ് പോസ്റ്ററിൽ പറയുന്നത്.

ബാസിദിന്റെ വ്യാജ പ്രചാരണത്തിൽ വയനാട് ഡിസിസിയും ക്ഷുഭിതരാണ്. ബാസിദിന്റെ പരിപാടിയിൽ രാഹുൽഗാന്ധി പങ്കെടുക്കുന്നില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ മറുനാടനോട് പറഞ്ഞു. രാഹുൽ പങ്കെടുക്കാത്ത പരിപാടിയിലാണ് പങ്കെടുക്കും എന്ന് പറഞ്ഞു പോസ്റ്റർ വന്നത്. ആരാണ് ഈ അബ്ദുൽ ബാസിദ് എന്ന് തങ്ങൾക്ക് അറിയില്ല. രാഹുൽ ഗാന്ധി എത്തുന്നത് ഡിസംബർ അഞ്ചിനാണ്. പക്ഷെ പോസ്റ്ററിൽ ഉള്ളത് ഡിസംബർ ഒന്നിന് എന്നാണ്. എന്തായാലും രാഹുലിന്റെ പേരിലുള്ള ഒരു തട്ടിപ്പ് ആണിത്. രാഹുലിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്ന അബ്ദുൽ ബാസിദ് കടയ്ക്കലിന്റെ പേരിൽ വയനാട് പൊലീസിൽ പരാതി നൽകും ബാലകൃഷ്ണൻ പറയുന്നു.

ബാസിദ് പറയുന്ന പ്രകാരം കൗൺസിലിങ് പരിപാടി ഉദ്ഘാടനത്തിനായി രാഹുൽ ഡിസംബർ ഒന്നിന് വയനാട് എത്തണം. എന്നിട്ട് ഡൽഹിയിലേക്ക് തിരികെ പോയി വീണ്ടും ഡിസംബർ അഞ്ചിന് എത്തണം. നടപ്പുള്ള കാര്യമല്ലിത്. ഇതോടെയാണ് ബാസിദിന്റെ തട്ടിപ്പ് വെളിയിൽ വന്നത്. പരിപാടിയുടെ കളറിലുള്ള ബഹുവർണ്ണ പോസ്റ്ററും ബാസിദ് എല്ലാവരിലേക്കും എത്തിച്ചിട്ടുണ്ട്. വിവാഹ പ്രായമായ യുവതീ യുവാക്കൾക്ക് സ്വാഗതം എന്നാണ് ബാസിദ് പോസ്റ്ററിൽ അച്ചടിച്ചത്. ക്ലാസ് നയിക്കുന്നത് ത്വബീബ് അബ്ദുൽ ബാസിദ് കടയ്ക്കൽ. ഈ കൗൺസിലിങ് ആണ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത്. ഇസ്ലാമിക കൾച്ചറൽ സെന്ററിന്റെ പേരിലാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്.

രാഹുൽ ഗാന്ധി വയനാട് എന്ന് എത്തും എന്ന കാര്യത്തിലുള്ള അജ്ഞതയും പോസ്റ്ററിൽ പ്രകടവുമാണ്. ഡിസംബർ അഞ്ച്, ആറു, ഏഴു തീയതികളിലാണ് രാഹുൽ എത്തുന്നത്. ഇതറിയാതെയാണ് ഡിസംബർ ഒന്നിന് രാഹുൽ എത്തുന്നു എന്ന വ്യാജ പ്രചാരണവും ബാസിദ് പോസ്റ്റർ വഴി നടത്തുന്നത്. രാഹുൽ എത്തുന്നു എന്നറിഞ്ഞതോടെ അബ്ദുൽ ബാസിദിനെ നന്നായി അറിയുന്ന കൊല്ലം കടയ്ക്കലുകാർ പോസ്റ്റർ ചൂണ്ടിക്കാട്ടി തുരുതുരെ അന്വേഷണങ്ങൾ നടത്തി. ആർക്കും ഈ വാർത്ത സ്ഥിരികരിക്കാൻ കഴിഞ്ഞില്ല. ബാസിദ് ആണെങ്കിൽ ആദ്യ കോളുകൾക്ക് ശേഷം ഫോൺ എടുക്കാതെയുമായി. മറുനാടനും ഈ കാര്യം അന്വേഷിക്കാൻ ബാസിദിനെ വിളിച്ചു. പക്ഷെ ബാസിദ് ഫോൺ എടുത്തതേയില്ല. സന്ദേശം അയച്ചെങ്കിലും പ്രതികരണം വന്നില്ല.

ആരാണ് ബാസിദ് എന്ന കാര്യത്തിൽ അന്വേഷണം നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് ഈ രീതിയിലുൽ ബാസിദിന്റെ തട്ടിപ്പുകൾ മാത്രം. അക്യുപങ്ചർ ഡിപ്ലോമ ബാസിദ് എടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അന്നും ക്ലാസിൽ തട്ടിപ്പ് നടത്തുന്നയാൾ എന്നാണ് ബാസിദിനെക്കുറിച്ച് സഹപാഠികൾ തമ്മിൽ തമ്മിൽ പറഞ്ഞിരുന്നത്. സ്റ്റെതസ്‌കോപ്പ് ധരിച്ച ശേഷം ഫോട്ടോ എടുത്ത പ്രചരിപ്പിക്കുന്നതിന്നെതിരെ അദ്ധ്യാപകർ അന്ന് താക്കീത് നൽകിയിരുന്നു എന്നാണു അറിയാൻ കഴിഞ്ഞത്. പോസ്റ്ററിൽ പറയുന്ന തന്റെ പേരിന്റെ കൂടെ ത്വബീബ് എന്ന് കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ത്വബീബ് എന്ന് പറഞ്ഞാൽ അറബി വാക്കാണ്. ഡോക്ടർ എന്നും ചികിത്സകൻ എന്നും അറബിയിൽ പറയും.

ഒരു മതപരമായ സെമിനാറിൽ പങ്കെടുത്തതോടെയാണ് അബ്ദുൽ ബാസിദ് എന്ന പേരിനു മുന്നിൽ ത്വബീബ് എന്ന് കൂട്ടിച്ചേർത്തത്. ആർക്കും പെട്ടെന്ന് മനസിലാകാത്ത രീതിയിലാണ് ഈ കൂട്ടിച്ചേർക്കൽ. ഹീലർ, ത്വബീബ്, എംഡി കൗൺസിലർ തുടങ്ങി നിരവധി വ്യാജ ബിരുദങ്ങൾ തന്റെ പേരിനൊപ്പം പ്രദർശിപ്പിക്കുന്ന രീതിയും ബാസിദിനുണ്ട്. മുൻപ് ക്യാൻസർ രോഗികളെ ചികിത്സിച്ചു ഭേദമാക്കാം എന്നു വാഗ്ദാനം ചെയ്തു നിരവധി രോഗികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ അന്വേഷണം വന്നിരുന്നു. എന്നാൽ തട്ടിപ്പിന്നിരയായവർ പരാതികൾക്ക് നിന്നതേയില്ല. അതോടെയാണ് ഈ കേസിൽ നിന്നും തലയൂരാൻ കഴിഞ്ഞത്.

വ്യാജ അവകാശവാദങ്ങളുമായി സമാന്തര ചികിത്സാ ക്ലാസുകൾ സംഘടിപ്പിക്കുകയും, പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ മാത്രം നൽകി ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുകയും ചെയ്യുന്നുവെന്നും കൊളംബോയിലെ ഡോക്റ്ററേറ്റ് ഉൾപ്പെടെ ഉയർന്ന തുക വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു എന്നും ഇയാൾക്കെതിരെ ആരോപണമുണ്ട്. അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളോടൊപ്പം സെൽഫി എടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു തട്ടിപ്പിന് കളമൊരുക്കുകയും ചെയ്യുന്നതും ഒരു രീതിയാണ്. വലയിൽ വീഴുന്നവരെ കൗണ്‌സിലിങ് എന്ന പേരിൽ മന്ത്രവാദം ഉൾപ്പെടെയുള്ള ചൂഷണങ്ങൾക്ക് വിധേയരാക്കുന്നു എന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇത്തരം തട്ടിപ്പ് പരിപാടികളിൽ ബാസിദ് ആളുകളെ കുടുക്കുന്നു എന്ന ആരോപണം ഉയർന്ന് നിൽക്കെ തന്നെയാണ് താൻ നടത്തുന്ന പരിപാടി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു എന്ന വ്യാജ പോസ്റ്റർ അടിച്ചു തട്ടിപ്പ് നടത്താൻ ബാസിദ് തയ്യാറാകുന്നതും.

 

മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍. news@marunadan.in

MNM Recommends


Most Read