വാർത്ത

ബഹിരാകാശത്തും യുഎഇയുടെ കൊടിപാറിക്കാൻ ഹസ്സ അൽ മൻസൂരി യാത്ര ആരംഭിച്ചു; കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്‌മോ ഡ്രോമിൽ നിന്ന് മൻസൂരിയും സഹയാത്രികരും പുറപ്പെട്ടത് യുഎഇ സമയം 5.56ന്; റഷ്യൻ കമാൻഡർ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീർ എന്നിവർക്കൊപ്പം മൻസൂരി കൂടെക്കൂട്ടിയത് സുഹൈൽ എന്ന പാവക്കുട്ടിയേയും

അബുദാബി: ബഹിരാകാശത്തും സാന്നിധ്യം ഉറപ്പിച്ച് യുഎഇ. ബഹിരാകാശത്ത് യുഎഇയുടെ കൊടിപാറിക്കാൻ ഇമറാത്തി പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരി പുറപ്പെട്ടത് സുഹൈൽ എന്ന പാവക്കുട്ടിക്ക് ഒപ്പം. ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്‌മോ ഡ്രോമിൽ നിന്നാണ് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി പുറപ്പെട്ടത്. റഷ്യൻ കമാൻഡർ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണു സഹയാത്രികർ.

സോയുസ് എംഎസ് 15 പേടകത്തിൽ ആറ് മണിക്കൂറാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ അവർ എത്തിച്ചേരാൻ എടുക്കുന്ന സമയം. എട്ടു ദിവസമാണ് അൽ മൻസൂരി ബഹിരാകാശനിലയത്തിൽ കഴിയുക. ഭൂമിയുടെ ഏതാണ്ട് 400കിലോമീറ്റർ മുകളിലുള്ള പരിക്രമണപഥത്തിലാണ് ഒരു ഫുട്‌ബോൾ ഗ്രൗണ്ടിനോളം വലിപ്പം വരുന്ന ബഹിരാകാശനിലയം. നിലവിൽ ആറ് പേർ അവിടെ താമസിക്കുന്നുണ്ട്.

സോയുസ് എംഎസ് 15 പേടകത്തിന് 7.48 മീറ്റർ നീളവും 2.71 മീറ്റർ വ്യാസവുമുണ്ട്. അടുത്തമാസം നാലിനാണ് ഐഎസ്എസിൽ നിന്നുള്ള മടക്കയാത്ര. ഇന്റർനാഷനൽ സ്പേസ് സെന്ററിൽ ആദ്യമായി യുഎഇയിൽ നിന്നും എത്തുന്നതിന്റെ പ്രതീകാത്മകസന്ദേശം കൂടിയാണ് പുതിയ കാലത്തിന്റെ താരകം എന്നറിയപ്പെടുന്ന സുഹൈലിന്റെ സാന്നിധ്യം.

2017ലാണ് യുഎഇ വൈസ്പ്രസിഡന്റ് തങ്ങളുടെ ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. ബഹിരാകാശസഞ്ചാരിയാവാൻ താത്പര്യമുള്ളവരെ ക്ഷണിച്ചതോടെ നിരവധി പേരാണ് താത്പര്യത്തോടെ മുന്നോട്ടുവന്നത്. അതിൽനിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽനാലായിരത്തോളം പേർ മാത്രമാണ് ഉണ്ടായത്. അവരിൽനിന്ന് രണ്ടു പേരെയാണ് തിരഞ്ഞെടുത്തത്. അതിലൊരാളാണ് ഹസ. സുൽത്താൻ അൽ നയാദിയായിരുന്നു മറ്റൊരാൾ. ബാക്കപ്പ് ആസ്‌ട്രോനോട്ട് ആയിട്ടായിരുന്നു അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. റഷ്യയിലെ യൂറി ഗഗാറിൻ കോസ്മനോട്ട് പരിശീലനകേന്ദ്രത്തിലായിരുന്നു ഇവർക്ക് പരിശീലനം നൽകിയത്.

മൻസൂരിക്ക് പക്ഷേ, മതനിയമങ്ങൾ ലംഘിക്കാൻ അനുമതിയില്ല. ഭൂമിയിലായാലും ബഹിരാകാശത്തായാലും മതനിയമങ്ങൾ പാലിച്ചേ പറ്റൂ. ഇതനുസരിച്ച് ദുബായ് ഇസ്ലാമിക് അഫയേഴ്സ് അഥോറിറ്റി മൻസൂരിക്ക് പ്രത്യേക നിയമാവലി നൽകിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുന്നവർ ദിവസം 16 സൂര്യോദയങ്ങളും 16 അസ്തമയങ്ങളും കാണും. ഉദയത്തിനും അസ്തമയത്തിനും നിസ്‌കരിക്കേണ്ടതിനാൽ, മൻസൂരിക്ക് ദിവസം 32 തവണ നിസ്‌കാരം നടത്തേണ്ടിവരും. മെക്കയിലെ സമയം കണക്കാക്കിയും നിസ്‌കാരം നടത്തേണ്ടിവരും. മുമ്പ് ബഹിരാകാശത്തുപോയിട്ടുള്ള മലേഷ്യയുടെ ഷെയ്ഖ് മുസാഫിർ ഷുക്കോറിനോട് കസാഖ്സ്താനിലെ സമയം കണക്കാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, റോക്കറ്റ് വിക്ഷേപിക്കുന്ന രാജ്യത്തെയല്ല, മക്കയിലെ സമയമാണ് അടിസ്ഥാനമാക്കേണ്ടതെന്ന് യു.എ.ഇ. നിർദ്ദേശിച്ചു.

റംസാൻ മാസത്തെ നിഷ്‌കർഷകളും മുടക്കാൻ പാടില്ല. ആ ഘട്ടത്തിൽ, മക്കയിലെ സമയം അനുസരിച്ച് നോമ്പെടുക്കണമെന്നാണ് നിയമാവലിയിലുള്ളത്. എന്തായാലും മൻസൂരിക്ക് റംസാൻ നൊയമ്പ് ബഹിരാകാശത്ത് എടുക്കേണ്ടിവരില്ല. എട്ടുദിവസം മാത്രമേ മൻസൂരി സ്പേസ് സെന്ററിൽ ചെലവിടുന്നുള്ളൂ. ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാത്തതിനാൽ നിലയുറപ്പിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് മക്കയ്ക്ക് നേരെ തിരിഞ്ഞുതന്നെ വേണം നിസ്‌കരിക്കാനെന്ന നിഷ്‌കർഷ പാലിക്കാനായെന്നുവരില്ല. അതിനുപകരം ഭൂമിയിലേക്കുനോക്കി നിസ്‌കരിക്കാനാണ് നിയമാവലിയിലുള്ളത്.

അറബ് രാജ്യത്തുനിന്നുള്ള മൂന്നാമത്തെ ബഹിരാകാശ യാത്രികനാണ് മൻസൂരി. സൗദി അറേബ്യയുടെ സുൽത്താൻ ബിൻ സൽമാൻ അബ്ദൽഅസീസ് അൽ സൗദാണ് അറബ് ലോകത്തുനിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് കുതിച്ചയാൾ. 1985-ൽ അമേരിക്കൻ ദൗത്യത്തിനൊപ്പമായിരുന്നു സുൽത്താന്റെ യാത്ര. സിറിയയിൽനിന്നുള്ള മുഹമ്മദ് ഫാരിസ് സോവിയറ്റ് ദൗത്യത്തിനൊപ്പം 1987-ലും യാത്ര ചെയ്തു. മൂന്നുപതിറ്റാണ്ടിനുശേഷമാണ് അറബ് ലോകത്തുനിന്ന് മറ്റൊരു ബഹിരാകാശ യാത്രികനുണ്ടാവുന്നത്. ആ ഭാഗ്യം ലഭിച്ചതാകട്ടെ മൻസൂരിക്കും.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read