വാർത്ത

മരടിൽ ഫ്‌ളാറ്റ് പൊളിക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്ത സർക്കാർ; കാപ്പികോയിലെ ഒഴിപ്പിക്കൽ വിധി അറിയാത്തവർ; സഭാ തർക്കത്തിൽ വിശ്വാസികളുടെ ഭീഷണിക്ക് മുമ്പിൽ മടങ്ങുന്ന പൊലീസും; നെയ്യാറ്റിൻകരയിൽ രാജനേയും അമ്പിളിയേയും പച്ചക്ക് കത്തിച്ചും നീതി നടപ്പാക്കൽ! ആ പൊലീസുകാരനെ നിരപരാധിയാക്കാൻ കള്ളക്കളികൾ

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാതിരിക്കാൻ പരമാവധി ന്യായങ്ങൾ പറഞ്ഞ സർക്കാർ....മുത്തൂറ്റിന്റെ അനധികൃത കൈയേറ്റമായ കാപ്പികോ പൊളിക്കാൻ മടിക്കുന്നവർ..... സഭാ തർക്കത്തിൽ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞിട്ടും സമവായത്തിന്റെ ചർച്ചകൾക്ക് മുൻകൈയെടുക്കുന്ന സർക്കാരുകൾ.... എന്നാൽ ഇതൊന്നും പാവപ്പെട്ടവന് നടക്കില്ല. കീഴ് കോടതി വിധി വന്നാൽ ഉടൻ തന്നെ വസ്തു ഒഴിയണം. ജീവിതം വഴി മുട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയാൽ അവരെ പച്ചയ്ക്ക് കത്തിക്കുന്ന പൊലീസ്. കേരളത്തിന്റെ മനസാക്ഷിക്ക് മുമ്പിൽ ചോദ്യമായി മാറുകയാണ് രാജന്റേയും അമ്പിളിയുടേയും മരണം. എല്ലാ അർത്ഥത്തിലും അതൊരു കൊലപാകമാണ്.

പെട്രോൾ ഒഴിച്ച് ലൈറ്ററും കത്തിച്ചു നിൽക്കുന്ന രാജനും അമ്പിളിയും. അത് ഷൂട്ട് ചെയ്തത് മക്കളും. പരാതിക്കാരിയുടെ കാശിന്റെ തണലിൽ വീടൊഴുപ്പിക്കാൻ പൊലീസ് എത്തുമെന്ന് ഈ കുടുംബം തീരുമാനിച്ചിരുന്നു. അങ്ങനെ വന്നാൽ അവരെ തിരിച്ചയയ്ക്കാനായി ഒരു നാടകം. അതിന് വേണ്ടി കരുതിയതായിരുന്നു പെട്രോളും ലൈറ്ററും. എല്ലാം ഷൂട്ട് ചെയ്യണമെന്ന് മക്കളോടും ചട്ടം കെട്ടി. എന്നാൽ പൊലീസ് ക്രൂരത ഈ നാടകത്തിലേക്ക് തീയെത്തിച്ചു. അങ്ങനെ അതൊരു കൊലപാതകമായി. എന്നിട്ടും ഈ പൊലീസുകാരനെതിരെ കേസെടുത്തില്ല. കൊലക്കുറ്റത്തിന് കേസെടുത്ത് അകത്തിടേണ്ട പൊലീസിനെ സസ്‌പെൻഷൻ നൽകി രക്ഷിച്ച് മാസങ്ങൾക്ക് ശേഷം സേനയുടെ ഭാഗമാക്കാനാണ് സർക്കാരിന്റെ ശ്രമം. ഇതിന് വേണ്ടിയാണ് കള്ളക്കളികൾ.

സഭാ കേസിലും കാപ്പികോ റിസോർട്ടിലും നീതി നടപ്പാക്കാൻ മടിക്കുന്നവർ തന്നെയാണ് ഹൈക്കോടതിയിലെ സ്‌റ്റേയ്ക്കായി കാത്തു നിൽക്കാൺ കേണപേക്ഷിച്ചിട്ടും കേൾക്കാതെ നീതി നടപ്പാക്കുന്നുവെന്ന് വരുത്തി രാജനേയും അമ്പിളേയിയും വകവരുത്തി രണ്ട് കുഞ്ഞുങ്ങളെ അനാഥരാക്കിയത്. എന്നിട്ടും ഭരണകൂടത്തിന് ഒന്നും മനസ്സിലാകുന്നില്ല. ഇന്നലെ സ്വാന്തനിപ്പിക്കാൻ എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും പെട്രോൾ എവിടെ നിന്ന് എത്തിയെന്ന ചോദ്യമാണ് ഉയർത്തിയത്. അതായത് പൊലീസിനെ രക്ഷിക്കാനുള്ള തന്ത്രം. പെട്രോൾ കരുതിയത് നാടകത്തിന്. എന്നാൽ ആളിക്കത്തിച്ചത് പൊലീസും. എന്നാൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നാടകം കളിച്ചവർ മരിച്ചുവെന്ന തരത്തിലായിരുന്നു മന്ത്രിയുടെ പരിഹാസം.

ദുരന്തം നടന്ന രാജന്റെ വീടിനു മുന്നിൽ ഇന്നലെ രാവിലെ മുതൽ നാടകീയമായ രംഗങ്ങളായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം പരാതിക്കാരിക്കും പൊലീസിനും നേർക്കായിരുന്നു. കിടപ്പാടം ഒഴിപ്പിക്കാൻ കേസ് നൽകിയ അയൽവാസി വീട്ടമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ വീടിനു മുന്നിൽ നടത്തിയ സമരം മണിക്കൂറുകൾ നീണ്ടു. മൂന്നരയോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരിയെ പൊലീസ് സ്റ്റേഷനിലേക്കെന്നു പറഞ്ഞ് അവിടെ നിന്നു മാറ്റി. ജനക്കൂട്ടം ഒന്നു ശാന്തമായെങ്കിലും 4.30 നു വീണ്ടും സംഘർഷഭരിതമായി. മെഡിക്കൽ കോളജിൽനിന്നു പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് അമ്പിളിയുടെ മൃതദേഹവുമായി ആംബുലൻസ് എത്തിയപ്പോൾ തടഞ്ഞ നാട്ടുകാർ റോഡിൽ കുത്തിയിരുന്നു.

നെയ്യാറ്റിൻകര ഡിവൈഎസ്‌പി എസ്. അനിൽകുമാർ, തഹസിൽദാർ അജയകുമാർ എന്നിവർ ചർച്ചയ്ക്ക് തയാറായെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. കലക്ടർ വന്ന് ഉറപ്പു നൽകണമെന്നായിരുന്നു ആവശ്യം. രാത്രി 7.30നു കലക്ടർ നവ്‌ജ്യോത് ഖോസ സ്ഥലത്തെത്തി നാട്ടുകാരുടെ ആവശ്യം കേട്ടു. എല്ലാ ആവശ്യത്തിനോടും അനുകൂലമായി പ്രതികരിച്ച കലക്ടർ ഇക്കാര്യം വ്യക്തമാക്കി സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ഉറപ്പുനൽകി. അതോടെ സമരം അവസാനിപ്പിച്ചു.

രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ പൊലീസ് നടപടിയെടുത്തത് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനു തൊട്ടു മുൻപ്. ഒന്നര മണിക്കൂറിന്റെ വ്യത്യാസത്തിൽ ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവ് എത്തുമ്പോഴേക്കും ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് രാജനും ഭാര്യ അമ്പിളിയും ആശുപത്രിയിലായി. പിന്നീട് മരണവും അവരെ തേടിയെത്തി. നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ഉത്തരവു നടപ്പാക്കാൻ 22 ന് ഉച്ചയോടെയാണു പൊലീസ് ഉൾപ്പെട്ട സംഘം എത്തിയത്. അന്നു തന്നെ ഉച്ചയ്ക്കു രണ്ടരയോടെ രാജന്റെ ഹർജിയിൽ ജസ്റ്റിസ് വി. ഷെർസിയുടെ ബെഞ്ചിൽനിന്നു സ്റ്റേ ഉത്തരവുണ്ടായി. അപ്പോഴേക്കും രാജന്റെ തിരുവനന്തപുരത്തെ അഭിഭാഷകൻ വിളിച്ച് ഈ ദാരുണ സംഭവത്തെക്കുറിച്ചു പറഞ്ഞതായി ഹൈക്കോടതിയിൽ ഹാജരായ ജിനേഷ് പോൾ പറഞ്ഞു.

കഴിഞ്ഞ ജൂൺ 16 നാണു രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്. സബ് കോടതി അപ്പീൽ പരിഗണിക്കാൻ വൈകിയതിനാൽ ഹൈക്കോടതിയെ സമീപിച്ചു. മുൻസിഫ് കോടതി ഉത്തരവിനു ജനുവരി 15 വരെയാണു സ്റ്റേ അനുവദിച്ചിട്ടുള്ളത്. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ ഡിജിപി നിർദ്ദേശം നൽകി. ഒഴിപ്പിക്കൽ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടോയെന്നു സർക്കാരും പരിശോധിക്കും.

ഒഴിപ്പിക്കൽ ഒഴിവാക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടൈ പൊലീസ് ലൈറ്റർ തട്ടിമാറ്റിയപ്പോഴാണ് രാജന്റെയും അമ്പളിയുടെയും ശരീരത്തിലേക്ക് തീപടർന്നത്. തിങ്കളാഴ്ച പുലർച്ചെ മരിച്ച രാജന്റെ സംസ്‌കാരം വൈകിട്ടു തന്നെ നടത്തിയിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read