വാർത്ത

നടിക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു; എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്; പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല; കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട്; മൃദുലാ ശശിധരന്റെ പോസ്റ്റിൽ എങ്ങും ചർച്ച; അയ്യനും കാളിയുമായി താരമായ നടനെതിരേയും മീടൂ; ദളിത് ആക്ടിവിസ്റ്റിന്റെ പോസ്റ്റിൽ വിനായകൻ കുടുങ്ങുമ്പോൾ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടൻ വിനായകനെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങൽ നടന്നിരുന്നു. ഇതിനെ നേരിടാൻ തന്റെ ഫേസ്‌ബുക്ക് പേജിന്റെ പ്രൊഫൈൽ പിക്ചർ ഭദ്രകാളിയുടെ ചിത്രമാക്കിയ വിനായകൻ കവർ ഫോട്ടോയായി അയ്യപ്പനെയും തിരഞ്ഞെടുത്തു. ആമിർ ഖാൻ കേന്ദ്ര കഥാപാത്രമായി 2014ൽ പുറത്തിറങ്ങിയ 'പികെ' എന്ന സിനിമയിൽ പികെ സ്വീകരിക്കുന്ന തന്ത്രത്തിനു തുല്യമാണ് വിനായകനും തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടെ താരം സൂപ്പർ ഹീറോയായി. സോഷ്യൽ മീഡിയ ഒന്നടങ്കം പിന്തുണയുമായി എത്തി. അങ്ങനെ കത്തികയറുന്നതിനിടെ വിനായകനെ വെട്ടിലാക്കാൻ മീ ടൂ ആരോപണവും. പൊതു പ്രവർത്തകയും ആക്ടിവിസ്റ്റുമായ മൃദുല ശശിധരന്റെ പോസ്റ്റാണ് വിനായകനെ വില്ലനാക്കുന്നത്. ദളിത് ആക്ടിവിസ്റ്റിന്റെ പോസ്റ്റിൽ വിനയാകനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

നടിക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ-ഇതാണ് മൃദുല ഫെയ്‌സ് ബുക്കിൽ കുറിച്ചത്. ഇതിന് പിന്നാലെ വിനായകനെതിരെ വ്യാപക പ്രതിഷേധവും എത്തി.

മൃദുലയുടെ ആരോപണത്തെ ശരിവച്ച് അമ്മു ദീപയും ഫെയ്‌സ് ബുക്കിൽ കുറിച്ചു. ആ ഫോൺ റെക്കോർഡിങ്‌സ് ഞെട്ടലോടെയും അതിലേറെ തകർച്ചയോടെയുമാണ് ഞാനിന്നലെ കേട്ടത്. ജാതീയതയെപ്പറ്റിയും അയ്യങ്കാളിയെപ്പറ്റിയുമൊക്കെ ചരിത്രാത്മകമായ പൂർണ ബോധ്യങ്ങളോടെ/ നിലപാടുകളോടെ മാധ്യമങ്ങൾക്കു മുന്നിൽ അക്ഷോഭ്യനായി സംസാരിക്കുന്ന ആ ചെറുപ്പക്കാരനെപ്പറ്റി Fb യിൽ ഒരു പോസ്റ്റ് ഇട്ട സമയമായിരുന്നു. അപ്പോൾത്തന്നെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. അദ്ദേഹം മദ്യപിച്ചിട്ടുണ്ടാവുമോ മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടായിരിക്കുമോ എന്നെല്ലാം ചിന്തിച്ചു.അപ്പോഴൊക്കെയും ആ തെറികൾ കാതിൽ വന്നലച്ചു. ഇക്കാര്യത്തിൽ ഞാനൊരിക്കലും വിനായകനെ ന്യായീകരിക്കുകയില്ല. ജാതിക്കെതിരാണെന്നതുപോലെത്തന്നെ ഞാൻ സ്ത്രീ വിരുദ്ധതയ്ക്കും നൂറുവട്ടം എതിരാണ്-അമ്മു ദീപ കുറിച്ചത് ഇങ്ങനെയാണ്. ഇതും വിനായകനെതിരായ ആരോപണം ശരിവയ്ക്കുന്നതാണ്. ഇതോടെ വ്യാപക രീതിയിൽ തന്നെ വിനായകനെതിരെ പ്രതിഷേധം ഉയരുകയാണ്.

മനുഷ്യർ, മനുഷ്യരിൽ തുടരുന്ന വിഗ്രഹവൽക്കരണ ആരാധന സമ്പ്രദായത്തോട് എക്കാലവും വിയോജിക്കുന്നു. കാരണം, അങ്ങനെ വീര-താര പരിവേഷങ്ങൾ നൽകി ആരാധിചെഴുന്നള്ളിച്ച പല വിഗ്രഹങ്ങളും മണ്ണിൽ വീണുടയുന്നത് പിന്നീട് നാം തന്നെ കണ്ടറിഞ്ഞിട്ടുണ്ട്. സമാനമായി ചലച്ചിത്ര മേഖലയിൽ അലൻസിയർ വരെ എത്തി നിൽക്കുന്ന ഉദാഹരണങ്ങൾ. ജാതി, വംശം, തൊലി നിറം, രൂപം എന്നിങ്ങനെ തലനാരിഴ കീറിയെടുത്തു നടത്തുന്ന അധിക്ഷേപങ്ങളെ ശക്തമായി അപലപിക്കുന്നു. ആ കാര്യത്തിൽ വിനായകൻ എന്ന വ്യക്തിയോടൊപ്പം നിൽക്കുന്നു. എന്നാൽ, അതിൽ രാഷ്ട്രീയം ചികഞ്ഞു മാത്രം അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നവരോട് ഒന്നും പറയാനില്ല. പറഞ്ഞിട്ട് പ്രയോജനവുമില്ല. ഇത്തരം ജാതി-വംശീയ രാഷ്ട്രീയ അധിക്ഷേപങ്ങളെ സകല കക്ഷി രാഷ്ട്രീയ ആശയങ്ങൾക്കുമപ്പുറം എതിർക്കുന്നതിനോടൊപ്പം തന്നെ, അതിൽ ശേഷിക്കുന്ന, സ്ത്രീ വിരുദ്ധതയെയും എതിർക്കുന്നു. കാരണം ലിംഗ സമത്വത്തിൽ വിശ്വസിക്കുന്നു എന്നതുകൊണ്ടുതന്നെ. ഇതേ അഭിപ്രായമാണ് തന്റെ ജീവിതാനുഭവങ്ങളുമായി കൂട്ടിയിണക്കി ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി മൃദുലാദേവി ശശിധരൻ വ്യക്തമാക്കിയതും. വളരെ വ്യക്തവും ശക്തവുമായ നിലപാട്.-ഇതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു കുറിപ്പ്.

വിനായകന്റെ ദളിത് സ്വത്വം മാത്രം വെച്ച് അയാളുടെ ഭാഗം ന്യായീകരിക്കാനൊന്നും പറ്റത്തില്ല. അയ്യങ്കാളിയെപ്പോലൊരു മനുഷ്യനൊപ്പം വിനായകനെന്ന ആർട്ടിസ്റ്റിന് ആൾക്കാർ സ്‌പെയ്‌സ് കൊടുക്കുമ്പോൾ അയാളുടെ ഇത്തരം മറുപുറങ്ങളും പറയാതെ വയ്യെന്നാണ്!-ഇങ്ങനേയും വിനായകനെ പ്രതികൂട്ടിലാക്കി കമന്റുകളെത്തുന്നു. അങ്ങനെ രണ്ട് ദിവസം സോഷ്യൽ മീഡിയയിൽ താരമായ വിനായകൻ വില്ലനാവുകയാണ്. അയ്യനും കാളിയും ചേർത്ത് അയ്യങ്കാളിയെ തന്റെ രക്ഷയ്ക്കായി നിയോഗിച്ചിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പറഞ്ഞ വിനായകൻ ഊരാക്കുടുക്കിലാവുകയാണ്. തെരഞ്ഞെടപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കേരളത്തിലെ ജനങ്ങൾ ഇതേക്കുറിച്ച് തീർച്ചയായും ചിന്തിക്കണമെന്നും വിനായകൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ബിജെപിയുടേയും സംഘപരിവാറിന്റേയും അജണ്ട കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിജെപിക്കും ആർഎസ്എസിനും കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും നമ്മളൊക്കെ മിടുക്കന്മാരാണെന്നും അതാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വിനായകൻ പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനായി കളത്തിൽ ഇറങ്ങില്ല, പക്ഷേ എപ്പോഴും കമ്മ്യൂണിസ്റ്റായിരിക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്നായിരുന്നു സൈബർ ആക്രമണം. ഇതിനെ സമർത്ഥമായി വിനായകൻ പ്രതിരോധിച്ചു. ഇതിനിടെയാണ് മീടൂ ആരോപണമെത്തുന്നതും. അതും ദളിത് ആക്ടിവിസ്റ്റിന്റെ ഭാഗത്തു നിന്നു. ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രമ്യാ ഹരിദാസിനെ ദീപാ നിശാന്ത് അധിക്ഷേപിച്ചപ്പോഴും അതിശക്തമായി പ്രതികരിച്ച വ്യക്തിയാണ് മൃദുലാ ശശിധരൻ.

മലയാള സിനിമകളിലാണ് വിനായകൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്കിലും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്‌നി നൃത്തത്തിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മാന്ത്രികമായിരുന്നു ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമൻ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. എ.കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതനാക്കിയത്.

ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ് വിനായകന്റെ പ്‌ളസ് പോയിന്റ്. ടി.കെ. രാജീവ്കുമാറിന്റെ ഇവർ എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബൈ ദ പീപ്പിൾ, ചിന്താമണി കൊലക്കേസ്, ഗ്രീറ്റിങ്ങ്‌സ്, ജൂനിയർ സീനിയർ, ഛോട്ടാ മുംബൈ, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2012-ൽ അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ അഭിനയിച്ച് വിനായകൻ വളരെയധികം ശ്രദ്ധനേടി. കമ്മട്ടിപാടത്തിലൂടെ വിനായകന് സംസ്ഥാന അവാർഡ് കിട്ടി. ഇയോബിന്റെ പുസ്തകം, ചോട്ടാ മുംബൈ, ഈമായു തുടങ്ങിയ ചിത്രങ്ങളിലൂടെ വിനായകൻ മലയാള സിനിമയിലെ പ്രധാന ഘടകമായി വളർന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read