വാർത്ത

ഇടതിലും വലതിലും പരിവാറിലും സ്ഥാനാർത്ഥി സുഹൃത്തുക്കൾ എത്തിയപ്പോൾ പ്രചരണത്തിൽ നിന്നും വിട്ട് നിൽക്കാൻ ന്യൂയോർക്ക് വഴി ജമൈക്കയിലെത്തി; സുരേഷ് ഗോപിക്ക് ലൂസിഫർ വേഷത്തിൽ ഷെയ്ഖ് ഹാന്റ് കൊടുത്ത് ഇനിയാത്ര അനന്തപുരിയിലേക്ക്; പതിവുകൾ തെറ്റിച്ച് ഇത്തവണ വോട്ട് ചെയ്യാൻ മോഹൻലാൽ മുടവന്മുകളിലെത്തും; സ്റ്റീഫൻ നെടുമ്പള്ളിയുടെ മനസ് ആർക്കൊപ്പം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ചൂടൻ ചർച്ചയാകുന്നത് ഇനി കേരളക്കര വിധിയെഴുതാൻ പോളിങ് ബൂത്തിലേക്ക് പോകുന്നതാണ്. പതിവ് പോലെ വെള്ളിത്തിരയിലെ താരങ്ങൾ വരെ സ്ഥാനാർത്ഥികളായി എത്തുന്ന തിരഞ്ഞെടുപ്പിന് 'താരത്തിളക്കം' ഒട്ടം കുറവല്ല. ഇവർക്കായി പ്രചരണ രംഗത്തേക്ക് ചില താരങ്ങൾ ഇറങ്ങിയതും ഏറെ ശ്രദ്ധേയമായിരുന്നു. ചാലക്കുടിയിൽ ഇന്നസെന്റിനായി മമ്മൂട്ടി റോഡ് ഷോയിൽ പങ്കെടുത്തതിന് പിന്നാലെയാണ് നടൻ മോഹൻലാലിനെ തൃശ്ശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി സന്ദർശിച്ചത്.

നേരത്തെ മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹമുയരുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം താരമിത് തള്ളുകയും ചെയ്തിരുന്നു. ലാലിനെ സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ അമ്മയുടേയും അനുഗ്രഹം വാങ്ങാനാണ് താൻ വീട്ടിലെത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹത്തിന് നല്ലത് വരാൻ താൻപ്രാർത്ഥിക്കുന്നുവെന്നും മോഹൻലാൽ അറിയിച്ചതിന് പിന്നാലെയാണ് താൻ വോട്ട് ചെയ്യാൻ തിരുവനന്തപുരത്ത് എത്തുമെന്ന സൂചനയും നൽകിയത്. വോട്ട് ചെയ്യാൻ എത്തുമോ എന്നത് സസ്‌പെൻസായിരിക്കട്ടെ എന്നാണ് ലാൽ പ്രതികരിച്ചത്. സാധാരണയായി തിരഞ്ഞെടുപ്പ് സമയത്ത് ഷൂട്ടിങ് തിരക്കിലായതിനാൽ ലാൽ വോട്ടു ചെയ്യാൻ വിരളമായി മാത്രമേ എത്താറുള്ളു.

നേമം നിയോജകമണ്ഡലത്തിൽ മുടവൻ മുകളിലാണ് മോഹൻലാലിന് വോട്ടുള്ളത്. ഇക്കുറി അദ്ദേഹം വോട്ടുചെയ്യാൻ എത്തും എന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പ്രചരണം അവസാനിക്കുന്ന ദിനങ്ങൾ വരെ ലാൽ കേരളത്തിലുണ്ടായിരുന്നില്ല. ന്യൂയോർക്കിലും ജമൈക്കയിലും മറ്റുമായി യാത്രകളിലായിരുന്നു അദ്ദേഹം. അതിനാൽ തന്നെ അദ്ദേഹം സുഹൃത്തുക്കളുടെ പ്രചരണത്തിൽ പങ്കെടുത്തിരുന്നില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ ഗണേശ് കുമാറിന്റെ പ്രചരണത്തിനായി മോഹൻലാൽ എത്തിയിരുന്നു. എന്നാൽ ഇക്കുറി ഇന്നസെന്റും സുരേഷ് ഗോപിയും മത്സര രംഗത്തുണ്ടായിട്ടും എന്താണ് ലാൽ എത്താത്ത് എന്നും സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്ന ചോദ്യമാണ്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും ഈ അടുത്തിടെയാണ് ഇറങ്ങിയത് എന്നതും മറ്റൊരു വസ്തുതയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിൽ വന്ന ചിത്രം വിരൽചൂണ്ടുന്നത് താരത്തിന്റെ രാഷ്ട്രീയ പ്രവേശനമാണോ എന്ന് വരെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആദ്യം ബിജെപി സ്ഥാനാർത്ഥിയാകും എന്ന പ്രചരണം  ലാൽ തള്ളിയതിനാൽ സിനിമ റിലീസ് ചെയ്ത ശേഷം ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയുണ്ടായില്ല. തമിഴ്‌നാട്ടിൽ സൂപ്പർ താരങ്ങളായ രജനീകാന്തും കമൽഹാസനും രാഷ്ട്രീയ രംഗത്തേക്ക് വരുന്ന വേളയിലും രാഷ്ട്രീയം ചർചയാകുന്ന സിനിമകളും ശ്രദ്ധേയമായിരുന്നു. രജനീകാന്തിന്റെ കാലാ വന്നതിന് ശേഷമാണ് കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2 വും റിലീസിനൊരുങ്ങുന്നത്.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്തെ ഉറപ്പിച്ചിരുന്ന താരാധിപത്യം കേരളക്കരയിലും വരും നാളുകളിൽ വീശുമോ എന്ന കാര്യം കണ്ടു തന്നെ അറിയണം. പ്രചരണ രംഗത്തും ഇക്കുറി ഏറെ ശ്രദ്ധയാകർഷിച്ചത് സുരേഷ് ഗോപിയാണ് എന്നതിൽ തർക്കമില്ല. സാധാരണ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയും ഉച്ചയൂണിൽ പങ്കെടുത്തും തുടങ്ങിയ പ്രചരണം സമൂഹ മാധ്യമത്തിലടക്കം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഗർഭിണിയുടെ വയറ്റിൽ തൊട്ട് കുഞ്ഞിനേയും അനുഗ്രഹിച്ച് യാത്രയാകുന്ന സുരേഷ് ഗോപിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.

ഇതിന് പിന്നാലെയും വിവാദ ശരങ്ങൾ ഉയർന്നെങ്കിലും അതൊക്കെ അധികം വൈകാതെ കെട്ടടങ്ങി. താരത്തിനായി സൂപ്പർ താരങ്ങളാരും രംഗത്തിറങ്ങാഞ്ഞതെന്തെ എന്നും സമൂഹ മാധ്യമത്തിൽ ചോദ്യങ്ങളുയർന്നു. എന്നാൽ ഇതിന് മറുപടി നൽകുന്നതായിരുന്നു സൂരേഷ് ഗോപിയുടേയും മോഹൻലാലിന്റെയും കൂടിക്കാഴ്‌ച്ച.സ്റ്റീഫൻ നെടുമ്പള്ളിയായി ലൂസിറഫിൽ നിറഞ്ഞാടിയ പ്രിയ ലാലേട്ടൻ പോളിങ് ബൂത്തിൽ എത്തുന്ന നിമിഷം കാത്തിരിക്കുകയാണ് മലയാളക്കര.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read