വാർത്ത

കൊട്ടിയത്തെ ബസ് അപകടത്തിന്റെ യഥാർത്ഥ കുറ്റവാളി കെഎസ്ആർടിസിയിലെ ഡ്യൂട്ടി പാറ്റേണോ? ഡ്രൈവർ കം കണ്ടക്ടർ സംവിധാനം വ്യാപകമാക്കിയിരുന്നെങ്കിൽ ഈ മൂന്ന് ജീവനുകൾ രക്ഷിക്കാമായിരുന്നു; ദ്വീർഘദൂര ബസിലെ ഡ്രൈവർ ഉറങ്ങിപ്പോയത് അപകടത്തിന് ഇടയാക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ഡ്യൂട്ടി പരിഷ്‌ക്കര ആവശ്യം വീണ്ടും ശക്തമാകുന്നു; യൂണിയനുകളുടെ കണ്ണുരുട്ടൽ ഭയക്കാത്ത തച്ചങ്കരി നടപടി സ്വീകരിക്കുമോ?

തിരുവനന്തപുരം: കൊട്ടിയം ഇത്തിക്കര പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ച വാർത്ത കേട്ടാണ് ഇന്ന് മലയാളികൾ ഉണർന്നത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ മലപ്പുറം മലയാന്മ സ്വദേശി കല്ലിൽ പുത്തൻവീട് അബ്ദുൽ അസീസ് (47), കണ്ടക്ടർ താമരശ്ശേരി സ്വദേശി തെക്കേപുത്തൻ പുരയിൽ പി.ടി സുഭാഷ്, ലോറി ഡ്രൈവർ തിരുനെൽവേലി കേശവപുരം സ്വദേശി ഗണേശ് എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 6.50 നായിരുന്നു അപകടം.

മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആർ.ടിസി ഡീലക്സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ചുരുക്കിപ്പറഞ്ഞാൽ കെഎസ്ആർടിയിൽ ഏറെ വിവാദമായിരിക്കുന്ന ഡ്യൂട്ടി പാറ്റേണിന്റെ ഒടുവിലത്തെ ഇരകളാണ് ഇന്ന് അപകടത്തിൽ മരിച്ച ഈ മൂന്ന് പേർ. ദ്വീർഘദൂര സർവീസുകളിൽ കണ്ടക്ടർ കം ഡ്രൈവർ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചെങ്കിലും ഇത് സമ്പൂർണമാക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് ഡ്രൈവർ തന്നെ മണിക്കൂറുകളോളം ബസ് ഓടിക്കേണ്ട അവസ്ഥ സംജാതമാകാൻ കാരണം.

കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകളിൽ രാത്രികളിൽ കൂടുതൽ (വൈകീട്ട് ഏഴ് മണിക്കും രാവിലെ ഏഴ് മണിക്കും ) ആറുമണിക്കൂറിൽ കൂടുതൽ വണ്ടി ഓടിക്കേണ്ട സർവ്വീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പിലാക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, ഏകദേശം ഏകദേശം 200 ൽ താഴെ കെഎസ്ആർടിസി സർവ്വീസുകളാണ് ഇങ്ങനെ നടപ്പിലാക്കിയിരിക്കുന്നത്. ഏസി മുറിയിലിരുന്ന് ജോലി ചെയ്യുന്നവർ പോലും 8 മണിക്കൂർ ഗുമസ്ത പണി ചെയ്താൽ ഉറങ്ങി പോകുന്ന കാലത്ത് ഒരു കെഎസ്ആർടിസി ഡ്രൈവർ ഉറങ്ങാതെ 18 മുതൽ 24 മണിക്കൂർ വരെ ഇരുന്ന് ബസ് ഓടിക്കുമ്പോൾ അത് യാത്രക്കാരുടെ ജീവനെ തീർത്തും അപകടത്തിലാക്കുന്നതാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് കൊട്ടിയത്തുണ്ടായ അപകടം.

ഒരു ഡ്രൈവറെ കൊണ്ടു തന്നെ 12-18 മണിക്കൂർ ബസ് ഓടിക്കാനുള്ള കെഎസ്ആർടിസിയുടെ തീരുമാനം നിയമവിരുദ്ധവും നരഹത്യക്ക് തുല്യവുമാണ്. ഈ വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽപെട്ടതു കൊണ്ടാണ് ഹൈക്കോടതി വിഷയം പരിഗണിക്കുകയും ഹൈക്കോടതി ദീർഘ ദൂര ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർ പദ്ധതി നടപ്പിലാക്കാൻ വർഷങ്ങൾക്ക് മുൻപേ നിർദ്ദേശം നൽകുകയും ചെയ്തത്.

കെഎസ്ആർടിസിയിലെ രണ്ട് അംഗീകൃത യൂണിയൻ നേതാക്കൾ രജിസ്ട്രേഡ് യൂണിയൻ നേതാക്കളുമായിരുന്നു ഈ പദ്ധതിക്ക് തുടക്കം മുതൽ പാരവെച്ചത്. ഏറ്റവും സീനിറായ കണ്ടക്ടറുമാരാണ് സാധാരണ രാത്രികാല സൂപ്പർ ഫാസ്റ്റ് ബസുകളിൽ ജോലിക്കു പോകുന്നത്. ഡ്രൈവർക്കും കണ്ടക്ടർ വരുമ്പോൾ കണ്ടക്ടർ ലൈസൻസുള്ള ഡ്രൈവർമാരാണ് ഇത്തരം സർവ്വീസുകളിൽ ജോലിക്കു പോകേണ്ടത്. ഇത് യൂണിയൻ നേതാക്കളായ സീനിയർ കണ്ടക്ടർമാരുടെ തൊഴിൽ ഇല്ലാതാക്കും. ഇവരൊക്കെ സദാ ബസുകളിൽ കണ്ടക്ടർമാരായി ജോലിക്കു പോകേണ്ട അവസ്ഥ വരും. യൂണിയൻ തലത്തിലുള്ള ഇവരുടെ സ്വാധീനമാണ് ഡ്രൈവർക്കും കണ്ടക്ടർ പദ്ധതി വ്യവസായമായി നടപ്പാലാക്കാതെ മാറ്റിവെച്ചതിന് കാരണം.

കെഎസ്ആർടിസിയിൽ ആകെ 200ൽ താഴെ സർവ്വീസുകളാണ് ആറര മണിക്കൂറിൽ കൂടുതൽ രാത്രി ഓട്ടം നടത്തുന്നത്. ഈ സർവ്വീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ ലൈസൻസുള്ള ജീവനക്കാർ കെഎസ്ആർടിസിയിൽ തന്നെയുണ്ടായിട്ടും യൂണിയൻ നേതാക്കളായ കണ്ടക്ടർമാരുടെ സമ്മർദ്ദത്തെ തുടർന്ന് പദ്ധതി മരവിച്ചിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ മാത്രമല്ല രാത്രി സർവ്വീസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ജീവനെ കരുതി ആറര മണിക്കൂറിൽ കൂടുതൽ രാത്രി ഓട്ടമുള്ള എല്ലാ കെഎസ്ആർടിസി സർവ്വീസുകളിലും ഡ്രൈവർ കം കണ്ടക്ടർ നാളെ മുതൽ നടപ്പിലാക്കാനുള്ള ഉത്തരവ് കെഎസ്ആർടിസി എംഡി പുറപ്പെടുവിക്കണം എന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്. യാത്രക്കാരുടെ ജീവനെ കരുതി ഉത്തരവ് നടപ്പിലാക്കാൻ എംഡി ഡ്യൂട്ടി പാറ്റേൺ നടപ്പിലാക്കണം എന്ന ആവശ്യം ശക്തമാണ്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read