വാർത്ത

'മീശ' നോവൽ വിവാദത്തിൽ ഉലഞ്ഞ മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിന്റെ തലപ്പത്ത് അഴിച്ചുപണി; കമൽറാം സജീവിനെ മാറ്റി എഡിറ്റർ ഇൻ ചാർജ്ജിന്റെ ചുമതലയിൽ നിന്നും മാറ്റി സുഭാഷ് ചന്ദ്രന് ചുമതല നൽകി; നടപടി ഹൈന്ദവ സമൂഹത്തിന്റെ എതിർപ്പ് ശമിപ്പിച്ച് നഷ്ടമായ സർക്കുലേഷൻ തിരിച്ചു പിടിക്കാനുള്ള പത്രമാനേജ്‌മെന്റിന്റെ ശ്രമത്തിന്റെ ഭാഗം; സംഘപരിവാർ സമ്മർദ്ദത്തിന് മാതൃഭൂമി വഴങ്ങുന്നതിൽ അതൃപ്തിയോടെ ജീവനക്കാർ

കോഴിക്കോട്: മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിന്റെ തലപ്പത്ത് അഴിച്ചു പണി. നിലവിൽ ആഴ്‌ച്ചപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജ്ജായിരുന്നു കമൽറാം സജീവിനെ മാറ്റി പകരം സുഭാഷ് ചന്ദ്രന് ചുമതല നൽകി. എസ് ഹരീഷിൻെ മീശ നോവൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സംഘപരിവാർ പക്ഷത്തു നിന്നും വിവിധ ഹൈന്ദവ സമൂഹങ്ങളിൽ നിന്നും ഉയർന്ന കടുത്ത എതിർപ്പിനെ തുടർന്നാണ് മാനേജ്‌മെന്റ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. തീവ്ര ഇടതുപക്ഷ നിലപാടിലേക്ക് നീങ്ങിയതും ആർഎസ്എസിനെ ശക്തമായി എതിർത്തു കൊണ്ടും നിലപാട് സ്വീകരിച്ച മാധ്യമപ്രവർത്തകനായിരുന്നു കമൽറാം.

മീശ വിവാദം ഉയർന്നപ്പോൾ ആഴ്‌ച്ചപ്പതിപ്പിന്  പുരോഗമന ഇടങ്ങളിലും ഇടതുകേന്ദ്രങ്ങളിലും സർക്കുലേഷൻ കൂടിയെങ്കിലും ഹൈന്ദവ സംഘടനകൾ കൈക്കൊണ്ട നിലപാടിന്റെ ഭാഗമായി മാതൃഭൂമി പത്രത്തിന്റെ സർക്കുലേഷനിൽ വലിയ തോതിൽ ഇടിവുണ്ടായി. ഹൈന്ദവ വ്യവസായ സ്ഥാപനങ്ങൾ പത്രത്തിന് പരസ്യം നൽകാത്ത അവസ്ഥയുണ്ടായി. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ പോലും മാതൃഭൂമിക്ക് പരസ്യം നിഷേധിക്കുന്ന അവസ്ഥ വന്നതോടെ കടുത്ത സമ്മർദ്ദങ്ങളുടെ ഫലമായാണ് എം വി ശ്രേയംസ് കുമാർ കമൽറാമിനെ മാറ്റാൻ തയ്യാറായത് എന്നാണ് അറിയുന്നത്. മനസില്ലാ മനസോടെയാണ് മാനേജ്‌മെന്റ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഈ തീരുമാനത്തിൽ ജീവനക്കാർക്കിടയിലും കടുത്ത എതിർപ്പാണ് ഉണ്ടായിരിക്കുന്നത്.

ആഴ്‌ച്ചപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജ്ജ് സ്ഥാനത്തു നിന്നും മാറ്റിയ കമൽറാം സജീവിന് പകരം ചുമതല ഇനിയും നൽകിയിട്ടില്ല. മീശ നോവൽ പിൻവലിക്കേണ്ട സാഹചര്യം ആൾക്കൂട്ട ആക്രമണമാണെന്ന് നേരത്തെ കമൽറാം സജീവ് വ്യക്തമാക്കിയിരുന്നു. എസ്. ഹരീഷ് അദ്ദേഹത്തിന്റെ നോവൽ മീശ പിൻവലിച്ചു. സാഹിത്യം ആൾക്കൂട്ട ആക്രമണത്തിനു ഇരയായിത്തിർന്നു കൊണ്ടിരിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഇരുണ്ട ദിവസം. വെളിച്ചമില്ലാത്ത ദിവസങ്ങൾ വരാനിരിക്കുന്നു എന്നായിരുന്നു ഈ വിഷയത്തിൽ കമൽറാം ട്വീറ്റ് ചെയ്തത്.

1993 മുതൽ മാധ്യമപ്രവർത്തന രംഗത്തുള്ള കമൽറാം സജീവ് മാധ്യമം ആഴ്ചപതിപ്പിൽ നിന്നാണ് മാതൃഭൂമി ആഴ്ചപതിപ്പിലേക്ക് എത്തുന്നത്. ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും എന്നത് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്. നവാബ് രാജേന്ദ്രൻ ഒരു ചരിത്രം, ഇറാഖ്,സദ്ദാം നവലോക ക്രമത്തിന്റെ ഇരകൾ, ആഞ്ഞുകൊത്തുന്ന അനുഭവങ്ങൾ, നാലാം എസ്റ്റേറ്റിലെ ചോദ്യങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികൾ. 

നോവൽ മൂന്ന് അധ്യായങ്ങളാണ് പ്രസിദ്ധീകരിച്ചത്. നാലാം അധ്യായം ഈ ആഴ്ച വരാനിരിക്കെയാണ് നോവൽ എസ്. ഹരീഷ് പിൻവലിച്ചത്. ഇതേ തുടർന്ന് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുകയുമുണ്ടായി. ഇതിൽ വിവാദമായ ഭാഗത്തിൽ തിരുത്തൽ വരുത്തിയാണ് ഡിസി നോവൽ പ്രസിദ്ധീകരിച്ചത്. മീശ എന്ന നോവലിൽ അമ്പലത്തിൽ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാർ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്. കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കും സംഘപരിവാർ അനുകൂലികൾ നടത്തിയിരുന്നത്.

ഹിന്ദു സ്ത്രീകളെ അപമാനിച്ച എഴുത്തുകാരനെ പിന്തുണയ്ക്കുന്നവരെ ചെരിപ്പൂരി അടിക്കുമെന്നായിരുന്നു സംഘപരിവാറിന്റെ ഭീഷണി. ലൈംഗികത്തൊഴിൽ ചെയ്യുന്ന സ്ത്രീകളാണ് ഹരീഷിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു ഇവരുടെ വാദം.മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവലാണ് ചില സംഘടനകളുടെ ഭീഷണിയെ തുടർന്ന് പിൻവലിക്കുന്നതെന്നും അഞ്ച് വർഷത്തെ പരിശ്രമമാണ് നോവലെന്നും രാജ്യം ഭരിക്കുന്നവർക്കെതിരെ പോരാടാനുള്ള കരുത്തില്ലെന്നും എസ്. ഹരീഷ് പ്രതികരിച്ചിരുന്നു. അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നോവൽ.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read