വാർത്ത

ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയില്ല; പ്രചാരണം അടിസ്ഥാനരഹിതം; സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് കുറയുക; ജിഎസ്ടിയിൽ ഉൽപ്പെടുത്തുന്നതിനെ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി എതിർത്തു: കെ എൻ ബാലഗോപാൽ പറയുന്നു

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ മിക്ക സംസ്ഥാനങ്ങളും എതിർത്തെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ വില കുറയുമെന്ന പ്രചാരണം കണ്ണിൽ പൊടിയിടൽ ആണെന്നും ബാലഗോപാൽ വ്യക്തമാക്കി. ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ കേന്ദ്ര സർക്കാർ ഈടാക്കുന്ന അധിക നികുതി കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ വില കുറയും എന്നത് കണ്ണിൽ പൊടിയിടലാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് അതിലൂടെ കുറയുക. പെട്രോളിയം ഇന്ധനങ്ങളും മദ്യവും മാത്രമാണ് നിലവിൽ സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താവുന്ന ഇനങ്ങൾ. അതുകൂടി ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും. അതുകൊണ്ട് കേരളം മാത്രമല്ല, യുപി, ബിഹാർ, ഗോവ തുടങ്ങിയ മിക്ക സംസ്ഥാനങ്ങളും നിർദേശത്തെ എതിർത്തു- ബാലഗോപാൽ പറഞ്ഞു.

ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളത്തിന്റെ നിലപാടുകൾ ശക്തമായി അവതരിപ്പിക്കാനായെന്ന് മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയുടെ നികുതി പതിനെട്ടു ശതമാനമായി ഉയർത്താനുള്ള നിർദേശത്തെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർത്തു. ഇതു പിന്നീടു ചർച്ച ചെയ്യാനായി മാറ്റിയെന്ന് മന്ത്രി അറിയിച്ചു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസുകളാണ് പെട്രോളും, ഡീസലും. ഇത് ജിഎസ്ടിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിക്കുമെന്നും സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ഇപ്പോൾ വിഷയം ചർച്ചചെയ്യേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. പെട്രോൾ- ഡീസൽ വില വർദ്ധനവിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ജിഎസ്ടി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇത് കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയിലും കുറവുണ്ടാക്കും. എങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുക എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്ര തീരുമാനത്തെ ജനങ്ങളും പിന്തുണയ്ക്കുന്നുണ്ട്.

സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവയിലൂടെയുള്ള ഭക്ഷണ വിതരണത്തിനും നികുതി ഏർപ്പെടുത്തുന്ന കര്യവും യോഗം ചർച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇതിന് പുറമേ അർബുദത്തിനുള്ള മരുന്നുകളുടെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 20 മാസങ്ങൾക്ക് ശേഷമാണ് ജിഎസ്ടി കൗൺസിൽ യോഗം ചേർന്നത്. 2019 ഡിസംബറിലായിരുന്നു അവസാന യോഗം.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read