വാർത്ത

അധികാരത്തിന്റെ ഇടവഴികളിലെ കൂട്ടിക്കൊടുപ്പിന്റെ പേരിൽ കുപ്രസിദ്ധി നേടിയ കന്റോൺമെന്റ് പൊലീസിൽ നിന്നും ഒരു മനുഷ്യസ്‌നേഹത്തിന്റെ കഥ; ചെങ്കൽചൂളയിലെ ആരുമില്ലാത്ത അമ്മമാർക്ക് ഭക്ഷണം വിളമ്പി മാതൃകയാകുന്നു

തിരുവനന്തപുരം: പൊലീസിനെ കുറിച്ച് കേൾക്കുന്നതെല്ലാം മോശം വാർത്തകളാണ്. മനുഷ്യ സ്‌നേഹം എന്തെന്നറിയാത്തവരാണോ ഇവരെയന്ന് ആർക്കും തോന്നി പോകും. ജനമൈത്രി പൊലീസിലേക്കുള്ള മാറ്റത്തിനും കുപ്രസിദ്ധികളെ കഴുകിക്കളയാൻ ആയില്ല. ജനങ്ങളുമായി അടക്കണമെന്ന് ആരൊക്കം പറഞ്ഞാലും വഴങ്ങത്താക്കൂട്ടരാണ് പൊലീസുകാരെന്ന തരത്തിൽ വാർത്തകളും നിറഞ്ഞു. അതിനെല്ലാം അപവാദമാണ് തിരുവനന്തപുരത്ത് നിന്നുള്ള ആ കഥ.

കൈക്കൂലി വാങ്ങുന്നവർ മാത്രമാണോ പൊലീസുകാർ എന്ന് ചോദ്യത്തിന് ഇവിടെയെങ്കിലും പ്രസക്തി പോസുന്നു. സേനയിലും ബഹു ഭൂരിപക്ഷവും സുമനസ്സുകൾ തന്നെയാണ്. എന്നാൽ പാവപ്പെട്ടവനെ വെള്ളം കുടിപ്പിക്കുന്ന ചിലരിലൂടെ പൊലീസിന്റെ മുഖം വികൃതമായി. ഇത് മാറ്റിയെടുക്കാനുള്ള എളിയ ശ്രമമാണ് ഭരണ സിരാ കേന്ദ്രത്തിന് തൊട്ടടുത്തുള്ള കൺന്റോൺമെന്റ് പൊലീസ് സ്‌റ്റേഷൻ നടത്തുന്നത്. ഇവിടുത്തെ ഓരോ പൊലീസുകാർക്കും കൈയടി കിട്ടേണ്ട സംരംഭം. ഇത്തരം പദ്ധതികൾക്ക് പ്രോൽസാഹനം നൽകുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഡിജിപിക്കും അഭിമാനിക്കാം. ഇത്തരം ജനോപകാരപ്രദമായ പദ്ധതികൾക്കുള്ള തുടക്കമാകട്ടെ ഈ കൈതാങ്ങ്.

ആ അമ്മമാർക്കുള്ള ഭക്ഷണം ഞങ്ങൾ വീട്ടിൽ നിന്നെത്തിക്കും. ഇത് ജനൈമത്രിയൊന്നുമല്ല. സാധുക്കൾക്ക് ഒരു നേരത്തെ വിശപ്പടക്കാൻ ഒരു കൈ സഹായം അത്രമാത്രം. ഇത് പറയുമ്പോൾ കന്റോൺമെന്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ മുഖത്ത് അഭിമാനത്തിളക്കം. ചെങ്കൽചൂള കോളനിയിലെ അശരണർക്ക് കൈത്താങ്ങായാണ് കന്റോൺമെന്റ് പൊലീസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്. മക്കളും സ്വന്തക്കാരുമുണ്ടായിട്ടും ഒരു നേരത്തെ അന്നത്തിന് നിവൃത്തിയില്ലാത്ത നാൽപതോളം സാധുക്കളാണ് ഗുണഭോക്താക്കൾ. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. കോളനിയിലെ ലഹരിവിരുദ്ധ ക്ലബ്ബുമായി സഹകരിച്ച് പൊലീസ് സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചിട്ട് ദിവസങ്ങളായി. പക്ഷേ, ഞായറാഴ്ചകളിൽ ഭക്ഷണം എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഞായറാഴ്ച പകൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ ഒരുങ്ങുന്നത്. അടുത്ത ഞായറാഴ്ച മുതൽ വിതരണം ആരംഭിക്കും. സുമനസ്സുകളുടെ സഹായത്തോടെയാണ് പ്രവൃത്തി ദിവസങ്ങളിലെ ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. സന്നദ്ധ പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവർ ഞങ്ങളെ സമീപിക്കാറുണ്ട്. അവരെ കോളനിയിലെ ലഹരിമുക്ത ക്ലബ്ബിലേക്ക് പറഞ്ഞു വിടും. ഒരു മാസത്തേക്കുള്ള ചെലവ് ക്ലബ്ബിലോ പലചരക്കുകടകളിലോ ഏൽപ്പിച്ചാൽ ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ അവർ ചെയ്യും. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ വി സുരേഷ് കുമാർ പറയുന്നു. കോളനിയിൽ ലഹരിവിരുദ്ധ ക്ലബ്ബ് രൂപവൽക്കരിച്ചതും കന്റോൺമെന്റ് പൊലീസാണ്. ക്ലബ്ബിന്റെ ്രപവർത്തനഫലമായി കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞെന്ന് പൊലീസ് പറയുന്നു.

മദ്യലഹരിയിൽ പെട്ടെന്നുണ്ടാകുന്ന വികാരക്ഷോഭങ്ങളാണ് അക്രമത്തിൽ കലാശിക്കുന്നത്. ഇത് തടയാൻ യുവാക്കൾക്ക് ശക്തമായ ബോധവൽക്കരണമാണ് നടത്തുന്നത്. കോളനിയിലെ അംഗപരിമിതർക്ക് വീൽച്ചെയർ നൽകാനും വനിതകൾക്ക് പൊലീസ് ടെസ്റ്റിനുള്ള പിഎസ്‌സി കോച്ചിങ് നൽകാനും കന്റോൺമെന്റ് എസ്‌ഐ ആർ ശിവകുമാറിന്റെ നേതൃത്വത്തിൽ ബൃഹത്പദ്ധതി തയ്യാറാക്കി വരികയാണ്. ആദ്യഘട്ടത്തിൽ ടെസ്റ്റിന് അപേക്ഷിച്ചവർക്ക് പിഎസ്‌സി ഗൈഡുകൾ വിതരണം ചെയ്യും.

 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read