വാർത്ത

വൈദികന്റെ പീഡനം ബോധ്യമായപ്പോൾ ഗർഭനിരോധന ഗുളിക നൽകി; പൊലീസിനെ ഒന്നും അറിയിച്ചുമില്ല; പുത്തൻവേലിക്കര പള്ളി വികാരിയുടെ ലൈംഗികാതിക്രമക്കേസിൽ വനിതാ ഡോക്ടറും കുറ്റക്കാരി തന്നെ; ശിക്ഷ നൽകാത്തത് നല്ല നടപ്പ് അനുവദിച്ച്; 24കാരിയായ ഡോ അജിത അഴിക്കുള്ളിലാവാത്തത് എന്തുകൊണ്ട്?

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളം പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരിസ് പീഡിപ്പിച്ച കേസിൽ പെൺകുട്ടിയെ പരിശോധിച്ച വനിതാ ഡോക്ടർക്കെതിരെ പോക്‌സോ നിയമപ്രകാരം കുറ്റം തെളിഞ്ഞിട്ടും തടവോ പിഴയോ വിധിക്കാതെ വിട്ടയ്ക്കുന്നത് മേലിൽ ഇത് ആവർത്തിക്കരുതെന്ന മുന്നറിയിപ്പോടെ. ഡോക്ടർ അജിതയ്ക്ക് ഇനി നല്ല നടപ്പാണ്. സമാന സ്വഭാവമുള്ള തെറ്റ് ചെയ്താൽ കനത്ത ശിക്ഷ ലഭിക്കുകയും ചെയ്യും.

പ്രൊബേഷൻ ഓഫ് ഓഫൻഡർ ആക്ട് സെക്ഷൻ മൂന്ന് പ്രകാരമാണ് അജിതയെ കോടതി വെറുതെ വിടുന്നത്. ഐപിസി വകുപ്പ് പ്രകാരം കുറ്റക്കാരെന്ന് തെളിഞ്ഞാലും രണ്ട് വർഷത്തിൽ താഴെ ശിക്ഷ വിധിക്കേണ്ട കേസുകളിൽ പ്രതികളെ വെറുതെ വിടാൻ പ്രത്യേക അധികാരം കോടതിക്ക് നൽകുന്നതാണ് പ്രൊബേഷൻ ഓഫ് ഓഫൻഡർ ആക്ടിലെ മുന്നാം വകുപ്പ്. സാഹചര്യങ്ങളുടെ പ്രത്യേകതകളാണ് തെറ്റ് ചെയ്യുന്നവരേയും മുമ്പ് കേസുകളിൽ പെടാതിരിക്കുകയും ചെയ്യുന്നവർക്കാണ് ഈ വകുപ്പിന്റെ ആനുകൂല്യം ലഭിക്കുന്നത്.

അതുകൊണ്ട് മാത്രമാണ് പോസ്‌കോ(കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം) അനുസരിച്ച് കുറ്റക്കാരിയാണെന്ന് തെളിഞ്ഞിട്ടും ഡോക്ടർ അജിത അഴിക്കുള്ളിലാകാത്തത്. ബോധപൂർവ്വം വരുത്തിയതല്ല പിഴവെന്ന വാദം അംഗീകരിച്ചാണ് ഡോക്ടറെ വെറുതെ വിടുന്നത്. എന്ന് പറഞ്ഞ് കുറ്റക്കാരിയല്ലെന്ന് കോടതി കണ്ടെത്തിയില്ലെന്ന് അർത്ഥമില്ലതാനും. പ്രതിയുടെ സ്വഭാവവും മറ്റും പരിഗണിച്ചാണ് ഇത്തരത്തിൽ കോടതി ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നത്. ഡോക്ടർക്ക് പ്രായം 24 മാത്രമാണ്. ഇതും ശിക്ഷ ഇളവ് ചെയ്യാൻ കാരണമായി.

പുത്തൻവേലിക്കര പൊലീസാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള 2012ലെ പോക്‌സോ നിയമപ്രകാരം ഡോ. അജിതയ്‌ക്കെതിരെ കേസ് എടുത്തത്. കേരളത്തിൽ ആദ്യമായാണ് പീഡനകേസിൽ പരിശോധിച്ച ഡോക്ടർക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുന്നത്. പീഡനവിവരം പൊലീസിൽ അറിയിക്കാതിരുന്നതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. 2015 മാർച്ച് 29ന് 14കാരിയായ പെൺകുട്ടിയുമായി മാതാപിതാക്കൾ ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു. പരിശോധനയിൽ പീഡനം നടന്നതായി മനസിലായെങ്കിലും, അജിത പൊലീസിൽ വിവരം അറിയിച്ചില്ല. സംഭവത്തിൽ ഡോക്ടറെ നാലാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.

ഡോക്ടറെ പരിശോധനയ്ക്കായി സമീപിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസെടുത്തത്. വീട്ടിൽ പോയാണ് ഡോക്ടറെ കണ്ടത്. വനിതാ ഡോക്ടർ നൽകിയ ഗർഭനിരോധന ഗുളിക കുട്ടി കഴിച്ചു. മരുന്ന് കുറിച്ചു നൽകിയെന്ന് അമ്മ പുത്തൻവേലിക്കര പൊലീസിന് നൽകിയ പരാതിയിലും വ്യക്തമാക്കുന്നുണ്ടായിരുന്നു പക്ഷെ പീഡന വിവരം ഡോക്ടർ പൊലീസിനെ അറിയിച്ചില്ല. പോക്‌സോ നിയമത്തിലെ 19ാം വകുപ്പ് ചേർത്താണ് ഡോക്ടർക്കെതിരെ കേസെടുത്തത്. ഈ കുറ്റം കോടതിയിലും പൊലീസ് തെളിയിച്ചു. കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന് മനസിലായാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ക്രൂരമായ പീഡനം നടന്നതായി പതിനാലുകാരി മൊഴി നൽകിയിട്ടും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താൻ ഡോക്ടർ തയ്യാറായില്ലെന്നത് ഗുരുതരമായി പൊലീസ് കണ്ടു. ഇത് കോടതി ശരിവയ്ക്കുകയും ചെയ്തു.

ഓശാന ഞായറിന് തലേദിവസം കുർബാന കഴിഞ്ഞ് വീട്ടിലെത്തിയിട്ടും മകളെ കാണാഞ്ഞ് തിരിച്ചു പള്ളിയിലേക്ക് തന്നെ മടങ്ങിയ അമ്മയോട് ആദ്യം കൂട്ടുകാരിയുടെ വീട്ടിൽ പോയെന്ന് നുണ പറഞ്ഞ പെൺകുട്ടി പിന്നീട് പീഡനവിവരം പറയുകയായിരുന്നു. പിറ്റേദിവസം മാതാപിതാക്കൾ പെൺകുട്ടിയെ പുത്തൻവേലിക്കര സർക്കാർ ആശുപത്രി ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോയി. ഈ ഡോക്ടർ കാര്യങ്ങൾ സ്ഥിരീകരിച്ചെങ്കിലും നിയമപരമായ നടപടിയൊന്നും എടുത്തില്ല. ഇത് കുറ്റകരമായ അനാസ്ഥയായി കോടതിയും വിലയിരുത്തുന്നു. എന്നാൽ ഡോക്ടറുടെ പേരിൽ മുമ്പ് പരാതികളൊന്നും ഉയർന്നിട്ടില്ലെന്ന വാദം കോടതി ഗൗരവത്തോടെ തന്നെ പരിഗണിച്ചുവെന്നാണ് ശിക്ഷ ഒഴിവാക്കിയതിൽ നിന്ന് വ്യക്തമാക്കുന്നത്.

പുത്തൻവേലിക്കര പറങ്കിനാട്ടിയ കുരിശിങ്കൽ പള്ളിയിൽ വികാരിയായിരുന്ന എഡ്വിൻ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം കൽസുകാരിയെ കഴിഞ്ഞ ജനുവരി മുതൽ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മാർച്ചിൽ കുട്ടിയുടെ അമ്മ പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറം ലോകത്ത് എത്തിയത്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read