വാർത്ത

അമ്മ മകനെ കണ്ടെത്തിയത് പോലെ ഓർബിറ്റർ തുള്ളിച്ചാടുന്ന ദിവസം വരുമോ? റോസറ്റ ഫിലെയെ കണ്ടത്തിയത് പോലെ; ചന്ദ്രയാൻ-2 ദൗത്യത്തിൽ വിക്രം ലാൻഡറുമായി ആശയവിനിമയം പുനഃ സ്ഥാപിക്കാൻ തീവ്രശ്രമം തുടർന്ന് ഇസ്രോ; വിജയം കണ്ടെത്താനുള്ള ഡെഡ്‌ലൈൻ രണ്ടാഴ്ച; എഞ്ചിൻ തകരാറാകാം ലാൻഡറിന്റെ വീഴ്ചയ്ക്ക് കാരണമെന്ന് ചില വിദഗ്ദ്ധർ

ന്യൂഡൽഹി: ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡറുമായി ആശയവിനിമയം പുനഃ സ്ഥാപിക്കാനുള്ള ഐഎസ്ആർഒയുടെ ശ്രമം നാല് ദിവസത്തിലേറെയായി തുടരുകയാണ്. ഈ മാസം 21 വരെ ആ ശ്രമം തുടരും. മാസങ്ങൾക്കും, വർഷങ്ങൾക്കും ശേഷം ഇത്തരത്തിൽ ബന്ധം പുനഃ സ്ഥാപിച്ച നിരവധി ഉദാഹരണങ്ങളുണ്ട് ചരിത്രത്തിൽ. ഇതുവരെയുള്ള വിലയിരുത്തൽ പ്രകാരം ചന്ദ്രയാൻ-2 ഭാഗിക വിജയമാണ്. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഏതവസ്ഥയിലാണെന്ന അറിവായിട്ടില്ല. റോവർ ഇപ്പോഴും ഉള്ളിൽ തന്നെ.

ചില വിദഗ്ധരുടെ അഭിപ്രായപ്രകാരം എഞ്ചിൻ തകാറാവാം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാകാൻ കാരണം, ലാൻഡറിന് എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് ഇസ്രോ ഔദ്യോഗികമായി വെളിപ്പെടുത്താതെ ഇക്കാര്യത്തിൽ അന്തിമ നിഗമനങ്ങൾക്ക് സാധ്യതയുമില്ല. ഓർബിറ്റർ വഴി ചിത്രം ലഭിച്ചെങ്കിലും ലാൻഡറിന്റെ അവസ്ഥയെ കുറിച്ച് ഒന്നും അറിവായിട്ടില്ല. നശിപ്പിക്കപ്പെട്ടതാണോ അതോ ഇപ്പോഴും കേടുപാടുകൾ സംഭവിക്കാതെ ഇരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ നേരിയ പ്രതീക്ഷയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ സാഹചര്യത്തിൽ ലാൻഡറിൽ നിന്നു ഏതു നിമിഷവും സിഗ്‌നലുകൾ ലഭിച്ചേക്കാം. ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയ്ക്ക് സമയപരിധിയുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വിജയിക്കേണ്ടതുണ്ട്. കാരണം ഇതിനുശേഷം ചന്ദ്രൻ ഒരു ചാന്ദ്ര രാത്രിയിലേക്ക് പ്രവേശിക്കും. ടച്ച്ഡൗൺ ചെയ്ത ദിവസം മുതൽ 14 ദിവസത്തേക്ക് മാത്രമേ ലാൻഡറും റോവറും പ്രവർത്തിക്കൂ എന്ന കാര്യം ഓർമിക്കുക. ചാന്ദ്ര ദിനങ്ങളും രാത്രികളും 14 ഭൗമദിനങ്ങൾക്ക് തുല്യമാണ്. ചന്ദ്രനിലെ രാത്രികൾ ഏറെ തണുപ്പേറിയതാണ്. പ്രത്യേകിച്ച് വിക്രം ലാൻഡർ കിടക്കുന്ന ദക്ഷിണധ്രുവ പ്രദേശത്ത്. താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസ് വരെ താഴാം. ലാൻഡറിലെ സംവിധാനങ്ങൾ അത്തരം താപനിലയെ നേരിടാൻ രൂപകൽപന ചെയ്തിട്ടില്ല. ഇലക്ട്രോണിക്‌സ് പ്രവർത്തിക്കില്ല, ഇതോടെ അവ ശാശ്വതമായി തകരാറിലാകും. ഇതിനാൽ തന്നെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ബന്ധവും സ്ഥാപിക്കാനായില്ലെങ്കിൽ പ്രതീക്ഷ കൈവിടേണ്ടി വരും.

ബഹിരാകാശ ദൗത്യങ്ങളിൽ തടസ്സം നേരിടുന്നത് ഇതാദ്യമല്ലല്ലോ. എല്ലാ ദൗത്യങ്ങൾക്കും തടസ്സങ്ങളുടേതായ ചില നിമിഷങ്ങളുണ്ടാകും. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ റോസറ്റ-ഫിലെ ദൗത്യം ഉദാഹരണം. 2016 സെപ്റ്റംബറിലാണ് ആ അത്ഭുതം സംഭവിച്ചത്. ബഹിരാകാശ പേടകമായ റോസറ്റയിൽ നിന്നയച്ച നിരീക്ഷണ റോബോട്ടായ ഫിലെ ലാൻഡറുമായി ബന്ധം പുനഃ സ്ഥാപിച്ചു. ഛിന്നഗ്രഹമായ 67പിയെക്കുറിച്ചു പഠിക്കാനുള്ള യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ദൗത്യമായിരുന്നു റോസറ്റഫിലെ. 67 പിയുടെ ഉപരിതലത്തിൽ 2014 അവസാനം ഇടിച്ചിറിങ്ങിയ ഫിലെയെ രണ്ടുവർഷത്തോളമായി കാണാനില്ലായിരുന്നു. ലാൻഡിങ്ങിൽ ഉണ്ടായ തകരാറുകൾ മൂലം ബാറ്ററി ചാർജ് തീർന്ന് ഉറക്കമായിരുന്നു ഫിലെ.

എന്നാൽ, 67 പിയുടെ സമീപത്തുകൂടി കടന്നുപോയ റോസറ്റയുടെ ക്യാമറക്കണ്ണുകളിൽ ഫിലെ തെളിഞ്ഞു. റോസറ്റ ഭൂമിയിലേക്കയച്ച ഈ ചിത്രങ്ങളിൽനിന്നു ഗവേഷകർ കണ്ടെത്തി ഛിന്നഗ്രഹത്തിലെ ഗർത്തത്തിൽ കിടക്കുകയാണു ഫിലെ. ഇനിയൊരിക്കലും ഫിലെയെ കണ്ടെത്താൻ കഴിയില്ലെന്നു കരുതിയിരിക്കുമ്പോഴാണു റോസറ്റയിൽനിന്നു സന്തോഷചിത്രമെത്തിയത്. ഛിന്നഗ്രഹത്തിന്റെ 2.7 കിലോമീറ്റർ അടുത്തുകൂടി റോസറ്റ സഞ്ചരിക്കുമ്പോൾ എടുത്ത ചിത്രങ്ങളിലാണു ഫിലെയെ കണ്ടെത്തിയത്.

ഫിലെയെ കണ്ട് തുള്ളിച്ചാടിയ റോസറ്റ

ഭൂമിയിൽ ജീവൻ എങ്ങനെയുണ്ടായി എന്നതിന്റെ വേരുകൾ തേടിയാണു 2004ൽ യൂറോപ്യൻ സ്‌പേസ് ഏജൻസി, 67 പി എന്ന ഛിന്നഗ്രഹത്തെക്കുറിച്ചു പഠിക്കാൻ റോസറ്റ വിക്ഷേപിക്കുന്നത്. ഭൂമിയിലേക്കു ജലമെത്തിക്കുന്നതിലും ജീവനു കാരണമാകുന്നതിലും വാൽനക്ഷത്രങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന വാദത്തിന്റെ പൊരുൾ തേടുകയായിരുന്നു ലക്ഷ്യം. 650 കോടി യുഎസ് ഡോളറാണ് ഈ ദൗത്യത്തിന്റെ ചെലവ്.ഒരു വാൽനക്ഷത്രത്തിൽ ഇറങ്ങുന്ന ആദ്യ പേടകമാണു ഫിലെ. വാൽനക്ഷത്രത്തിന്റെ അന്തരീക്ഷത്തിൽ കാർബണിക തന്മാത്രകളുടെ സാന്നിധ്യം ഫിലെ പേടകം കണ്ടെത്തി. കാർബണിക തന്മാത്രകളെ ജീവന്റെ ആദ്യ തെളിവായാണു കരുതുന്നത്.

2004 മാർച്ചിലാണു റോസറ്റ വിക്ഷേപിക്കുന്നത്. 10 വർഷം കൊണ്ട് 600 കോടി കിലോമീറ്റർ സഞ്ചരിച്ചു. 2014 ഓഗസ്റ്റിൽ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. 2014 നവംബറിൽ റോസറ്റയിൽനിന്നു ഫിലെ വിക്ഷേപിച്ചു. എന്നാൽ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ഉറച്ചുനിൽക്കാൻ ഫിലെയ്ക്കു കഴിഞ്ഞില്ല. പലതവണ ഇതു തട്ടിത്തെറിച്ച് ഇരുണ്ട കുഴിയിൽ വീണു. അങ്ങനെ കേടുപാടുകളുണ്ടായി. സൗരോർജം കൊണ്ടാണു ഫിലെ പ്രവർത്തിക്കേണ്ടിയിരുന്നത്.

എന്നാൽ ലാൻഡിങ് തെറ്റിയതോടെ ബാറ്ററികൾ അടിയിലായിപ്പോയി. സൂര്യപ്രകാശം കിട്ടാത്ത അവസ്ഥ. എങ്കിലും ആദ്യത്തെ 57 മണിക്കൂറിൽ ഫിലെ പ്രവർത്തിച്ചു. ചിത്രങ്ങളും വിവരങ്ങളും ഭൂമിയിലേക്ക് അയച്ചു.പിന്നീടു ബാറ്ററി ചാർജ് തീർന്ന് ഉറക്കമായി. 2015 ജൂണിൽ അപ്രതീക്ഷിതമായി ഫിലെ വീണ്ടും ഉണർന്നു. ഭൂമിയിലേക്ക് എട്ടു സന്ദേശങ്ങൾ അയച്ചു. എന്നാൽ ഇത് അധികം നീണ്ടില്ല. 2015 ജൂലൈയിൽ വീണ്ടും നിശ്ശബ്ദമായി. വാഷിങ് മെഷീന്റെ വലുപ്പവും 100 കിലോ തൂക്കവുമാണു ഫിലെയ്ക്ക്. പിന്നീട് റോസറ്റയും ഛിന്നഗ്രഹത്തിലേക്ക് തന്നെ പതിച്ചു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read