വാർത്ത

പത്രക്കാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും! തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ അനധികൃത ബാറിനെ എതിർത്തവരെ കൈവിട്ട് കേസരിയും; വെൽഫയർ പാർട്ടിയുടെ വാർത്താ സമ്മേളനത്തിന് വിലക്ക്; പത്രസമ്മേളനം എറണാകുളം പ്രസ് ക്ലബ്ബിലേക്ക് മാറ്റി

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ അനധികൃത ബാറായ സങ്കേതത്തിന് എതിരെ നിലപാട് എടുത്ത ഇന്ത്യൻ വെൽഫയർ പാർട്ടിക്ക് കേരള പത്രപ്രവർത്തക യൂണിയന്റെ ആസ്ഥാന മന്ദിരമായ കേസരിയിലും പത്രസമ്മേളനം നടത്തുന്നതിന് വിലക്ക്. എന്നാൽ പത്രപ്രവർത്തക യൂണിയന്റെ എറണാകുളം ജില്ലാ കമ്മറ്റിയുടെ നിയന്ത്രണത്തിലുള്ള എറണാകുളം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്താൻ അവിടുത്തെ ഭാരവാഹികൾ അനുവദിക്കുകയും ചെയ്തു.

കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ പരിവർത്തനമെത്തിച്ചത് കേസരി ബാലകൃഷ്ണ പിള്ളയെന്ന പത്രാധിപരുടെ കൂടി പ്രവർത്തനങ്ങളാണ്. ഈ പത്രപ്രവർത്തക കുലപതിയുടെ ഓർമ്മ നിലനിർത്തുന്ന കേസരി സ്മാരക ട്രസ്റ്റും ഇന്ത്യൻ വെൽഫയർ പാർട്ടിയെ കൈവിട്ടു. തിരുവനന്തപുരത്തെ പത്രസമ്മേളന വേദികൾ നിഷേധിക്കപ്പെട്ടതോടെയാണ് വെൽഫയർ പാർട്ടിയുടെ എറണാകുളത്തെ പത്രസമ്മേളനം.

സമ്പൂർണ്ണ മദ്യനിരോധനത്തിനായുള്ള നിർദ്ദേശങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിക്കുന്നതിനായി തിരുവനന്തപുരത്തെ ഗാന്ധിപാർക്കിൽ നടത്തുന്ന പരിപാടിയെ കുറിച്ചുള്ള വിശദീകരണ പത്രസമ്മേളനമാണ് എറണാകുളത്ത് ഇന്ത്യൻ വെൽഫെയർ പാർട്ടി നടത്തിയത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ അനിധികൃത ബാറിനെതിരെ മറുനാടൻ മലയാളിയാണ് ആദ്യം വാർത്ത പുറത്തു കൊണ്ടുവന്നത്. നിയമവിരുദ്ധമായ ബാറിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ വെൽഫയർ പാർട്ടി പ്രസ് ക്ലബ്ബിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

ഇതോടെ വെൽഫയർ പാർട്ടിയുടെ പരിപാടികൾക്കും പത്രസമ്മേളനങ്ങൾക്കും ഹാളുകൾ അനുവദിക്കേണ്ടെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് മാനേജിങ് കമ്മറ്റി തീരുമാനിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടിക്ക് ഹാൾ അനുവദിക്കാനാകില്ലെന്ന് വെൽഫയർ പാർട്ടിയെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് അറിയിച്ചതും വിവാദമായി. ഗാന്ധിപാർക്കിലെ പൊതുപരിപാടി വിശദീകരണത്തിനുള്ള പത്രസമ്മേളനത്തിന് ഹാൾ അനുവദിക്കണമെന്ന വെൽഫയർ പാർട്ടിയുടെ ആവശ്യവും തള്ളി. ഇക്കാര്യത്തിൽ പ്രസ് ക്ലബ്ബിനോട് ഔദ്യോഗിക വിശദീകരണം തേടിയെങ്കിലും അതും നൽകിയില്ല.

ഇതോടെയാണ് പത്രസമ്മേളനത്തിന് ഹാൾ ആവശ്യപ്പെട്ട് പുളിമൂട് ജംഗ്ഷനിലെ പത്രപ്രവർത്തക യൂണിയന്റെ ആസ്ഥാന മന്ദിരം കൂടിയായ കേസരിയുടെ ഭാരവാഹികളെ സമീപിച്ചത്. തുടക്കത്തിൽ പത്രസമ്മേളനം അനുവദിക്കാമെന്ന നിലപാടാണ് കെ.യു.ഡബ്ല്യൂ.ജെ. ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്താമെന്ന് അറിയിക്കുകയും ചെയ്തു. വെൽഫയർ പാർട്ടിയുടെ പത്രസമ്മേളനത്തിന് തലസ്ഥാനത്തെ പത്രപ്രവർത്തകർ എത്തുമോ എന്ന സംശയവും കേസരിയുടെ ഭാരവാഹികൾ പ്രകടിപ്പിച്ചിരുന്നതായി ഇന്ത്യൻ വെൽഫയർ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി നെയ്യാറ്റിൻകര ശ്രീജ മറുനാടൻ മലയാളിയോട് പറഞ്ഞു.

എന്നാൽ അന്ന് രാത്രി പതിനൊന്ന് മണിയോടെ കേസരിയിൽ പത്രസമ്മേളനം നടത്താനാകില്ലെന്ന് കെ.യു.ഡബ്ല്യൂ.ജെയുടെ ജില്ലാ സെക്രട്ടറിയായ സുരേഷ് വെള്ളിമംഗലം അറിയിക്കുകയായിരുന്നുവെന്ന് ശ്രീജ പറഞ്ഞു. തലസ്ഥാനത്തെ പത്രപ്രവർത്തകരുടെ വികാരത്തിനൊപ്പം കേസരിക്ക് നിൽക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. കെ.യു.ഡബ്ല്യൂ.ജെയുടെ ജില്ലാ കമ്മറ്റി ചർച്ച ചെയ്ത് വെൽഫയർ പാർട്ടിയുമായുള്ള സഹകരണത്തിൽ അന്തിമ നിലപാട് എടുക്കുമെന്ന് തന്നെ അറിയിച്ചതായും ശ്രീജ പറഞ്ഞു. പിന്നീട് ഫോൺ വിളികളൊന്നും ലഭിക്കാത്തതിനാൽ തിരുവനന്തപുരത്തെ പത്രസമ്മേളനം തന്നെ വെൽഫയർ പാർട്ടി ഉപേക്ഷിച്ചു.

തിരുവനന്തപുരത്തെ പരിപാടിയുടെ പ്രഖ്യാപനം എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തി. കേരള പത്രപ്രവർത്തക യൂണിയന്റെ എറണാകുളം ജില്ലാ കമ്മറ്റിയുടേതാണ് എറണാകുളത്തെ പ്രസ് ക്ലബ്ബ് ഹാൾ. കേരളത്തിലെ പത്രപ്രവർത്തക സംഘടനയുടെ രണ്ട് ജില്ലാകമ്മറ്റികൾ ഇന്ത്യൻ വെൽഫയർ പാർട്ടിയുമായുള്ള സഹകരണത്തിൽ രണ്ട് നിലപാട് എടുക്കുന്നുവെന്നതാണ് ശ്രദ്ധേയം.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read