വാർത്ത

സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടിയാലും 'സമ്പത്തി'ന്റെ കാര്യത്തിൽ നോ കോംപ്രമൈസ്! പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് പിടിച്ചു വെച്ചിരുന്ന സമ്പത്തിന്റെ ഒന്നരലക്ഷത്തിന്റെ ടി എ ബില്ലും പാസ്സായി; ബില്ല് പാസായതിനു പിന്നിൽ പൊതുഭരണ വകുപ്പിന്റെ സമ്മർദം; സർക്കാറിന്റെ ഡൽഹി പ്രതിനിധിക്ക് നാല് ജീവനക്കാരുടെ ശമ്പളയിനത്തിൽ മാത്രം നൽകേണ്ടത് ലക്ഷക്കണക്കിന് രൂപ; പുതിയ ഇന്നോവ കാറും കേരളാ ഹൗസിലെ അടിപോളി വീടും ജീവനക്കാരും; തോറ്റ എം പിയും കൂട്ടരും ഖജനാവ് മുടിപ്പിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത് .ദേശീയതലത്തിൽ പ്രകടമായ സാമ്പത്തികമാന്ദ്യം കേരളത്തെ എല്ലാവിധത്തിലും ബാധിച്ചു എന്നതാണ് സത്യം. എന്നാൽ രൂക്ഷമായ ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സർക്കാരിന്റെ ധൂർത്തിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടം തിരിയുന്ന സർക്കാരിന്റെ പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമിപ്പിക്കപ്പെട്ട അഡ്വ: എ സമ്പത്തിന് യാത്രബത്തയായി ഒന്നര ലക്ഷം രൂപ അനുവദിച്ച നടപടിയാണ് ഏറ്റവും അവസാനമായി പുറത്തു വന്നത്.

സമ്പത്തിന്റെ നിയമന ഉത്തരവിൽ യാത്ര ബത്തയുടെ കാര്യം സൂചിപ്പിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ അത് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയതാണ് വിവാദത്തിനു കാരണമായിരിക്കുന്നത് . തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കും അതുപോലെ തിരിച്ചും വിമാനത്തിൽ യാത്ര ചെയ്തതിന്റെ തുകയായി ഒന്നര ലക്ഷം അനുവദിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത് അതോടൊപ്പം സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തതിന്റെ തുകയും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിയമന ഉത്തരവിൽ യാത്ര ബത്തയെ കുറിച്ച് അവ്യക്തത നിലനിന്നതിനാൽ എ. സമ്പത്ത് നൽകിയ യാത്രബിൽ ധന വകുപ്പിലേക്ക് കേരളാ ഹൗസ് റസിഡൻസ് കമ്മീഷണർ പൊതു ഭരണ വകുപ്പിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് പൊതു ഭരണ വകുപ്പ് ആ ബിൽ ധനവകുപ്പിലേക്ക് അയച്ചു. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് പിടിച്ചു പിടിച്ചു വെച്ചിരുന്ന ബില്ലാണ് കഴിഞ്ഞ ദിവസം പാസ്സാക്കി പണം അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകിയത്.

കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് കേരളത്തിന്റെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കാൻ എ. സമ്പത്തിനെ ചുമതലപ്പെടുത്തി ഉത്തരവിറങ്ങിയത്.കേന്ദ്രസർക്കാരുമായും മറ്റു സംസ്ഥാനങ്ങളുമായുള്ള സംസ്ഥാനത്തിന്റെ ബന്ധം മെച്ചപ്പെടുത്തുക, കേന്ദ്ര പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക, കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് സർക്കാർ പ്രതിനിധി എന്ന നിലയിൽ സമ്പത്തിന്റെ പ്രധാന ചുമതലയെന്നുമായിരുന്നു സമ്പത്തിന്റെ നിയമനത്തിൽ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. കേരളാഹൗസിൽ ഓഫീസിന് പുറമേ ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിറ്റന്റ് സെക്രട്ടറിമാർ, ഒരു ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ ജീവനക്കാരെയും നിയമിച്ചിരുന്നു. നാല് ജീവനക്കാരുടെ ശമ്പളയിനത്തിൽ മാത്രം ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കുന്നത്.

മൂന്നു തവണ ആറ്റിങ്ങൽ എംപിയായിരുന്ന എ. സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അടൂർ പ്രകാശിനോട് 38,247 വോട്ടിന് പരാജയപ്പെട്ടിരുന്നു. ഇടതു കോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന ആറ്റിങ്ങലിലെ പരാജയം വലിയ ആഘാതമാണ് സിപിഎമ്മിന് നൽകിയത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ സമ്പത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിക്കൊണ്ടിരിക്കെയാണ് കാബിനറ്റ് റാങ്കോടെ പാർട്ടി ഡൽഹിയിലേയ്ക്ക് തിരിച്ച് എത്തിക്കുന്നത്.

തുടക്കത്തിൽ ഡൽഹി കേരളാ ഹൗസിലായിരുന്നു സമ്പത്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത് .സമ്പത്തിനായി നാല് ജീവനക്കാരുടെ താമസവും കേരളാഹൗസിലായിരുന്നു. ജീവനക്കാർ ഇവിടെ അനധിക്യതമായി താമസിക്കുന്നുവെന്ന് പരാതി ഉയർന്നതിനു പിന്നാലെയാണ് സർക്കാർ ഔദ്യോഗിക വസതി അനുവദിച്ച് വേഗത്തിൽ ഉത്തരവ് ഇറക്കിയത്. ഖജനാവിൽ നിന്ന് സമ്പത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് വലിയ തുക ചെലവഴിക്കേണ്ടി വരുന്നതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നു വന്നത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ഔദ്യോഗിക വസതിയും വാഹനവും അനുവദിച്ച് കൊണ്ടുള്ള സർക്കാരിന്റെ പുതിയ ഉത്തരവും പുറത്തിറങ്ങി. ഡൽഹിയിൽ കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ ക്യാബിനറ്റ് പദവിയോടെയുള്ള നിയമനത്തിന് ആനുപാതികമായ ആനുകൂല്യങ്ങൾ അനുവദിച്ചായിരുന്നു ഉത്തരവ്. സമ്പത്ത് ഉൾപ്പെടെ എൽഡിഎഫ് സർക്കാരിൽ കാബിനറ്റ് പദവിയുള്ളവരുടെ എണ്ണം ഇരുപത്തിനാലാണ് .
20 സംസ്ഥാന മന്ത്രിമാർക്കു പുറമേ, ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ, മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ള, ചീഫ് വിപ്പ് കെ.രാജൻ എന്നിവരാണ് മറ്റുള്ളവർ

ഈ മന്ത്രി സഭയുടെ കാലാവധി തീരുന്നതുവരെയാണ് സമ്പത്തിന്റെ നിയമനം. കേന്ദ്ര സർക്കാരിന്റെ പദ്ധതികളും സഹായവും വേഗത്തിൽ നേടിയെടുക്കാനാണ് പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നതെന്നാണ് സർക്കാരിന്റെ ന്യായീകരണം. അതേ സമയം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട എ. സമ്പത്ത് പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലായിപ്പോഴും കേരളത്തിലുണ്ടെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഒന്നരലക്ഷം രൂപാ യാത്രാബത്തയിനത്തിൽ അനുവദിച്ചിരിക്കുന്നത്.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read