വാർത്ത

നെഞ്ചുവേദനയാൽ പുളയുമ്പോൾ വേദനസംഹാരി നൽകി വെറുതെ ഇരുത്തി; ഗ്യാസിന്റെ പ്രശ്‌നമെന്ന് പറഞ്ഞ് ഉറക്കഗുളിക നൽകി തിരിച്ചയച്ചു; ഇസിജി പോലും എടുത്തില്ല; കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിൽ 26 കാരന്റെ മരണം ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപിച്ച് ഭാര്യ

തിരുവനന്തപുരം: തന്റെ ഭർത്താവിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്ന അഭിരാമിയുടെ വീഡിയോ കണ്ടവരിൽ ഹൃദയം നുറുങ്ങാത്തവരായി ആരുമുണ്ടാകില്ല. ശാസ്താംകോട്ടയിൽ ഹൃദയാഘാതത്താൽ മരിച്ച സതീഷിന്റെ മരണത്തിനുത്തരവാദി കരുനാഗപ്പള്ളി ഗവ. ആശുപത്രിയിലെ ഡോക്ടറാണെന്ന് ആരോപിച്ചായിരുന്നു ഭാര്യ അഭിരാമി രംഗത്തെത്തിയത്. നീതി ലഭ്യമാക്കേണ്ട മറ്റ് വാതിലുകളെല്ലാം സാധാരണക്കാരായ അഭിരാമിക്കും കുടുംബത്തിനും മുന്നിൽ നിർദാക്ഷണ്യം കൊട്ടിഅടയ്ക്കപ്പെട്ടപ്പോഴാണ് നിസഹായയായ ആ പെൺകുട്ടിക്ക് തൊഴുകൈകളോടെ അധികാരികളടക്കമുള്ള പൊതുസമൂഹത്തോട് അഭ്യർത്ഥിക്കേണ്ടിവന്നത്.

ഏപ്രിൽ മൂന്നാം തീയതിയാണ് സതീഷ് (26) മരണപ്പെടുന്നത്.ഒന്നാം തീയതി രാത്രി 11 മണിക്ക് നെഞ്ചുവേദനയുമായി സതീശിനെ കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഒരു പരിശോധനയും നടത്താതെ ഡ്യൂട്ടി ഡോക്ടർ വേദനസംഹാരി ഇഞ്ചക്ഷൻ മാത്രം നൽകി സതീഷിനെ ഏറെനേരം ആശുപത്രിയിൽ വെറുതേ ഇരുത്തിയെന്ന് അഭിരാമി പരാതിപ്പെടുന്നു. സതീഷ് വേദന കൊണ്ട് കരയുമ്പോഴും ഡോക്ടർ തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് ഒരി ഉറക്കഗുളിക മാത്രം നൽകി സതീഷിനെ തിരിച്ചയച്ചു. നെഞ്ചുവേദനയുമായി പോയ രോഗിയെ ഇസിജി പോലും എടുക്കാതെ എക്സ്റേ ആണ് എടുപ്പിച്ചത്. രോഗമില്ലാത്തയാളെ ആശുപത്രിയിലെത്തിച്ചെന്ന വിധം ഡോക്ടറും നേഴ്സും ചേർന്ന് പരിഹസിച്ചെന്നും അഭിരാമി പറയുന്നു. ഇഞ്ചക്ഷൻ എടുത്തതോടെ സതീഷിന്റെ വേദന താൽക്കാലികമായി ശമിച്ചിരുന്നു.

പിറ്റെന്ന് രാവിലെ സതീഷിന് അസ്വസ്ഥതകളൊന്നുമുണ്ടായിരുന്നില്ല. വൈകുന്നേരം നാല് മണിയോടെ ചായ കുടിക്കാനിരുന്നപ്പോൾ സതീഷ് തലകറങ്ങി വീഴുകയായിരുന്നു. ഉടൻ തന്നെ അഭിരാമി സഹോദരനെ വിളിച്ചുവരുത്തി കരുനാഗപ്പള്ളി ആശുപത്രിയിലെത്തിച്ചെങ്കിലും സതീഷിനെ രക്ഷിക്കാനായില്ല. എന്നാൽ തലേന്ന് ചികിൽസയ്ക്ക് വന്നയാളാണെന്ന് അറിഞ്ഞതോടെ അവിടത്തെ ഡോക്ടർമാർ തലേന്നത്തെ ഒപി ടിക്കറ്റ് തന്ത്രത്തിൽ വാങ്ങിച്ചെടുക്കുകയായിരുന്നു. സതീഷ് മരിച്ചകാര്യം അറിഞ്ഞു കുഴഞ്ഞുവീണ അഭിരാമിയെ ശാസ്താംകോട്ട ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ എത്തിയപ്പോൾ തന്നെ ഇസിജിയും ബിപിയുമൊക്കെ പരിശോധിച്ചു. തലകറക്കം മാത്രമുള്ള തനിക്ക് ഇത്രയും ടെസ്റ്റുകൾ നടത്തി. എന്നാൽ നെഞ്ചുവേദനയോടെ കരുനാഗപ്പള്ളി ആശുപത്രിയിൽപോയ സതീഷിന് ഇതൊന്നും ചെയ്തില്ല. രണ്ടാം തീയതി ശാസ്താംകോട്ട ആശുപത്രിയിലോ മറ്റേതെങ്കിലും ആശുപത്രികളിലോ കൊണ്ടുപോയിരുന്നെങ്കിൽ സതീഷിനെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് അഭിരാമി സങ്കടത്തോടെ പറയുന്നു.

തലേദിവസം സതീഷിന്റെ ഒരു വാൽവ് പൊട്ടിയിരുന്നു. അതായിരുന്നു ആദ്യമുണ്ടായ നെഞ്ചുവേദനയ്ക്ക് കാരണം. അടിയന്തര ശസ്ത്രക്രീയ ആവശ്യമായിരുന്ന ആ സാഹചര്യത്തിൽ പ്രശ്നം കണ്ടെത്താൻ കഴിയാതെ വേദനസംഹാരിയും ഉറക്കഗുളികയും നൽകി വേദന താൽക്കാലിക ശമിപ്പിച്ചപ്പോൾ പൊട്ടിയ വാൽവിലേയ്ക്കുള്ള രക്തയോട്ടം കൂടി മറ്റ് മൂന്ന് വാൽവുകളിലേയ്ക്കായി. ഇതോടെ ആ വാൽവുകളിലുണ്ടായ അമിതസമ്മർദ്ദം മൂലം അവയും പൊട്ടുകയായിരുന്നു. അങ്ങനെയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നത്. ആദ്യത്തെ ദിവസംതന്നെ പ്രശ്നം കണ്ടെത്തിയിരുന്നെങ്കിൽ സതീഷിനെ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന വിശ്വസം അഭിരാമിക്കുണ്ട്. ആ സാധ്യത ഇല്ലാതാക്കിയത് കരുനാഗപ്പള്ളി ഗവ. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറാണ്. ആ ഡോക്ടറുടെ അനാസ്ഥയ്ക്കെതിരെയാണ് പരാതിയുമായി അഭിരാമി രംഗത്തെത്തിയിരിക്കുന്നത്.

നാലാം തീയതി ഡോക്ടർക്കെതിരെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ അഭിരാമി പരാതി നൽകിയിരുന്നു. എന്നാൽ അതിൽ തുടർനടപടികൾ ഉണ്ടാകാത്തതിനാൽ ഡിഎംഒയും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും അടക്കമുള്ളവർക്ക് അഭിരാമി പരാതി നൽകിയിരുന്നു. എന്നാൽ ആരുടെഭാഗത്ത് നിന്നും യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് അഭിരാമി പറയുന്നു. നീതി ലഭിക്കുമെന്ന് കരുതിയ ഇടങ്ങളിൽ നിന്നൊക്കെ ഉണ്ടായ അവഗണനയ്ക്കൊടുവിലാണ് അഭിരാമി ഫെയ്സ് ബുക്ക് ലൈവിൽ തന്റെ നിസഹായവസ്ഥ തുറന്നുപറയുന്നത്. അങ്ങനെയാണ് അഭിരാമിക്കുണ്ടായ നീതി നിഷേധത്തിന്റെ കഥ പുറംലോകമറിയുന്നത്.

തനിക്കിപ്പോൾ ജീവിക്കാൻ പോലും തോന്നുന്നില്ലെന്ന് അഭിരാമി പറയുന്നു. സതീഷിന് നീതി ലഭിക്കണം. അതിനായാണ് തന്റെ പോരാട്ടം. അതിൽ താൻ പരായപ്പെട്ടാൽ പിന്നെ താൻ ഉണ്ടാകില്ലെന്നും അഭിരാമി പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. കൊടൈക്കനാൽ സ്വദേശിയായ സതീഷിന്റെയും ശാസ്താംകോട്ട സ്വദേശിയായ അഭിരാമിയുടെയും വിവാഹം മൂന്ന് വർഷം മുമ്പായിരുന്നു.

MNM Recommends


Most Read