വാർത്ത

മസാല ബോണ്ട് വിവാദം: പ്രതിപക്ഷ ഇടപെടൽ ദേശദ്രോഹം; ആരോപണങ്ങൾക്ക് പിന്നിൽ അന്ധമായ വികസനവിരോധം; ബോണ്ട് എക്കാലവും ഒരാളുടെ കൈയിലാകില്ല; പ്രതിപക്ഷ നേതാവിന് കാര്യം മനസിലായിക്കാണില്ലെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: മസാല ബോണ്ട് വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ആക്രമണത്തെ പ്രതിരോധിച്ച് ധനമന്ത്രി തോമസ് ഐസക്ക്. പ്രതിപക്ഷത്തിന്റെ ഇടപെടൽ ദേശദ്രോഹമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ആരാപണങ്ങൾക്ക് പിന്നിൽ അന്ധമായ വികസനവിരോധമാണ്. ബോണ്ട് എല്ലാക്കാലവും ഒരാളുടെ കയ്യിലാകില്ല. വാങ്ങിയവർക്ക് കൈമാറാമെന്നും അദേഹം പറഞ്ഞു. ആദ്യ ബജറ്റിൽത്തന്നെ വിശദമായി മസാല ബോണ്ടിനെക്കുറിച്ചു പറയുന്നുണ്ട്. പ്രതിപക്ഷനേതാവിന് മനസിലായിക്കാണില്ലെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് വാങ്ങിയവർ ആർക്കൊക്കെ വായ്പ കൊടുക്കുന്നു എന്നന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ച് വഴിയാണ് കിഫ്ബി വായ്പ വാങ്ങുന്നത്. തെറ്റിദ്ധാരണകൾ നീക്കാൻ മാധ്യമങ്ങൾ നടത്തുന്ന ശ്രമം നല്ലകാര്യമെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

അതേസമയം, കിഫ്ബിയുടെ മസാലബോണ്ടിന് പലിശ കുറവാണെന്നു മുഖ്യമന്ത്രി പറയുന്നതു പച്ചക്കള്ളമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മറ്റു സ്ഥാപനങ്ങളുടെ ബോണ്ടുകൾക്ക് 4 മുതൽ 6 ശതമാനം വരെയാണു പലിശ. എന്നാൽ മസാല ബോണ്ടിന് 9.37% പലിശ നൽകേണ്ടിവരും. പലിശ കുറവാണെന്നു പറഞ്ഞു മുഖ്യമന്ത്രി ജനത്തെ പറ്റിക്കുകയാണ്. കിഫ്ബിയുടെ മസാല ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സർക്കാർ പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

2024 മുതൽ 25 വർഷത്തെ കാലാവധിയാണു ബോണ്ടിനെന്നാണു സർക്കാർ നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ, ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിന്റെ വെബ്സൈറ്റിൽ കാണുന്ന കാലാവധി 5 വർഷമാണ്. ഏതാണു ശരിയെന്നു സർക്കാർ പറയണം. 5 വർഷമാണു കാലാവധിയെങ്കിൽ കിഫ്ബി ഈ പണം ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ പണി തുടങ്ങുന്നതിനോ പൂർത്തിയാകുന്നതിനോ മുൻപു പണം തിരിച്ചു നൽകേണ്ടി വരും. 5 വർഷത്തേക്കാണെങ്കിൽ 1045 കോടി രൂപ പലിശ ഇനത്തിൽ മാത്രം നൽകേണ്ടി വരും. 25 വർഷമാണെങ്കിൽ പലിശ മാത്രം 5213 കോടി രൂപ നൽകണം. ഓരോ വർഷവും പലിശ 209 കോടി രൂപയാണ്. ഓരോ ലീറ്റർ ഇന്ധനവും വാങ്ങുമ്പോൾ കേരളീയർ ഒരു രൂപ കിഫ്ബിക്കു നൽകുകയാണ്. ഈ പൊതു മുതലാണു കൊള്ളപ്പലിശയ്ക്കുള്ള മസാല ബോണ്ട് വാങ്ങി ധൂർത്തടിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read