വാർത്ത

പീഡനം വേണ്ട; ചോദ്യം ചെയ്യുന്ന സമയം അഭിഭാഷകരെ അറിയിക്കുകയും വേണമെന്ന് കോടതി; മാവോയിസ്റ്റ് നേതാക്കളായ രൂപേഷും ഷൈനയും പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: അറസ്റ്റിലായ മാവോവാദി നേതാക്കളായ രൂപേഷിനേയും ഷൈനയേയും 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുതെന്നും എറണാകുളം അഡിഷനൽ സെഷൻസ് കോടതി ഉത്തരവിട്ടു. ജൂൺ രണ്ടുവരെയാണ് കസ്റ്റഡി കാലാവധി.

ഇവരെ ചോദ്യം ചെയ്യുന്ന സമയം മുൻകൂട്ടി അവരുടെ അഭിഭാഷകനെ അറിയിക്കണമെന്നും എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കി. വൈകുന്നേരം കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് കസ്റ്റഡിയിൽ വാങ്ങാം. 2007 ൽ മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റിയംഗം മല്ലരാജ റെഡ്ഢി, സുഹൃത്ത് ബീച്ച ജഗണ്ണ (സുഗുണ) എന്നിവർക്കു പെരുമ്പാവൂരിൽ ഒളിത്താവളം ഒരുക്കിയ കേസിലാണു കേരളാ പൊലീസിന്റെ ആഭ്യന്തര സുരക്ഷാ സേനാവിഭാഗം അറസ്റ്റ് രേഖപ്പെടുത്തിയത്.

രൂപേഷിനെയും ഷൈനയെയും പൊലീസ് കസ്റ്റഡിയിൽ വിടുന്നതിനെതിരെ പ്രതിഭാഗം അഭിഭാഷകൻ തുഷാർ നിർമൽ സാരഥി സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ഇന്നലെ കോടതി വാദം കേട്ടിരുന്നു. രൂപേഷും ഷൈനയും ഒളിവിലായിരുന്നില്ലെന്നു വാദിച്ച പ്രതിഭാഗം 2007 ലെ മല്ലരാജ റെഡ്ഢി കേസിൽ പൊലീസ് ഒരിക്കൽ പോലും ഇവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും ബോധിപ്പിച്ചിരുന്നു.

എന്നാൽ പൊലീസ് അന്വേഷണത്തോടു സഹകരിക്കാത്ത പ്രതികളെ ഫലപ്രദമായി ചോദ്യം ചെയ്യണമെങ്കിൽ 15 ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കണമെന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ. സജീവൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്.

MNM Recommends


Most Read