വാർത്ത

പള്ളിവികാരിയുടെ പേരിൽ ആൾമാറാട്ടം; വ്യവസായിയിൽനിന്ന് മുപ്പതുലക്ഷം തട്ടിയെടുത്ത സംഘത്തിലെ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാംപ്രതി പിടിയിൽ; തട്ടിപ്പ് നടത്തിയത് സഹവികാരി എന്ന് വിശ്വസിപ്പിച്ച്; ഒൻപത് പ്രതികളുള്ള കേസിൽ ഇനി പിടിയിലാകാനുള്ളത് ഒരാൾ കൂടി; പൊലീസ് അന്വേഷണം ഊർജിതമാക്കി

അടിമാലി: പള്ളിവികാരിയുടെ പേരിൽ ആൾമാറാട്ടം നടത്തി വ്യവസായിയിൽനിന്ന് മുപ്പതുലക്ഷം തട്ടിയെടുത്ത സംഘത്തിലെ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാംപ്രതി പിടിയിൽ. അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടൻകുടി പള്ളിപ്പാട്ട് ബേസിൽ (38) ആണ് വീടിന് സമീപത്തുനിന്ന് പിടിയിൽ. ഇയാളിൽ നിന്നും അഞ്ചര ലക്ഷം രൂപ കണ്ടെടുത്തു. ബേസിൽ പള്ളിയിലെ സഹവികാരി എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഒൻപത് പ്രതികളുള്ള കേസിൽ നാലാം പ്രതി ടോബിപാലം സ്വദേശി നിബിൽ ജോസ് (25) ഒഴികെയുള്ള മുഴുവൻ പേരും പിടിയിലായി.

കഴിഞ്ഞയാഴ്ച, കൊച്ചിയിലെ വ്യവസായിയായ രാജസ്ഥാൻ സ്വദേശിയെ, അടിമാലി കത്തോലിക്ക പള്ളി വികാരിയുടെ പള്ളിവാസലിലെ ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് അടിമാലിയിൽ വിളിച്ചുവരുത്തിയാണ് 30 ലക്ഷം രൂപ കവർന്നത്. സംഭവത്തിൽ ഇടുക്കി തോക്കുപാറ വലിയപറമ്പിൽ മജീദ് (38), അടിമാലി ദീപ്തിനഗർ കണിയാകുടിയിൽ ജോമോൻ മർക്കോസ് (30), കൊന്നത്തടി കല്ലാർകുട്ടി പുതിയപാലം വിഴുക്കപ്പാറയിൽ രാജേഷ് വിജയൻ (31), അടിമാലി പൊളിഞ്ഞപാലം ക്ലാക്കിയിൽ സോജി തോമസ് (39), പറവൂർ വടക്കേക്കര കാഞ്ഞിരത്തിങ്കൽ ജോസ് ജോയി (30), തിരുവനന്തപുരം ചിറയിൻകീഴ് ചൂട്ടയിൽ എ.കെ. മൻസിൽ ഫൈസൽ നാസർ (33), എറണാകുളം കളമശ്ശേരി കല്ലേത്ത് നൗഫൽ മൊയ്തീൻ (44) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.

സിഐ. പി.കെ.സാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്നാറിലും മറ്റ് പരിസരപ്രദേശങ്ങളിലും റിസോർട്ട്, ഫാമുകൾ തുടങ്ങിയവ വിൽക്കാനുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് പണം തട്ടുന്ന കേസുകൾ നിരവധിയാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് . എന്നാൽ, ക്വട്ടേഷൻ സംഘങ്ങളും കള്ളനോട്ട് നോട്ട് സംഘങ്ങളും നടത്തുന്ന ഇത്തരം തട്ടിപ്പിൽ നിരവധി പേരാണ് കുടുങ്ങുന്നതും. ഇവരെ വിളിച്ച് വരുത്തിയ ശേഷം അക്രമിച്ച് പണം തട്ടുന്നതാണ് ഇവരുടെ സ്ഥിരം രീതി. രാജസ്ഥാൻ സ്വദേശിയായ ഇയാളുടെ പണം തട്ടിയതും ഇത്തരത്തിലുള്ള ​ഗുണ്ടാ സംഘത്തിന്റെ പദ്ധതി പ്രകാരമായിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read