വാർത്ത

ചിലർക്ക് ചുവപ്പു കണ്ടാൽ അസ്വസ്ഥത; രക്തസാക്ഷികളെ അനുസ്മരിച്ചത് ചിലർ എന്തോ വലിയ അപരാധമായി കാണുന്നു; ആട് അങ്ങാടി കണ്ടത് പോലെ രക്തസാക്ഷി അനുസ്മരണവും പ്രമേയവും ചിലർക്ക് മനസ്സിലാക്കില്ല: പൊലീസ് അസോസിയേഷൻ സമ്മേളന വിവാദങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാന പൊലീസ് അസോസിയേഷൻ സമ്മേളനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രക്തസാക്ഷികളെ അനുസ്മരിച്ചത് തെറ്റായി കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചിലർ എന്തോ വലിയ അപരാധമായി കാണുകയാണെന്നും ചിലർക്ക് ചുവപ്പ് കണ്ടാൽ വിഷമമാണെന്നും അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ വിവാദത്തിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിൽ അടിസ്ഥാനപരമായി വലിയ കഴമ്പില്ല എന്നാണ് മനസ്സിലായത്. വിവാദം ഉണ്ടാക്കുന്നവർക്ക് വിവാദത്തിലെ താൽപര്യമുള്ളൂ. വസ്തുതയിൽ താൽപ്പര്യമില്ല. യൂനിഫോമിൽ ആണെങ്കിൽ മാത്രമേ നിശ്ചിത വേഷം വേണ്ടതുള്ളൂ. അല്ലെങ്കിൽ ഇഷ്ടമുള്ള വേഷം ധരിക്കാം. ചുവപ്പുകണ്ട കാളയെ പോലെ എന്ന് പറഞ്ഞത് പോലെ ചിലർക്ക് ആ നിറം കണ്ടാൽ അസ്വസ്തതയുണ്ടാകും. രക്തസാക്ഷി അനുസ്മരണം തുടക്കം മുതലേ ഉണ്ടായിരുന്നതാണ്.

ആട് അങ്ങാടി കണ്ടത് പോലെ രക്തസാക്ഷി അനുസ്മരണവും പ്രമേയവും ചിലർക്ക് മനസ്സിലാക്കില്ല. നേരത്തെ അസോസിയേഷൻ നേതാക്കൾ തെറ്റ് ചെയ്തപ്പോൾ ഭവിഷ്യത്തുണ്ടായില്ല. അന്ന് സംരക്ഷിക്കാനാളുണ്ടായിരുന്നു. അവർ മാത്രമല്ല സംരക്ഷിച്ചവരും കുറ്റക്കാരാണ്. അതൊന്നും ആരും കാണില്ല. വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് നിക്ഷിപ്ത താൽപര്യമുണ്ടെന്നും - പിണറായി പറഞ്ഞു.

പൊലീസ് സേനയിൽ കൃത്യമായ പ്രൊഫഷണൽ സമീപനം ഉണ്ടാക്കേണ്ടതുണ്ട്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. ആരായാലും എത്ര വലിയ ആളായാലും നടപടിയുമായി മുന്നോട്ടു പോകും. ക്രമസമാധാന പാലനം ആകെ തകരാറിലാക്കാനായ നീക്കമുണ്ടായി. അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ നീക്കാനുള്ള ശ്രമമാണ് നടന്നത്. ഹർത്താലിൽ കാര്യങ്ങൾ നിർത്താനായിരുന്നില്ല ആലോചിച്ചത്. നാടിനെ കലാപത്തിലേക്ക് എത്തിക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ പ്രവർത്തനത്തിലെ കാലോചിതമായ മാറ്റം ഒഴിച്ച് കൂടാനാകത്തതാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് ഒറ്റപ്പെട്ടതാണെങ്കിലും തെറ്റായ കാര്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത കാണിക്കണം. ചിലർ വരുത്തുന്ന അപഭ്രംശം ആക്ഷേപിക്കുന്ന പരാമർശങ്ങൾ ഇവയൊന്നും സേനക്കുള്ളിൽ പാടില്ലാത്തതാണ്. ആരെങ്കിലും നിയമവിരുദ്ധ പ്രർത്തനം നടത്തിയാൽ അത് അംഗീകരിക്കില്ല. അവർക്കെതിരെ നടപടിയെടുക്കുന്നതിന് സ്ഥാനവും പദവിയും നോക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

MNM Recommends


Most Read