വാർത്ത

പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സ അധികം നീളില്ല; പി ജയരാജനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും; ഡിസ്ചാർജ്ജ് വേണമെന്ന് ജയിൽ സുപ്രണ്ട്

കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡ് ചെയ്യപ്പെട്ട് പരിയാരം സഹകരണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന സിപിഐ(എം) സംസ്ഥാന സമിതി അംഗം പി.ജയരാജനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. റിമാൻഡിൽ കഴിയുന്ന പ്രതിക്ക് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ അനുവദിക്കുന്നത് ജയിൽ നിയമങ്ങൾക്ക് വിരുദ്ധമായതിനാലാണ് ഈ തീരുമാനം. ഹൃദയസംബന്ധമായ അസുഖമുള്ള ജയരാജനെ വെള്ളിയാഴ്ചയാണ് തുടർ ചികിത്സകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജയരാജന്റെ, പരിയാരത്തെ ചികിത്സാ രേഖകൾ ഡോക്ടർമാർ കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറിയിട്ടുണ്ട്. ഡോക്ടർമാർ പരിയാരത്ത് ജയരാജനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ചർച്ചയും നടത്തി. ഇന്നു തന്നെ ജയരാജനെ കോഴിക്കോടേക്ക് മാറ്റുമെന്നാണ് അറിയുന്നത്.

ജയരാജനെ ചികിത്സിക്കുന്ന പരിയാരം സഹകരണ ഹൃദയാലയയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. എസ്. എം. അഷ്‌റഫിന് സിബിഐ ഡിവൈ. എസ്‌പി ഹരി ഓംപ്രകാശ് നോട്ടീസ് നൽകി. മുഴുവൻ ചികിത്സാ രേഖകളുമായി നാളെ രാവിലെ 11 നു തലശ്ശേരിയിലെ സിബിഐ ക്യാമ്പ് ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. ജയരാജന്റെ ചികിത്സാവിവരം വ്യക്തമാക്കുന്ന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ടും ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച സൗകര്യങ്ങളോടു കൂടിയ മുറി വേണമെന്ന് ജയരാജൻ ആഴശ്യപ്പെട്ടിരുന്ു. എന്നാൽ ഈ ആവശ്യം ജയിലധികൃതർ അംഗീകരിച്ചില്ല. കോടതിയിൽ കീഴടങ്ങുന്നതിനു മുമ്പ് അദ്ദേഹം പരിയാരം സഹകരണ ഹൃദയാലയിലെ എട്ടാം നിലയിലെ 810 ാം നമ്പർ എക്‌സിക്യൂട്ടീവ് സ്‌പെഷൽ വാർഡിലായിരുന്നു കഴിഞ്ഞിരുന്നത്.

കോടതി മാർച്ച് 11 വരെ റിമാൻഡ് ചെയ്ത ജയരാജനെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം പരിയാരം സഹകരണ ഹൃദയാലയിലെ സി.സി.യുവിലാണു പ്രവേശിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ ഹൃദയാലയിലെ ബി ബ്ലോക്കിലെ മുറിയിലേക്കു മാറ്റി. എന്നാൽ 810 ാം നമ്പർ മുറിയിലേക്ക് മാറ്റണമെന്നായിരുന്നു ജയരാജന്റെ ആവശ്യം. എന്നാൽ ജയിൽചട്ടം അനുസരിച്ച് ഇത് അനുവദിക്കാനാവില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.

ജില്ലാ ആശുപത്രിയിൽ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ടാണു പി. ജയരാജനു പരിയാരത്തേക്കു തന്നെ തിരിച്ചെത്താൻ അവസരമൊരുക്കിയത്. സാധാരണ റിമാൻഡിലായ പ്രതികളെ വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് അയയ്ക്കുക. എന്നാൽ ജയരാജനെ പരിശോധിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടർ തൊട്ടടുത്ത ഹുദയ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണു ജില്ലാ ആശുപത്രിയുടെ റഫറൽ ആശുപത്രിയായ പരിയാരത്തേക്ക് ജയരാജൻ എത്തിയത്.

പി. ജയരാജനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള തീവ്രശ്രമത്തിലാണു കതിരൂർ മനോജ് വധക്കേസ് അന്വേഷിക്കുന്ന സിബിഐ. സംഘം. ജയരാജനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് 90 ദിവസം കൊണ്ട് അന്തിമ കുറ്റപത്രം സമർപ്പിക്കാനാണു സിബിഐ. നീക്കം.

MNM Recommends


Most Read